‘ഇരട്ട’പെനാൽറ്റി രക്ഷിച്ച് സച്ചിൻ സുരേഷ്
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ മലയാളി യുവ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ മാജിക്ക് വീണ്ടും. ഒഡീഷയ്ക്കെതിരേ പെനാൽറ്റി തടഞ്ഞ് ടീമിനെ ജയത്തിലെത്തിച്ച സച്ചിൻ സുരേഷ് ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരേ ‘ഇരട്ട’ പെനാൽറ്റി സേവിംഗ് നടത്തി സൂപ്പർ ഹീറോയായി. മത്സരത്തിൽ ഡൈസുകെ സകായ് (32′), ദിമിത്രിയോസ് ഡയമാന്റകോസ് (88′) എന്നിവരുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് 2-1 ന്റെ ജയം സ്വന്തമാക്കി. 85-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഈസ്റ്റ് ബംഗാൾ താരത്തിനെ ഫൗൾ ചെയ്ത സച്ചിനെതിരേ റഫറി പെനാൽറ്റി വിധിച്ചു. ക്ലെയ്ട്ടൻ സിൽവ എടുത്ത കിക്ക് സച്ചിൻ കൈപ്പിടിയിലൊതുക്കി. എന്നാൽ, ബ്ലാസ്റ്റേഴ്സ് താരം ലൈൻ മുറിച്ചു കടന്നു എന്ന കാരണത്താൽ റഫറി പെനാൽറ്റി വീണ്ടും എടുക്കാൻ വിധിച്ചു. ക്ലെയ്ട്ടന്റെ രണ്ടാം കിക്ക് സച്ചിൻ തടഞ്ഞു, റീബൗണ്ട് വീണ്ടും ക്ലെയ്ട്ടൻ ഗോളിലേക്ക് തൊടുത്തെങ്കിലും പന്ത് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്.
മത്സരത്തിൽ ഇരട്ട മഞ്ഞക്കാർഡിലൂടെ ഡയമാന്റകോസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയതോടെ 10 പേരുമായാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കിയത്.ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്ലെയ്ട്ടൻ സിൽവ ആതിഥേയരുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ആറ് മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി ചരിത്രത്തിൽ ആദ്യമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് എത്തി.
Source link