മോഹന്‍ ബഗാനുവേണ്ടി വിരാട് കോഹ്ലി ഇറങ്ങിയെന്നു കേട്ടാല്‍ ഐഎസ്എല്‍ ഫുട്ബോളിലാണോ അതോ ഐ ലീഗിലാണോ എന്ന് പരിഹസിക്കരുത്. മോഹന്‍ ബഗാന് ക്രിക്കറ്റ് ക്ലബ്ബിനായി ആയിരുന്നു എന്നതു ചരിത്രം. ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ സ്റ്റാറായി ഉയരുന്നതിനുമുമ്പ് 2009 ലായിരുന്നു അത്. അണ്ടര്‍ 19 ലോകകപ്പ് നേടിയെത്തിയതിന്റെ പിന്നാലെ 2008-09 സീസണ് പി. സെന്‍ ട്രോഫി ഫൈനലില്‍ 121 പന്തില്‍ 184 റണ്‍സ് അടിച്ചുകൂട്ടി മോഹന്‍ ബഗാനെ കിരീടത്തിലെത്തിച്ച ചരിത്രം കോഹ്ലിക്കുണ്ട്. ഗാംഗുലി, സച്ചിന്, ധോണി, ശ്രീലങ്കയുടെ ചാമിന്ദ വാസ് തുടങ്ങിയവര്‍ കളിച്ച ക്ലബ്ബാണ് മോഹന്‍ ബഗാൻ. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി നിലവില്‍ മോഹന്‍ ബഗാന് ക്രിക്കറ്റ് ക്ലബ്ബില്‍ അംഗമാണെന്നതും വാസ്തവം.
ഇപ്പോഴുള്ള താരപദവിക്കും വര്‍ഷങ്ങള്‍ മുമ്പ് കോല്‍ക്കത്തയില്‍ മോഹന്‍ ബഗാനുവേണ്ടി സംഹാരതാണ്ഡവമാടിയ കോഹ്ലിയുടെ 35-ാം ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബംഗാള്‍ (സിഎബി). കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ഇന്ത്യ x ദക്ഷിണാഫ്രിക്ക പോരാട്ടത്തിനു മുമ്പ് പ്രത്യേകമായി തയാറാക്കിയ കേക്ക് കോഹ്ലി മുറിക്കും. വിരാടിയന്സ് എന്നറിയപ്പെടുന്ന കോഹ്ലിയുടെ ആരാധകര്‍ താരത്തിന്റെ മുഖംമൂടി അണിഞ്ഞായിരിക്കും ഗാലറിയില്‍ നിറയുക. കോഹ്ലിയുടെ 70,000 മുഖംമൂടികള്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ലേസര്‍ ഷോയും ഉണ്ടാകും.
Source link