ഫിഫ ലോകകപ്പ് യോഗ്യത: അര്‍ജന്റീന, ബ്രസീല്‍ കളത്തില്‍
ബുവാനോസ് ആരിസ്: 2026 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ മത്സരങ്ങളുടെ അഞ്ചാം റൗണ്ടിന് വന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഇറങ്ങും. നാലു ജയവുമായി ഒന്നാം സ്ഥാനത്തു തുടരുന്ന അര്‍ജന്റീന രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വെയെ നേരിടും. ഇന്ത്യന്‍ സമയം നാളെ രാവിലെ 5.30നാണ് മത്സരം. ഖത്തര്‍ ലോകകപ്പിലെ പുറത്താകലിനുശേഷം മികവിലെത്താന്‍ ബുദ്ധിമുട്ടുന്ന ബ്രസീല്‍ എവേ മത്സരത്തില്‍ കൊളംബിയയെ നേരിടും. രണ്ടു ജയവും ഒരു സമനിലയുമുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്താണ്. കൊളംബിയ നാലാമതും. ബ്രസീല്‍ -കൊളംബിയ മത്സരവും ഇന്ത്യന്‍ സമയം നാളെ രാവിലെ 5.30നാണ്.
എട്ടാം ബലോണ്‍ ദോര്‍ നേടിക്കഴിഞ്ഞ് നായകന് ലയണല്‍ മെസി സ്വന്തം കാണികളുടെ മുന്നില്‍ കളിക്കാനൊരുങ്ങുകയാണ്. ലൂയിസ് സുവാരസ് തിരിച്ചെത്തുന്നത് ഉറുഗ്വെന്‍ ടീമിന്റെ മുന്നേറ്റത്തിനു കരുത്ത് പകരും. ബ്രസീലിനാണെങ്കില്‍ യുവതാരങ്ങളുടെ മികവിലാണ് പ്രതീക്ഷകള്‍. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാത്തത് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ബ്രസീലിനു തിരിച്ചടിയാണ്.
Source link