പാക്കിസ്ഥാൻ ഇന്ന് ഇംഗ്ലണ്ടിനെതിരേ
കോൽക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ സെമി ഫൈനൽ നടക്കുമോ? ഇന്നറിയാം. അതിനു പക്ഷേ, അദ്ഭുതങ്ങൾ സംഭവിക്കണം. അഞ്ചാം സ്ഥാനക്കാരായ പാക്കിസ്ഥാന്റെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടാണ് എതിരാളി. ഉച്ചയ്ക്കു രണ്ടു മുതൽ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം.സെമി ഫൈനൽ യോഗ്യത നേടാൻ പാക്കിസ്ഥാനു മുന്നിൽ വൻ കടന്പകളാണുള്ളത്. ടോസ് നഷ്ടപ്പെട്ട് ബൗൾ ചെയ്യേണ്ടിവന്നാൽ കളിക്കുമുന്പുതന്നെ സെമിയിലേക്കുള്ള വഴിയടയും. ആദ്യം ബാറ്റ് ചെയ്താൽതന്നെ അദ്ഭുതജയം നേടണമെന്ന സ്ഥിതിയിലാണു പാക്കിസ്ഥാൻ. റണ്‍റേറ്റ് കടമ്പ ന്യൂസിലൻഡിന്റെ റണ്‍റേറ്റ് മറികടന്ന് നാലാം സ്ഥാനത്തെത്തിയാലേ പാക്കിസ്ഥാനു സെമി പ്രതീക്ഷയുള്ളൂ. ഒന്‍പത് കളിയിൽ 10 പോയിന്റുമായി നാലാമതുള്ള ന്യൂസിലൻഡിന് +0.743 ആണ് റണ്‍റേറ്റ്. പാക്കിസ്ഥാന്റേത് എട്ടു കളിയിൽ എട്ടു പോയിന്റുമായി +0.036ഉം. കിവീസിന്റെ റണ്‍റേറ്റ് മറികടക്കാൻ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ 287 റണ്‍സിനു തോൽപ്പിക്കണം. രണ്ടാമത് ബാറ്റ് ചെയ്താൽ 3.4 ഓവറിൽ 150 റണ്‍സ് ചേസ് ചെയ്യണം. ഇത് അസാധ്യമാണ്. മറുവശത്തുള്ള ഇംഗ്ലണ്ടിനാണെങ്കിൽ ഈ മത്സരം ജയിച്ചേ പറ്റൂ. തുടർച്ചയായ അഞ്ചു തോൽവികൾക്കുശേഷം നെതർലൻഡ്സിനെതിരേ കഴിഞ്ഞ കളിയിൽ ജയിച്ച ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തെത്തി. ഈ സ്ഥാനത്തു തുടർന്നാൽ മാത്രമേ നിലവിലെ ലോകകപ്പ് ജേതാക്കൾക്കു ചാന്പ്യൻസ് ലീഗ് യോഗ്യത ലഭിക്കൂ.
പ്രകടനം ശരാശരി പരിക്കു ഭേദമായി തിരിച്ചെത്തിയ ഓപ്പണിംഗ് ബാറ്റർ ഫഖർ സമാൻ നല്കുന്ന സ്ഫോടനാത്മക തുടക്കത്തിലാണു പാക്കിസ്ഥാന്റെ സെമിപ്രതീക്ഷകൾ. ബംഗ്ലാദേശിനെതിരേ ജയിച്ച മത്സരത്തിൽ 81 റണ്‍സും ന്യൂസിലൻഡിനെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനു തോൽപ്പിച്ച മത്സരത്തിൽ 81 പന്തിൽ 126 റണ്‍സുമാണു സമാന്റെ പ്രകടനങ്ങൾ. ഈ ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റേതുപോലെതന്നെ പാക്കിസ്ഥാൻ ബൗളിംഗും ശരാശരിയിലും താഴെയാണ്. ടൂർണമെന്റിനു മുന്‍പ് നസീം ഷായ്ക്കേറ്റ പരിക്ക് പാക് പേസ് ആക്രമണത്തെ ബാധിച്ചു. ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും റണ്‍സ് വിട്ടുകൊടുക്കുന്നതിൽ മടികാട്ടുന്നില്ല. സ്പിന്നർമാർ കളിയിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുന്ന അവസരങ്ങൾ വിരളം. ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയിട്ടുള്ള ആദ്യ പത്തു പേരിലുള്ള ഏക ഇംഗ്ലീഷ് ബാറ്റർ ഡേവിഡ് മലാൻ (373) മാത്രമാണ്. മറ്റു ബാറ്റർമാരായ ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ എന്നിവരിൽനിന്നു കാര്യമായ പ്രകടനങ്ങളില്ല. ബെൻ സ്റ്റോക്സ് നെതർലൻഡ്സിനെതിരേ സെഞ്ചുറി നേടിയതാണ് ഇംഗ്ലണ്ടിന്റെ ഏക നേട്ടം.
Source link