ബ്ലഡി സ്വീറ്റ്
മുംബൈ: കിവികളുടെ പോരാട്ടത്തിൽ ശ്വാസം മുട്ടിയെങ്കിലും ജീവൻവെടിയാതെ ടീം ഇന്ത്യ ഐസിസി 2023 ഏകദിന ലോകകപ്പ് കലാശപ്പോരിന്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ ആധികാരിക പ്രകടനംകണ്ട് മയങ്ങിയ ആരാധകരുടെ കണ്ണുതള്ളിക്കുന്ന പ്രകടനവുമായി കിവികൾ പോരാടിയപ്പോൾ ശ്വാസം പിടിച്ചിരിക്കേണ്ടി വന്നെങ്കിലും, അവസാന ചിരി രോഹിത്തിന്റെയും ഇന്ത്യൻ ആരാധകരുടേതുമായി. സെമിയിൽ ന്യൂസിലൻഡിനെ 70 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. 9.5 ഓവറിൽ 57 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് കിവീസിന്റെ നടുവൊടിച്ചത്. ഷമിയാണു കളിയിയിലെ താരവും. സ്കോർ: ഇന്ത്യ 50 ഓവറിൽ 397/4. ന്യൂസിലൻഡ് 48.5 ഓവറില്‍ 327. റിക്കാർഡ് ശ്രേയസ് വിരാട് കോഹ്ലിയുടെ 50-ാം ഏകദിന സെഞ്ചുറിക്കൊപ്പം ശ്രേയസ് അയ്യറിന്റെ ശതകവുമാണ് ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത, ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 113 പന്തിൽ രണ്ട് സിക്സും ഒന്‍പത് ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ 50-ാം ഏകദിന സെഞ്ചുറി ഇന്നിംഗ്സ്. എട്ട് സിക്സും നാല് ഫോറും അടക്കം 105 റണ്‍സ് ശ്രേയസ് അയ്യറും അടിച്ചുകൂട്ടി. ഈ ലോകകപ്പിൽ ശ്രേയസ് അയ്യറിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ്. 67 പന്തിൽ ശ്രേയസ് സെഞ്ചുറിയിലെത്തി. ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിൽ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയും (29 പന്തിൽ 47) ശുഭ്മാൻ ഗില്ലും (66 പന്തിൽ 80 നോട്ടൗട്ട്) ആദ്യ വിക്കറ്റിൽ 8.2 ഓവറിൽ 71 റണ്‍സ് അടിച്ചെടുത്തു. കോഹ്ലി- ഗിൽ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 86 പന്തിൽ 93 റണ്‍സ് എടുത്തുനിൽക്കുന്പോൾ പേശിവലിവിനെത്തുടർന്ന് ഗിൽ മൈതാനംവിട്ടു. തുടർന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യർ കോഹ്ലിക്ക് ഒപ്പം ചേർന്ന് പോരാട്ടം നയിച്ചു. 128 പന്തിൽ 163 റണ്‍സ് മൂന്നാം വിക്കറ്റിൽ ഇവർ നേടി. കെ.എൽ. രാഹുലും (20 പന്തിൽ 39 നോട്ടൗട്ട്) മികച്ച പ്രകടനം കാഴ്ചവച്ചു. സൂര്യകുമാർ (രണ്ട് പന്തിൽ ഒന്ന്) പുറത്തായതോടെ ശുഭ്മാൻ ഗിൽ ക്രീസിൽ മടങ്ങിയെത്തി. തിരിച്ചെത്തിയ ഗില്ലിന് ഒരു പന്തിൽ ഒരു റണ്‍ മാത്രമാണ് എടുക്കാൻ സാധിച്ചത്. മിച്ചൽ സെഞ്ചുറി
ലീഗ് റൗണ്ടിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടിയപ്പോൾ സെഞ്ചുറിയുമായി കിവീസ് പോരാട്ടം നയിച്ച ഡാരെൽ മിച്ചൽ ഇന്നലെയും മൂന്നക്കം കണ്ടു. ഡിവോണ്‍ കോണ്‍വെ (13), രചിൻ രവീന്ദ്ര (13) എന്നിവർ 39 റണ്‍സിനിടെ പുറത്തായതിനുശേഷമായിരുന്നു മിച്ചലിന്റെ പോരാട്ടം. ക്യാപ്റ്റൻ കെയ്ൻ വില്യംസണും (73 പന്തിൽ 69) ഡാരെൽ മിച്ചലും (119 പന്തിൽ 134) ചേർന്ന് മൂന്നാം വിക്കറ്റിൽ 149 പന്തിൽ 181 റണ്‍സ് നേടി. ഈ കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഏറ്റവും ഭീഷണിയായത്. വില്യംസണിനെ മടക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് ആശ്വാസമേകി. ടോം ലാഥവും (0) ഷമിക്കു മുന്നിൽ കീഴടക്കി. ഗ്ലെൻ ഫിലിപ്പ്സ് (33 പന്തിൽ 41) സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ജസ്പ്രീത് ബുംറയ്ക്ക് മുന്നിൽ വീണു. ഷമി @ 50 ഡാരെൽ മിച്ചലിനെ വീഴ്ത്തി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് തികച്ചു. ഈ ലോകകപ്പിൽ ഷമിയുടെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണ്. ലോകകപ്പ് നോക്കൗട്ടിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഷമി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും (4) കൂടുതൽ അഞ്ച് വിക്കറ്റ് എന്ന റിക്കാർഡും ഷമി സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. അതിവേഗത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന ലോക റിക്കാർഡും (17 മത്സരം) ഷമി സ്വന്തം പേരിനൊപ്പം ചേർത്തു. പിച്ചിൽ വിവാദം ലോകകപ്പ് സെമി പോരാട്ടങ്ങളിൽ പുതിയ പിച്ച് ഉപയോഗിക്കണമെന്ന കാരണം ചൂണ്ടിക്കാണിച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് മത്സരത്തിനു മുന്‍പ് പ്രശ്നം ഉണ്ടാക്കി. വാങ്കഡെയിലെ ഏഴാം നന്പർ പിച്ച് സെമിക്ക് ഉപയോഗിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം ലീഗ് റൗണ്ടിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടിയ പിച്ചിലേക്ക് മത്സരം മാറ്റി. സംഭവം വിവാദമായതോടെ ഐസിസിയുടെ അറിവോടെയാണ് പിച്ച് മാറ്റിയതെന്ന സ്ഥിരീകരണമെത്തി. 2019 ഏകദിന ലോകകപ്പ് സെമിയിൽ ലീഗ് റൗണ്ടിൽ മത്സരം നടക്കാത്ത പിച്ചിലായിരുന്നു പോരാട്ടം. എന്നാൽ, 2022 ട്വന്റി-20 ലോകകപ്പ് സെമി ലീഗ് റൗണ്ടിൽ ഉപയോഗിച്ച പിച്ചിലായിരുന്നു കളി.
Source link