‘എന്തൊരു ഏറ്…?’ ഇപ്പോള്‍ നാട്ടിലും വീട്ടിലും ക്രിക്കറ്റ് ആരാധകര്‍ ആദ്യം പറയുന്നതാണിത്. വാലും തലയുമില്ലാതെ ‘എന്തൊരു ഏറ്’ എന്നുമാത്രം പറഞ്ഞാല്‍ ബാക്കി സംസാരം ഇങ്ങനെ: ‘അതെ… മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എല്ലാവരും ചേര്‍ന്ന് എന്തൊരു ബൗളിംഗാണ് ഇന്ത്യക്കായി നടത്തുന്നത് ’. ‘ദക്ഷിണാഫ്രിക്കയെ 83ന് പുറത്താക്കുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചില്ല’ ഈയൊരു പ്രയോഗം കൂടി ചേരുമ്പോഴാണ് ആ ചര്‍ച്ച പൂര്‍ത്തിയാകുക. ‘വൈ ദിസ് കൊലവെറി’ എന്ന തമിഴ് സൂപ്പര്‍ ഹിറ്റ് ഗാനം ഓര്മയില്നിന്നുണര്ത്തുന്ന മാസ് ഓൾ റൗണ്ട് പ്രകടനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നടത്തുന്നത്. 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഓരോ മത്സരത്തിലും ഇന്ത്യന്‍ ടീമിന്റെ കൊലവെറി പ്രകടനമാണെന്നതാണ് വാസ്തവം. പ്രോട്ടീസ് പൊട്ടി ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തതോടെ ദക്ഷിണാഫ്രിക്ക തോല്‍ക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. കാരണം, 2023 ലോകകപ്പില്‍ ചേസിംഗില്‍ ദക്ഷിണാഫ്രിക്ക അത്രയ്ക്ക് ദയനീയമാണ്. ഈ ലോകകപ്പില്‍ ചേസിംഗിന് ഇറങ്ങിയ ആദ്യ മത്സരത്തില്‍ പ്രോട്ടീസ് നെതര്‍ലന്‍ഡ്സിനോട് 38 റണ്‍സിനു തോറ്റു. പാക്കിസ്ഥാന്റെ 271 വിജയ ലക്ഷ്യം പിന്തുടര്ന്ന് ഒരു വിക്കറ്റ് ജയം മാത്രം നേടാനാണ് പ്രോട്ടീസിനു സാധിച്ചത്. അങ്ങനെയുള്ള ദക്ഷിണാഫ്രിക്ക ഇന്ത്യ മുന്നോട്ടുവച്ച 327 എന്ന ലക്ഷ്യത്തിനു മുന്നില്‍ തോറ്റതില്‍ അദ്ഭുതമില്ല. എന്നാല്‍, 27.1 ഓവറില്‍ വെറും 83 റണ്‍സിനു പുറത്തായി പ്രോട്ടീസ് എട്ടുനിലയില്‍ പൊട്ടിയതാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്. കാരണം, ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ (8) സെഞ്ചുറി നേടിയ ടീമാണ് ദക്ഷിണാഫ്രിക്ക. റണ്‍റേറ്റ് ഇനി മിണ്ടരുത് ഈ ലോകകപ്പില്‍ ഏഴാം റൗണ്ട് പോരാട്ടംവരെ ഏറ്റവും കൂടുതല്‍ റണ്‍റേറ്റ് ഉള്ള ടീമായിരുന്നു ദക്ഷിണാഫ്രിക്ക. പോയിന്റില്‍ ഇന്ത്യയുമായി തുല്യത പാലിക്കുമ്പോഴും ടേബിളില്‍ ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്ക അലങ്കരിച്ചിരുന്നു. നെതര്‍ലന്‍ഡ്സിനോട് പരാജയപ്പെട്ടിട്ടുപോലും റണ്‍റേറ്റില്‍ പ്രോട്ടീസിനെ വെല്ലാന്‍ ഇന്ത്യക്കുപോലും സാധിക്കാതിരുന്ന സമയമായിരുന്നു അത്. എന്നാല്‍, ഇനി ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ റണ്‍റേറ്റിനെ കുറിച്ച് മിണ്ടില്ല. എട്ടാം റൗണ്ട് (ഇന്ത്യ x ദക്ഷിണാഫ്രിക്ക) മത്സരത്തിനു മുമ്പ് +2.290 ആയിരുന്നു ദക്ഷിണാഫ്രിക്കന്‍ റണ്‍റേറ്റ്, ഇന്ത്യയുടേത് +2.102ഉം. ഇന്ത്യക്കെതിരായ മത്സരം കഴിഞ്ഞതോടെ +1.376ലേക്ക് ദക്ഷിണാഫ്രിക്കന്‍ റണ്‍റേറ്റ് പതിച്ചു. ഇന്ത്യ +2.456ലേക്ക് ഉയര്‍ന്നു. ഫലത്തില്‍ ഈ ലോകകപ്പില്‍ +2 റണ്‍റേറ്റ് ഉള്ള ഏക ടീം ഇന്ത്യയായി മാറി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയ 243 റണ്‍സ് ജയം, അവര്‍ക്കെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണ്. ഏകദിന ലോകകപ്പ് ചിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്കോറാണ് ഇന്ത്യക്കെതിരായ 83. 199, 191, 129, 55, 83
ദക്ഷിണാഫ്രിക്കയെ 83നു പുറത്താക്കി എന്നത് ഇന്ത്യന്‍ ബൗളിംഗ് കരുത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രം. ഈ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ 49.3 ഓവറില്‍ 199നു പുറത്താക്കിയാണ് ഇന്ത്യന്‍ ബൗളിംഗ് സംഘം തങ്ങളുടെ പോരാട്ടം ആരംഭിച്ചത്. അഫ്ഗാനിസ്ഥാന് (272/8), ബംഗ്ലാദേശ് (256/8) ടീമുകളോട് മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ അല്പമെങ്കിലും മമത കാണിച്ചത്. വന്യമായി ആക്രമിക്കേണ്ട എന്നു മനസില്‍ കരുതിയായിരിക്കാം അത്ര കരുത്തരല്ലാത്ത അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും എതിരേ ഇന്ത്യ ഇറങ്ങിയതെന്നുവേണം കരുതാന്‍. ഈ രണ്ട് ടീമുകള്‍ മാത്രമാണ് ഇന്ത്യയുടെ ബൗളിംഗിനെ അതിജീവിച്ച് 50 ഓവര്‍ പൂര്‍ത്തിയാക്കി ഓള് ഔട്ട് ആകാതിരുന്നത്. ഓസ്ട്രേലിയയെ 199നു പുറത്താക്കിയ ഇന്ത്യ, പാക്കിസ്ഥാനെ 191നും (42.5) ഇംഗ്ലണ്ടിനെ 129നും (34.5) ശ്രീലങ്കയെ 55നും (19.4) ദക്ഷിണാഫ്രിക്കയെ 83നും (27.1) എറിഞ്ഞിട്ടു. അഫ്ഗാനും ബംഗ്ലാദേശിനും പിന്നാലെ ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരേ ഇതുവരെ 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്ത മൂന്നാമത് ടീം ന്യൂസിലന്‍ഡാണ്. എന്നാല്‍, 273ല്‍ കിവീസ് ഓള് ഔട്ട് ആയിരുന്നു. മുഹമ്മദ് ഷമി (16 വിക്കറ്റ്), ജസ്പ്രീത് ബുംറ (15), രവീന്ദ്ര ജഡേജ (14), കുല്‍ദീപ് യാദവ് (12), മുഹമ്മദ് സിറാജ് (10) എന്നിവരാണ് ഇന്ത്യക്കായി എതിരാളികളുടെ വിക്കറ്റ് പ്രധാനമായും പങ്കിട്ടെടുത്തത്. സെമി, ഫൈനല്‍ ലീഗ് റൗണ്ടില്‍ നവംബര്‍ 12 ഞായറാഴ്ച നെതര്‍ലന്‍ഡ്സിനെതിരേയാണ് ഇന്ത്യയുടെ അവസാന മത്സരം. എതിരാളികള്‍ക്കെതിരേ കൊലവെറിയുമായി കുതിച്ചുപായുന്ന ഇന്ത്യക്ക് നോക്കൗട്ട് റൗണ്ടില്‍ കാലിടറുമോ എന്നതിനായാണ് വിമര്‍ശകര്‍ കാത്തിരിക്കുന്നത്. ഏകദിന ലോകകപ്പ് ലീഗ് റൗണ്ടില്‍ ഇന്ത്യ തുടര്‍ച്ചയായി എട്ട് ജയം നേടുന്നതും ചരിത്രത്തില്‍ ആദ്യം. 1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ലീഗ് റൗണ്ടില്‍ പരാജയം രുചിച്ചിരുന്നു. നോക്കൗട്ടില്‍ ഇന്ത്യക്ക് നഷ്ടപ്പെടാനേറെയുണ്ടെന്ന് പാക് മുന്‍താരം മിസ്ബ ഉള് ഹഖ് മുന്നറിയിപ്പു നല്കുന്നു. അതിനെ സാധൂകരിക്കാന്‍ 2015, 2019 ലോകകപ്പുകളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 2015, 2019 ലോകകപ്പുകളില്‍ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ നോക്കൗട്ടില്‍ എത്തിയത്. രണ്ട് തവണയും സെമിയില്‍ പുറത്തായി. എന്നാൽ, 2023ല്‍ ചരിത്രം വഴിമാറുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ ആത്മവിശ്വാസം. അത്രയ്ക്ക് ഹൈപ്പാണ് ഓരോ മത്സരത്തിലും രോഹിത് ശര്‍മയും സംഘവും ഉണ്ടാക്കുന്നത്.
Source link