സെമിയൊരുക്കം

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പിൽ ജയത്തോടെ ദക്ഷിണാഫ്രിക്ക ലീഗ് റൗണ്ട് പൂർത്തിയാക്കി. അവസാന റൗണ്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റുകൾക്ക് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു. സ്കോർ അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 244. ദക്ഷിണാഫ്രിക്ക 47.3 ഓവറിൽ 247/5. ടോസ് നേടി ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 97 റണ്‍സുമായി പുറത്താകാതെനിന്ന അസ്മത്തുള്ള ഒമർസായിയുടെ പോരാട്ടമാണു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വിക്കറ്റ് നഷ്ടപ്പെടാതെ 41 എന്ന നിലയിൽനിന്ന് 116/6 എന്ന നിലയിലേക്ക് പൊടുന്നനെ അഫ്ഗാൻ വീണു. ഒരുവശത്ത് വിക്കറ്റുകൾ കൊഴിയുന്പോഴും അസ്മത്തുള്ള പിടിച്ചുനിന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്കോർ 200 കടത്തി. നൂർ അഹമ്മദ് (26), റഷീദ് ഖാൻ (14) എന്നിവർ പിന്തുണ നൽകി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോറ്റ്സീ നാലു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ, അനായാസജയം മോഹിച്ചെത്തിയ ദക്ഷിണാഫ്രിക്ക പക്ഷേ, കരുതലോടെയാണ് കളിച്ചത്. ക്വിന്റണ്‍ ഡി കോക്ക് (41)- ടെംബ ബവുമ (23) സഖ്യം 64 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും പുറത്തായശേഷം റാസി വാൻഡെർ ഡുസൻ (76 നോട്ടൗട്ട്), ആൻഡിൽ ഫെലുക്വായോ (39 നോട്ടൗട്ട്) എന്നിവർ ചേർന്ന് ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചു.
Source link