പാക്കിസ്ഥാനു ജയം, സെമി സാധ്യത നിലനിർത്തി
ബംഗളൂരു: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തോടെ പാക്കിസ്ഥാൻ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാൻ 21 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. യുവതാരം രചിന് രവീന്ദ്ര ലോകകപ്പിലെ മൂന്നാം സെഞ്ചുറിയുടെ മികവില്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തു. പാക്കിസ്ഥാന് 25.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 എന്ന നിലയിൽ നിൽക്കുന്പോൾ മഴയെത്തി മത്സരം അവസാനിപ്പിക്കേണ്ടിവന്നു. 81 പന്തില്‍ എട്ടു ഫോറും 11 സിക്സും അടക്കം 126 റണ്‍സ് നേടി പുറത്താകാതെനിന്ന ഫഖര്‍ സമാന്റെ തകര്‍പ്പന്‍ പ്രകടനമാണ് പാക്കിസ്ഥാന് ജയമൊരുക്കിയത്. 63 പന്തില്‍ 66 റണ്‍സുമായി ക്യാപ്റ്റൻ ബാബർ അസം പുറത്താകാതെ നിന്നു.
രചിൻ റിക്കാർഡ് രചിന് രവീന്ദ്രയുടെ സെഞ്ചുറിയും പരിക്ക് മാറി തിരിച്ചെത്തി അര്‍ധ സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (79 പന്തിൽ 95) പ്രകടനവുമാണ് കിവീസിനെ വമ്പന്‍ സ്കോറിലേക്ക് നയിച്ചത്. മൂന്നാം സെഞ്ചുറിയോടെ രചിന് രവീന്ദ്ര ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ശതകനേട്ടം സ്വന്തമാക്കുന്ന ന്യൂസിലൻഡ് താരം എന്ന റിക്കാർഡിൽ. അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന രചിന് ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡും മറികടന്നു. 25 വയസിനു മുമ്പ് ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ എന്ന സച്ചിന്റെ (രണ്ട് സെഞ്ചുറി) റിക്കാർഡാണ് 23കാരനായ രചിന് തിരുത്തിയത്.
Source link