മാഡ് മാക്സ്

ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരേ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കായി ഗ്ലെൻ മാക്സ്വെൽ കളിച്ച ഇന്നിംഗ്സിനെ ഒരു വണ്‍ഡേ വണ്ടർ എന്നല്ലാതെ എന്തു വിശേഷിപ്പിക്കും? ഒറ്റക്കാൽ മഹാദ്ഭുതമെന്നാണു മാക്സ്വെല്ലിന്റെ വെടിക്കെട്ടിനെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. അതിൽ ഒട്ടും അതിശയോക്തിയില്ലെന്നതിനു കളി കണ്ടവരും കേട്ടവരും സാക്ഷി! ഒറ്റക്കാല് മഹാത്ഭുതം അഫ്ഗാനിസ്ഥാൻ മുന്നോട്ടുവച്ച 292 റണ്‍സ് പിന്തുടർന്ന ഓസ്ട്രേലിയ 46.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. 293 റണ്‍സെടുത്ത് ഓസ്ട്രേലിയ മൂന്നു വിക്കറ്റ് ജയം നേടിയപ്പോൾ, 201 റണ്‍സും പിറന്നതു മാക്സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെയായിരുന്നു. 18.3 ഓവറിൽ 91/7 എന്ന ദയനീയാവസ്ഥയിൽനിന്നാണു മാക്സ്വെൽ ഓസ്ട്രേലിയയെ ഒറ്റയ്ക്കു തോളിലേറ്റിയത്. ഇന്നിംഗ്സിനിടെ കടുത്ത പേശിവലിവ് കാരണം താരം നിലത്തുവീണു വേദനകൊണ്ടു പുളഞ്ഞു. എന്നിട്ടും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന്, ഒറ്റക്കാലിൽ ഊന്നി, ഫുട്വർക്കില്ലാതെ കാഴ്ചവച്ച അദ്ഭുത ഇന്നിംഗ്സ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സായി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ളവർ മാക്സ്വെല്ലിന്റെ ഇന്നിംഗ്സിനെ വിശേഷിപ്പിക്കുന്നതിൽ നെറ്റിചുളിക്കേണ്ട കാര്യമില്ല. പുതിയ റയല്‍ 2021-22 യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി രണ്ടാംപാദ സെമി ഫൈനൽ പോരാട്ടത്തിൽ പ്രവചനങ്ങളെല്ലാം സിറ്റിക്ക് അനുകൂലമായിരുന്നു. കാരണം, ആദ്യപാദത്തിൽ സിറ്റി 4-3ന്റെ ജയം നേടിയിരുന്നു. രണ്ടാം പാദത്തിന്റെ 90-ാം മിനിറ്റ് വരെ കാര്യങ്ങൾ സിറ്റിക്ക് അനുകൂലവുമായിരുന്നു. എന്നാൽ, അതിനുശേഷം എല്ലാം മാറിമറിഞ്ഞു. രണ്ടു ഗോൾ തിരിച്ചടിച്ച് റയൽ മത്സരം എക്സ്ട്രാ ടൈമിലേക്കു നീട്ടി. എക്സ്ട്രാ ടൈമിൽ ഒരു ഗോൾകൂടി നേടി റയൽ 3-1ന് (ഇരു പാദങ്ങളിലുമായി 6-5) ജയം നേടി ഫൈനലിൽ പ്രവേശിച്ചു. സമാനമായ ജയമാണ് അഫ്ഗാനിസ്ഥാനെതിരേ ഓസ്ട്രേലിയ ഐസിസി ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നേടിയത്. ഏഴു വിക്കറ്റിന് 91 എന്ന നിലയിൽ തകർന്നപ്പോൾ ഓസ്ട്രേലിയയുടെ വിജയ സാധ്യതാ പ്രവചനം ഒന്നു മുതൽ ആറു ശതമാനം വരെ മാത്രം. പ്രവചനങ്ങളെ ഗ്രൗണ്ടിന്റെ റൂഫ്ടോപ്പിലേക്കു പായിച്ച് മാക്സ്വെൽ ഓസീസിനെ ജയത്തിലെത്തിച്ചു. മാക്സ്വെൽ-പാറ്റ് കമ്മിൻസ് എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നേരിട്ടത് 170 പന്ത്; അടിച്ചെടുത്തത് 202 റണ്‍സും. അതിൽ 68 പന്തിൽ 12 റണ്‍സായിരുന്നു കമ്മിൻസിന്റെ സംഭാവനയെന്നു കേൾക്കുന്പോൾ ഊഹിക്കാം, മാക്സ്വെൽ ഇന്നിംഗ്സിന്റെ പവർ (102 പന്തിൽ 179). 8.2 ഓവറിൽ 49/4 എന്ന അവസ്ഥയിലാണു മാക്സ്വെൽ ക്രീസിലെത്തിയത്. ഒരറ്റത്തു വിക്കറ്റുകൾ നിലംപൊത്തുന്പോഴും ക്ഷമയോടെ മറുവശത്ത് മാക്സ്വെൽ പിടിച്ചുനിന്നു. 51 പന്തിൽ 50, 76 പന്തിൽ 100, 104 പന്തിൽ 150, 128 പന്തിൽ 200 എന്നിങ്ങനെ മെല്ലെ തുടങ്ങി കൊട്ടിക്കയറിയ ഇന്നിംഗ്സ്. റിവേഴ്സ് ലാപ്, സ്ലോഗ്, ഫ്ളിക്ക് തുടങ്ങി ഒരു ബാറ്റർ സ്വപ്നം കാണുന്നതെല്ലാം മാക്സ്വെൽ ക്രീസിൽ അഴിച്ചുവിട്ടു.കളിക്കിടെ പലവട്ടം ഫിസിയോയുടെ സേവനം തേടി. റണ്ണിനായുള്ള ഓട്ടത്തിനിടെ രണ്ടു തവണ വേദനയോടെ ഗ്രൗണ്ടിൽ വീണു പുളഞ്ഞു.
വ്യക്തിഗത സ്കോർ 147ൽ നിൽക്കേ, ഓസീസിനു ജയിക്കാൻ 55 റണ്‍സ്കൂടി വേണമെന്നിരിക്കേ, മാക്സ്വെൽ ഗ്രൗണ്ടിൽ വേദനകൊണ്ടു പുളഞ്ഞുകിടക്കുകയായിരുന്നു. ഏകദിനത്തിലെ ഉയർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണു കമ്മിൻസ്-മാക്സ്വെൽ സഖ്യത്തിന്റേത്. അഫ്ഗാനെതിരായ ജയത്തോടെ, സമൂഹമാധ്യമങ്ങളിൽ ഓസ്ട്രേലിയയാണു ക്രിക്കറ്റിലെ പുതിയ റയൽ മാഡ്രിഡ്. റിച്ചാർഡ്സ്, കപിൽ, സ്റ്റോക്സ്, മാക്സ്വെല്… 2019 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ 98 പന്തിൽ 84 നോട്ടൗട്ടുമായി ബെൻ സ്റ്റോക്സ് പട നയിച്ചില്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് ചാന്പ്യന്മാരാകില്ലായിരുന്നു. 2011ൽ ലോകകപ്പ് ഫൈനലിൽ 79 പന്തിൽ 91 റണ്‍സുമായി എം.എസ്. ധോണി കാഴ്ചവച്ച ഇന്നിംഗ്സിനും 2007 ലോകകപ്പ് ഫൈനലിൽ 104 പന്തിൽ 149 റണ്‍സുമായി ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ ആദം ഗിൽക്രിസ്റ്റ് പുറത്തെടുത്ത ഇന്നിംഗ്സിനും ചരിത്രത്തിൽ പ്രത്യേക ഇടമുണ്ട്. 1984ൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് ഇംഗ്ലണ്ടിനെതിരേ പുറത്താകാതെ നേടിയ 170 പന്തിൽ 189 റണ്‍സ് ഏകദിനത്തിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സായാണു വാഴ്ത്തപ്പെടുന്നത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ റിക്കാർഡ് റിച്ചാർഡ്സ് 13 വർഷം അലങ്കരിച്ചു. വിൻഡീസ് ഒന്‍പതിന് 166 എന്ന നിലയിലായിരിക്കുന്പോൾ 96 റണ്‍സായിരുന്നു റിച്ചാർഡ്സിന്. 10-ാം വിക്കറ്റിൽ മൈക്കിൾ ഹോൾഡിംഗിനൊപ്പം 106 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാൻ റിച്ചാർഡ്സിനായി. 1983 ലോകകപ്പ് ഇന്ത്യക്കു സമ്മാനിച്ച ക്യാപ്റ്റനായ കപിൽ ദേവിന്റെ ചരിത്ര ഇന്നിംഗ്സിനെ എങ്ങനെ മറക്കും? സിംബാബ്വെയ്ക്കെതിരേ 17 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ തകർന്നടിയുന്പോഴാണു കപിൽ ക്രീസിലെത്തിയത്. 138 പന്തിൽ 16 ഫോറും ആറു സിക്സുമടക്കം 175 റണ്‍സ് അടിച്ചുകൂട്ടിയ കപിൽ, നിശ്ചിത 60 ഓവറിൽ ഇന്ത്യയെ 266/8ൽ എത്തിച്ചു. സിംബാബ്വെയെ 235നു പുറത്താക്കിയപ്പോൾ ഒരു വിക്കറ്റും കപിൽ സ്വന്തമാക്കി. സിംബാബ്വെയ്ക്കെതിരായ തിരിച്ചുവരവ് ജയം, 1983 ലോകകപ്പ് കിരീടനേട്ടത്തിലേക്ക് ഇന്ത്യക്കു സമ്മാനിച്ച മനോധൈര്യം ചെറുതല്ലായിരുന്നു. ഈ ഇന്നിംഗ്സുകൾക്കൊപ്പം ചരിത്രത്താളുകളിൽ മാക്സ്വെല്ലിന്റെ പ്രകടനവും ഇനി ക്രിക്കറ്റ് ലോകം വാഴ്ത്തുമെന്നുറപ്പ്. റണ്ണർ ആവശ്യമോ? ചരിത്ര ഇന്നിംഗ്സിനിടെ പേശിവലിവ് കാരണം ഗ്രൗണ്ടിൽ വേദനകൊണ്ടു പുളയുന്ന മാക്സ്വെല്ലിനെ ക്രിക്കറ്റ് ആരാധകർ അടുത്തെങ്ങും മറക്കില്ല. എന്തുകൊണ്ട് മാക്സ്വെല്ലിനു റണ്ണറെ വച്ചുകൂടാ എന്ന ചോദ്യം ചിലരുടെയെങ്കിലും മനസിൽ ഉദിച്ചുകാണാം. എന്നാൽ, റണ്ണറെ ഉപയോഗിക്കാൻ പാടില്ലെന്നതാണു ക്രിക്കറ്റിന്റെ പുതിയ നിയമം. എതിർ ടീമിന്റെ ഫീൽഡിംഗിനു തടസമാകുന്നെന്ന കാരണത്താലാണു റണ്ണർ നിയമം റദ്ദാക്കിയത്. മാക്സ്വെല്ലിന്റെ ഇന്നിംഗ്സ് കണ്ടുകഴിയുന്പോൾ, ഒരു ബാറ്റർക്ക് അത്യാവശ്യമെങ്കിൽ റണ്ണറെ ഉപയോഗിക്കാമെന്ന നിയമം പുനഃസ്ഥാപിക്കണമെന്ന തോന്നലുണ്ടാകുക സ്വാഭാവികം. 2003 ലോകകപ്പിൽ പാക്കിസ്ഥാനെതിരേ സച്ചിൻ തെണ്ടുൽക്കർ 98 റണ്‍സ് നേടിയപ്പോൾ വീരേന്ദർ സേവാഗ് റണ്ണറായതും ചരിത്രം.
Source link