ഇംഗ്ലീഷ് ദുരന്തം
ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഏഴു തോല്‍വിയുമായി സെമി ഫൈനല്‍ കാണാതെ ഇംഗ്ലണ്ട് പുറത്തായതിന് എന്തെങ്കിലും കാരണമുണ്ടോ… ? ബാറ്റിംഗിലും ബൗളിംഗിലും പരാജയപ്പെട്ടതാണ് നിലവിലെ ലോക ചാമ്പ്യന്മാരുടെ ഈ വന്‍വീഴ്ചയ്ക്കു കാരണമെന്ന് ലാഘവത്തോടെ പറയുക അസാധ്യം. ടീം സെലക്ഷന്, തയാറെടുപ്പ്, ഷെഡ്യൂള്‍ തുടങ്ങിയ പല കാരണങ്ങളാണ് ഇംഗ്ലണ്ടിന്റെ ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനം. 2023 ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ട് മികച്ച രീതിയില്‍ തയാറെടുപ്പ് നടത്തിയില്ല എന്നത് ശ്രദ്ധേയം. ഇംഗ്ലീഷുകാര്‍ പക്ഷേ, ഈ വാദത്തെ എതിര്‍ത്തേക്കും. ലോകകപ്പിനു മുമ്പ് ഈ വര്‍ഷം 16 ഏകദിനങ്ങള്‍ കളിച്ചെന്നായിരിക്കും അവരുടെ അവകാശവാദം. ദക്ഷിണാഫ്രിക്കയും ഇത്രയും മത്സരങ്ങള്‍ ലോകകപ്പിനു മുമ്പ് കളിച്ചിരുന്നു എന്നും ഓര്‍മിക്കണം. എന്നാല്‍, ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് ന്യൂസിലന്ഡിനെതിരേ കളിച്ച അഞ്ച് മത്സര പരമ്പരയില്‍ ഫസ്റ്റ് ഇലവണിലുള്ള കളിക്കാര്‍ക്ക് ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചിരുന്നു. ഇവിടെയാണ് ഇംഗ്ലണ്ടിന്റെ മുന്നൊരുക്കം ദുര്‍ബലമായിരുന്നു എന്നുള്ള വാദം ഉയരുന്നത്. ദക്ഷിണാഫ്രിക്ക ഈ വര്‍ഷം ലോകകപ്പിനു മുമ്പ് 16 ഏകദിനം കളിച്ചതില്‍, ലോകകപ്പ് ടീമിലെ എട്ട് പേര് ചുരുങ്ങിയത് 10 മത്സരത്തില്‍ ഇറങ്ങി. അതായത് ലോകകപ്പ് ടീമിലെ ഭൂരിപക്ഷം കളിക്കാരും ഒന്നിച്ചായിരുന്നു കളത്തില്‍ എന്നു ചുരുക്കം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇംഗ്ലീഷ് ടീമില്‍ ഉള്‍പ്പെട്ട ജോണി ബെയസ്റ്റൊ, ജോ റൂട്ട്, മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്സ്, ലിയാം ലിവിംഗ്സ്റ്റണ് എന്നിവര്‍ ഒരു വര്‍ഷമായി ഏകദിനത്തില്‍ കളിച്ചിരുന്നില്ല എന്നതാണ് വാസ്തവം. സ്റ്റോക്സിനെ വിരമിക്കലില്‍നിന്ന് പുറത്തുകൊണ്ടുവന്നാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് എന്നതും ശ്രദ്ധേയം.
ലോകകപ്പിനു മുമ്പായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇംഗ്ലണ്ട് കളിച്ചില്ല എന്നതും മറ്റൊരു പ്രശ്നം. ഓസ്ട്രേലിയ ഇന്ത്യക്കെതിരേയും ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെതിരേയും പരമ്പര കളിച്ചശേഷമാണ് ലോകകപ്പ് പോരാട്ടം ആരംഭിച്ചത്. ലോകകപ്പിന് ഏറ്റവും മികച്ച രീതിയില്‍ ഒരുങ്ങിയത് ഇന്ത്യയാണെന്നു പറയാം. 12 മാസത്തിനിടെ 30 ഏകദിനം കളിച്ചായിരുന്നു ഇന്ത്യയുടെ ഒരുക്കം. സെപ്റ്റംബറില്‍ ഒമ്പത് മത്സരങ്ങളും ഇന്ത്യ കളിച്ചു. കളിക്കുക, മുന്നേറുക, പരിശീലിക്കുക, വീണ്ടും കളിക്കുക… എന്ന മന്ത്രം ഇംഗ്ലണ്ട് മറന്നു. ഏറ്റവും ഒടുവിലായി പ്രായത്തിന്റേതായ പ്രശ്നം ഇംഗ്ലീഷ് ടീമിനെ അലട്ടുന്നുണ്ടെന്നതും മറ്റൊരു വാസ്തവം. സ്വകാര്യ ക്ലബ് പോലെ അടുപ്പക്കാരെ ഉള്‍ക്കൊള്ളിക്കുന്ന സൗഹൃദങ്ങളുടെ കൂട്ടായ്മയായി ഇംഗ്ലീഷ് ടീം മാറി. അതില്‍നിന്ന് പുറത്തു കടന്നെങ്കില്‍ മാത്രമേ ഇംഗ്ലണ്ടിന് ലോകകപ്പിനു ശേഷവും മുന്നോട്ട് പ്രയാണം നടത്താന്‍ സാധിക്കൂ, അതിനായി പുതിയ താരങ്ങള്‍ വരേണ്ടിയിരിക്കുന്നു… നെതര്‍ലന്‍ഡ്സിനെതിരേ… പൂന: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നാട്ടിലേക്കു നാണംകെട്ട് മടങ്ങിപ്പോക്ക് ഒഴിവാക്കാന്‍ ഇംഗ്ലണ്ട് ഇന്ന് നെതര്‍ലന്‍ഡ്സിനെ നേരിടും. ശേഷിക്കുന്ന രണ്ടു മത്സരങ്ങളെങ്കിലും ജയിച്ച് അടുത്ത വര്‍ഷം പാക്കിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കെങ്കിലും യോഗ്യത നേടുകയെന്ന ലക്ഷ്യമാണ് ഇംഗ്ലണ്ടിന് ഇനിയുള്ളത്. ഏഴു കളിയില്‍ ഒരു ജയം നല്കിയ രണ്ടു പോയിന്റുമായി ഏറ്റവും പിന്നിലാണ് ഇംഗ്ലണ്ട്. നെതര്ലന്ഡ്സിനാണെങ്കില് രണ്ടു ജയമുണ്ട്.
Source link