ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന തരത്തിൽ സംഘടിപ്പിക്കുന്നത് ഇതു മൂന്നാം തവണയാണ്. ആതിഥേയരായ ഇന്ത്യ ലീഗ് ഘട്ടത്തിലെ ആദ്യ എട്ടു മത്സരങ്ങളിൽ എട്ടും ജയിച്ചു. ഈ ഫോർമാറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. ഇന്ത്യൻ ടീമിന്റെ വിജയക്കുതിപ്പിനു പിന്നിലെ കാരണങ്ങളെക്കുറിച്ച്… സൂപ്പർഹിറ്റ് തുടക്കം ഏകദിന ടീമിന്റെ ക്യാപ്റ്റൻ പദവി ഏറ്റെടുത്തശേഷം രോഹിത് ശർമയുടെ നിലപാട് വ്യക്തമാണ്; തകർപ്പൻ തുടക്കം സമ്മാനിക്കുക. ടോപ് ഓർഡർ ബാറ്റർമാർ സ്വാതന്ത്രത്തോടെ കളിക്കണമെന്നാണു രോഹിത്തിന്റെ പക്ഷം. മിന്നും തുടക്കത്തിലൂടെ രോഹിത് പിന്നാലെ വരുന്ന ബാറ്റർമാർക്കു കളമൊരുക്കും. ലോകകപ്പിൽ രോഹിത്തിന്റെ ഈ ശൈലി പരകോടിയിലെത്തിയെങ്കിലും, മുൻ വർഷങ്ങളിലാണ് രോഹിത് ഈ രീതി വികസിപ്പിച്ചെടുത്തതെന്നു കാണാം. ഓപ്പണിംഗിൽ മെല്ലെത്തുടങ്ങി കത്തിക്കയറുന്ന ശൈലിയാണു മുന്‍പു രോഹിത് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ആദ്യ പന്തു മുതൽ ആക്രമണമാണു മുംബൈ താരത്തിന്റെ നയം. പവര്‍പ്ലേ ബൗളിംഗ് ബാറ്റർമാർക്ക് റണ്ണടിക്കാൻ കഴിയുന്ന തരത്തിലാണ് ആദ്യത്തെ പത്തോവറിൽ ഫീൽഡർമാരുടെ വിന്യാസം. ഈ ലോകകപ്പിൽ 1.5 വിക്കറ്റ് നഷ്ടത്തിൽ 54 റണ്‍ ശരാശരിയിൽ ടീമുകൾ പവർപ്ലേയിൽ സ്കോർ ചെയ്തു. ഇവിടെ, ഇന്ത്യയുടെ കാര്യം വ്യത്യസ്തമാണ്. ബാറ്റർമാർക്ക് ശ്വാസംവിടാൻ ഇന്ത്യൻ ബൗളിംഗ് സംഘം അവസരം നൽകാറില്ല. 4.07 റണ്‍സാണ് പവർപ്ലേയിൽ ഇന്ത്യയുടെ ബൗളിംഗ് ശരാശരി. അതായത്, ആദ്യ പത്തോവറിൽ വിട്ടുനൽകിയത് ശരാശരി 40 റണ്‍സ് മാത്രം.
മധ്യ ഓവർ ബൗളിംഗ് രണ്ടു സ്പെഷലിസ്റ്റ് സ്പിന്നർമാരാണ് ഇന്ത്യൻ ടീമിലുള്ളത്- കുൽദീപ് യാദവും രവീന്ദ്ര ജഡേജയും. പിച്ചിന്റെ സാഹചര്യങ്ങൾ മനസിലാക്കി, ഉപദ്വീപിൽ വെള്ളപ്പന്തിൽ ഇത്രയും മികവിൽ പന്തെറിയുന്ന സ്പിന്നർമാർ നിലവിൽ ലോകകപ്പ് കളിക്കുന്നില്ല. മധ്യ ഓവറുകളിൽ ഇവർ എതിർ ബാറ്റിംഗിനെ വരിഞ്ഞുമുറുക്കും. പവർപ്ലേയിൽ സീമർമാര്‍ അഴിച്ചുവിടുന്ന ആക്രമണത്തിന്റെ ശ്വാസമുട്ടലിൽനിന്ന് മുക്തരാകാൻ കുൽദീപും ജഡേജയും എതിർ ബാറ്റർമാർക്ക് അവസരം നൽകുന്നില്ല. ന്യൂസിലൻഡിനെതിരായ മത്സരം ഉദാഹരണമായെടുത്താൽ, കുൽദീപും ജഡേജയും ചേർന്നാണ് കിവീസ് ബാറ്റർമാർക്കുമേൽ സമ്മർദം കടുപ്പിച്ചത്. മധ്യ ഓവറുകളിൽ ഇവർ സൃഷ്ടിക്കുന്ന സമ്മർദം, സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ഡെത്ത് ഓവറുകളിലേക്കു കരുതിവയ്ക്കാൻ ക്യാപ്റ്റൻ രോഹിത്തിനു ധൈര്യം നൽകും. ബൂം ബൂം… ജസ്പ്രീത് ബുംറയുടെ തീ പാറും പന്തുകളാണ് ഇന്ത്യൻ ബൗളിംഗിന്റെ ഹൈലൈറ്റ്. ബുംറയുടെ പന്ത് ഒഴിവാക്കാനാണ് ഈ ലോകകപ്പിലെ മിക്ക ബാറ്റർമാരും ശ്രമിച്ചത്. ലോകകപ്പിൽ ബുംറയെറിഞ്ഞ 383 പന്തുകളിൽ 268 എണ്ണവും ഡോട്ട് ബോളുകളാണ്. ആദ്യ 10 ഓവറിലും ഡെത്ത് ഓവറുകളിലും എതിർ ടീമിന്റെ റണ്‍റേറ്റ് കുറയാൻ കാരണം ബുംറയുടെ ഈ പന്തുകളാണ്. അഞ്ചു മെയ്ഡൻ ഓവറുകളും ബുംറയുടേതായുണ്ട്. ബുംറയെ കളിക്കാതെ വിടുന്നവർ മറ്റു ബൗളർമാരിൽനിന്ന് റണ്‍ നേടാൻ ശ്രമിക്കുന്നു. ഇതോടെ അവർക്കു വിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടും. ലോകകപ്പിൽ എല്ലാ മത്സരങ്ങളും കളിച്ച ബൗളർമാരിൽ മികച്ച ഇക്കോണമിയുള്ളതും ബുംറയ്ക്കാണ് (3.65).
Source link