മുംബൈ: ഗ്ലെൻ മാക്സ്വെല്ലിന്റെ ഇരട്ടസെഞ്ചുറി മികവിൽ ഓസ്ട്രേലിയയ്ക്കു തകർപ്പൻ ജയം. മൂന്നു വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തകർത്തു. 91/7 എന്ന നിലയിൽ തകർച്ചയെ നേരിട്ട ഓസീസിനെ മാക്സ്വെൽ ഒറ്റയ്ക്ക് വിജയത്തിലേക്കു പിടിച്ചുകയറ്റി. നേരിട്ട അവസാന പന്തിൽ സിക്സടിച്ചാണ് മാക്സ്വെൽ ഇരട്ടസെഞ്ചുറി തികച്ചത്. പാറ്റ് കമ്മിൻസിനൊപ്പം പിരിയാത്ത എട്ടാം വിക്കറ്റിൽ 170 പന്തിൽ 202 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് മാക്സ്വെൽ പടുത്തുയർത്തി. 68 പന്തിൽ 12 റണ്‍സായിരുന്നു കമ്മിൻസിന്റെ സംഭാവന. ജയത്തോടെ ഓസ്ട്രേലിയ സെമി ഫൈനലിനു യോഗ്യത നേടുകയും ചെയ്തു. സ്കോർ: അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 291/5. ഓസ്ട്രേലിയ 46.5 ഓവറിൽ 293/7. അഫ്ഗാൻ ഉയർത്തിയ 292 റണ്‍സിൽ 201 റണ്‍സും മാക്സ്വെല്ലിന്റെ ബാറ്റിൽനിന്ന് പിറന്നതാണ്. 128 പന്ത് നേരിട്ട മാക്സ്വെൽ 21 ഫോറും പത്ത് സിക്സും പായിച്ചു. പരിക്ക് വകവയ്ക്കാതെയുള്ള പോരാട്ടമാണ് മാക്സ്വെൽ നടത്തിയത്. പുറം വേദനയും കാലിലെ പേശി വലിവും മൂലം പല തവണ താരത്തിന് കളത്തിൽവച്ച് ഫിസിഷ്യന്റെ സേവനം ആവശ്യമായിവന്നു. പേശീവലിവിനെത്തുടർന്ന്് കടുത്ത വേദനയിൽ താരം കളത്തിൽ വീണു പുളഞ്ഞു. ഈ സമയം പകരം ബാറ്റ് ചെയ്യാനായി ആദം സാംപ തയാറായി എത്തിയതാണ്. എന്നാൽ, മാക്സ്വെൽ ബാറ്റിംഗ് തുടർന്നു. അഫ്ഗാൻ ഫീൽഡർമാർ നിരവധി തവണ മാക്സ്വെല്ലിനെ കൈവിട്ടും സഹായിച്ചു. ഏകദിന ലോകകപ്പിൽ ഇത് മൂന്നാമത്തെ ഇരട്ട സെഞ്ചുറിയാണ്. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്ടിലും (237*) വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലുമാണ്് (215) ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചവർ. സര്‍വം സദ്രാന്
ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ റഹ്മനുള്ള ഗുര്‍ബാസും (21), ഇബ്രാഹിം സദ്രാനും (129 നോട്ടൗട്ട്) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 38 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ സദ്രാനും റഹ്മത്ത് ഷായും (30) ചേര്‍ന്ന് 100 പന്തില്‍ നേടിയ 83 റണ്‍സ് കൂട്ടുകെട്ടായിരുന്നു അഫ്ഗാന് ഇന്നിംഗ്സിലെ ഉയര്‍ന്ന പാര്‍ട്ണർഷിപ്. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിക്ക് (26) ഒപ്പം മൂന്നാം വിക്കറ്റില്‍ 52 റണ്‍സിന്റെയും റഷീദ് ഖാനൊപ്പം (35 നോട്ടൗട്ട്) ആറാം വിക്കറ്റില്‍ അഭേദ്യമായ 58 റണ്‍സിന്റെയും കൂട്ടുകെട്ടും സദ്രാന് പടുത്തുയര്‍ത്തി. റഷീദ്-സദ്രാന് കൂട്ടുകെട്ട് 28 പന്തില്‍നിന്നായിരുന്നു 58 റണ്‍സ് അടിച്ചുകൂട്ടിയത്. ഓസീസ് തുടക്കം തകർച്ചയോടെ 292 റണ്‍സ് എന്ന വിജയലക്ഷ്യത്തിനായി ക്രീസിലെത്തിയ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാന്റെ തന്ത്രപരമായ ബൗളിംഗിനു മുന്നില്‍ കൂപ്പുകുത്തി. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) പുറത്താക്കിയ നവീന്‍ ഉള് ഹഖാണ് കംഗാരു വേട്ടയ്ക്ക് തുടക്കമിട്ടത്. ആറാം ഓവര്‍ എറിയാനെത്തിയ നവീന്‍ ഉള് എല്‍ബിഡബ്ല്യുവിലൂടെ മിച്ചല്‍ മാര്‍ഷിനെയും (24) വീഴ്ത്തി. സ്റ്റീവ് സ്മിത്തിനെ പുറത്തിരുത്തി ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് അഫ്ഗാന്റെ സ്പിന്‍-പേസ് സമ്മിശ്ര ആക്രമണം ചെറുക്കാനായില്ല. മാര്‍നസ് ലബൂഷെയ്ന് (14) റണ്ണൗട്ടായി. ഡേവിഡ് വാര്‍ണര്‍ (18), ജോഷ് ഇംഗ്ലിസ് (0), മാര്‍ക്കസ് സ്റ്റോയിന്‍സ് (6), മിച്ചല്‍ സ്റ്റാര്‍ക്ക് (3) തുടങ്ങിയ എല്ലാവരും വന്നതും പോയതും വേഗത്തില്‍. മാക്സ് വെൽഡൺ ഏഴിന് 91 എന്ന നിലയിൽ മാക്സ്വെല്ലും പാറ്റ് കമ്മിൻസും ക്രീസിൽ ഒന്നിച്ചു. നേരിട്ട 51-ാം പന്തിൽ അർധസെഞ്ചുറിയും 76-ാം പന്തിൽ സെഞ്ചുറിയുമായി മാക്സ്വെൽ തകർത്തടിച്ചതോടെ ഓസ്ട്രേലിയ ലക്ഷ്യത്തിലേക്ക് കുതിച്ചു. ആദ്യ അഫ്ഗാന് സെഞ്ചുറി ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തില്‍ അഫ്ഗാനിസ്ഥാനുവേണ്ടി സെഞ്ചുറി നേടുന്ന ആദ്യ ബാറ്റര്‍ എന്ന ചരിത്രനേട്ടം സദ്രാനു സ്വന്തം. നേരിട്ട 131-ാം പന്തിലായിരുന്നു സദ്രാന്റെ സെഞ്ചുറി.
Source link