സ്റ്റോക്സിനു സെഞ്ചുറി; ഇംഗ്ലണ്ടിന് ജയം
പൂന: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് ആശ്വാസ ജയം. നെതർലൻഡ്സിനെ 160 റണ്‍സിന് കീഴടക്കി. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ജയമാണിത്. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ 339/9. നെതർലൻഡ്സ് 37.2 ഓവറിൽ 179. സെഞ്ചുറി നേടിയ ഇംഗ്ലീഷ് താരം ബെൻസ്റ്റോക്സാണ് (108) പ്ലെയർ ഓഫ് ദ മാച്ച്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും (15) ഡേവിഡ് മലനും (87) ചേർന്ന് മികച്ച തുടക്കം കുറിച്ചു. എന്നാൽ, ജോ റൂട്ട് (28), ഹാരി ബ്രൂക്ക് (11), ജോസ് ബട്ലർ (5), മൊയീൻ അലി (4) എന്നിവർ വേഗം മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ സ്കോർ 35.2 ഓവറിൽ 192/6 എന്ന അവസ്ഥയിൽ.
ഏഴാം വിക്കറ്റിൽ ബെൻ സ്റ്റോക്സും ക്രിസ് വോക്സും (51) ചേർന്ന് 81 പന്തിൽ 129 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 84 പന്തിൽ ആറു സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു സ്റ്റോക്സിന്റെ ഇന്നിംഗ്സ്. ഐസിസി ഏകദിന ലോകകപ്പിൽ സ്റ്റോക്സിന്റെ കന്നി സെഞ്ചുറിയാണ്. 340 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ നെതർലൻഡ്സിന് ഇംഗ്ലീഷ് ബൗളിംഗിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇന്ത്യൻ വംശജനായ തേജ നിദാമനുരുവാണ് (34 പന്തിൽ 41 നോട്ടൗട്ട്) ഡച്ച് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
Source link