ഹാർദിക്കിന് വിശ്രമം
ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ പരിക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരന്പരയും നഷ്ടമായേക്കും. പരിക്കു ഭേദമായെങ്കിലും വിശ്രമം ആവശ്യമുള്ളതിനാൽ ഓസ്ട്രേലിയൻ പരന്പരയിൽനിന്നു ഹാർദിക്കിനെ ഒഴിവാക്കുമെന്നാണു സൂചന. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണു ഹാർദിക്കിന്റെ ഇടതു കണങ്കാലിനു പരിക്കേറ്റത്. പിന്നാലെ, ലോകകപ്പിൽനിന്ന് ഹാർദിക് പുറത്തായിരുന്നു. മുതിർന്ന താരങ്ങൾക്കു വിശ്രമം അനുവദിച്ചതിനാൽ ഹാർദിക്കിനെയാണു പരന്പരയിൽ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്. ഹാർദിക്കിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവ് ടീമിനെ നയിച്ചേക്കും. ലോകകപ്പ് സെമി മത്സരങ്ങൾക്കുശേഷം ടീമിനെ പ്രഖ്യാപിക്കും. അഞ്ചു മത്സരങ്ങളടങ്ങുന്ന പരന്പര നവംബർ 23നാണ് ആരംഭിക്കുക.
മലയാളി താരം സഞ്ജു സാംസണ് പരന്പരയിലൂടെ ടീമിലേക്കു തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ടീമിൽ ഇടംനേടാനായാൽ സ്വന്തം നാട്ടിൽ കളത്തിലിറങ്ങാനുള്ള അവസരവും സഞ്ജുവിനു ലഭിക്കും. 26നു നടക്കുന്ന രണ്ടാം മത്സരത്തിനു വേദിയാകുന്നതു കാര്യവട്ടത്തെ സ്റ്റേഡിയമാണ്.
Source link