ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ നാലാം നന്പറിൽ ആരെന്ന ചോദ്യത്തിന് ശ്രേയസ് അയ്യരിലൂടെ ഉത്തരം ലഭിച്ചിരിക്കുകയാണ്. ഈ സ്ഥാനത്തേക്കു പലരെയും പരീക്ഷിച്ചെങ്കിലും ഇവയൊന്നും വിജയിച്ചില്ല. ഈ സ്ഥാനത്തേക്ക് അയ്യർതന്നെ മതിയെന്നു സെലക്ടർമാർ ഉറപ്പിക്കുകയായിരുന്നു. 2017 നവംബറിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിലാണ് അയ്യർക്ക് ആദ്യമായി ഏകദിന ടീമിലേക്കു വിളി വരുന്നത്. ടീമിൽ അവസരം ലഭിച്ചപ്പോഴൊക്കെ ശരിയായി വിനിയോഗിക്കുകയും ചെയ്തു. ഇതിനിടെ പരിക്കുകൾ വേട്ടയാടി. ഈ വർഷം ആദ്യം പുറത്തിനേറ്റ പരിക്ക് കരിയർ അവസാനിപ്പിക്കാവുന്ന വിധത്തിൽ ഗുരുതരമായിരുന്നു. ഇതിനോടെല്ലാം പടവെട്ടിയാണ് അയ്യർ ലോകകപ്പ് ടീമിലെത്തിയത്. ഫോമിലുണ്ടായിരുന്ന പലരെയും പരിഗണിക്കാതെ അയ്യരെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതു വിവാദമായിരുന്നു. വിമർശനങ്ങളെല്ലാം കാറ്റിൽപ്പറത്തി ശ്രേയസ് ടീമിന്റെ മധ്യനിരയിലെ നെടുംതൂണായിരിക്കുകയാണ്. ഐസിസി 2023 ഏകദിന ലോകകപ്പ് ലീഗ് പോരാട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരേ പുറത്താകാതെ 94 പന്തിൽ 128 റണ്‍സ് നേടിയ അയ്യർ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടി. ലീഗ് ഘട്ടത്തിൽ ഇന്ത്യക്കായി ഒന്‍പത് മത്സരങ്ങളിൽ ഒന്‍പത് ഇന്നിംഗ്സിലും ബാറ്റ് ചെയ്ത് മൂന്നു ബാറ്റർമാരിൽ ഒരാളാണ് ശ്രേയസ് അയ്യർ. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരാണു മറ്റുള്ളവർ. ഒരു സെഞ്ചുറി, മൂന്ന് അർധ സെഞ്ചുറി ഉൾപ്പെടെ 421 റണ്‍സാണ് അയ്യർ നേടിയത്. ഈ ലോകകപ്പിൽ 70.16 ശരാശരിയും 106.58 സ്ട്രൈക്ക് റേറ്റുമുണ്ട്, മൂന്നു തവണ നോട്ടൗട്ടായി. ഈ വർഷം ആദ്യം ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന പരന്പര പൂർത്തിയായശേഷമാണു പുറം വേദന അയ്യരെ വീണ്ടും പിടികൂടുന്നത്. ബോർഡർ-ഗാവസ്കർ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന അയ്യരോട് മുൻകരുതൽ എന്ന നിലയിൽ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്കു പോകാൻ നിർദേശിച്ചു.
പരിക്ക് ഭേദമാകാൻ ദീർഘനാളത്തെ വിശ്രമം വേണ്ടിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ നാഗ്പുർ ടെസ്റ്റിൽനിന്ന് ഒഴിവാക്കി. എന്നാൽ ഡൽഹി, ഇൻഡോർ ടെസ്റ്റിൽ കളിച്ചു. പരിക്ക് വീണ്ടും തലപൊക്കിയതോടെ പരന്പരയിലെ അവസാന മത്സരത്തിൽനിന്ന് ഒഴിവാക്കി. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിന പരന്പരയിലും ഐപിഎലിന്റെ ആദ്യ പകുതിയിലും അയ്യരെ ഉൾപ്പെടുത്തിയില്ല. പുറംവേദനയ്ക്കു ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചതോടെ താരത്തിന് ഐപിഎൽ മത്സരങ്ങളും ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനലും നഷ്ടമായി. ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരുകയായിരുന്ന അയ്യർക്കു വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള എല്ലാ മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്നു. ഈ സമയത്ത് അയ്യർ നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുകയും ശരീരികക്ഷമത കൈവരിക്കുന്നതിനുള്ള പരിശീലനത്തിലുമായിരുന്നു. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന അയ്യർ രണ്ടു മത്സരങ്ങളിൽ കളിച്ചു. എന്നാൽ, സൂപ്പർ ഫോർ ഘട്ടത്തിൽ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിനു മുന്‍പ് നടന്ന പതിവ് വാംഅപ്പിനിടെ പുറത്ത് പേശി വലിവ് നേരിട്ടതിനെത്തുടർന്ന് ആ മത്സരത്തിൽ ഉൾപ്പെടുത്തിയില്ല. മുൻകരുതലെന്ന നിലയിൽ ശേഷിക്കുന്ന മത്സരങ്ങളിൽനിന്നും മാറ്റിനിർത്തി. നാലു ദിവസത്തിനുശേഷം നെറ്റ്സിൽ ഒരു ബുദ്ധിമുട്ടും കൂടാതെ ബാറ്റിംഗ് പരിശീലനം നടത്താൻ സാധിച്ചു. സെപ്റ്റംബർ 24ന് ഓസ്ട്രേലിയയ്ക്കെതിരേ ഇൻഡോറിൽ നടന്ന രണ്ടാം ഏകദിനത്തിൽ 90 പന്തിൽ 105 റണ്‍സ് നേടി. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ വലിയ സ്കോറുകൾ നേടാനാവാത്തതിൽ വിമർശനം ഏറ്റുവാങ്ങിയ അയ്യർ ശക്തമായിത്തന്നെ തിരിച്ചെത്തി. മൂന്ന് അർധ സെഞ്ചുറിക്കുശേഷം ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ സെഞ്ചുറിയുമായി വിമർശകരുടെ വായടപ്പിച്ചു.
Source link