മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കുന്നത്. നിപ പ്രതിരോധം, ചികിത്സ, ഗവേഷണം എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട് ഏകാരോഗ്യത്തിന്റെ (വണ്‍ ഹെല്‍ത്ത്) ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്ഥാപനതലത്തിലാക്കുന്നതിന് കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് വാക്‌സിന്‍ പോളിസി നടപ്പിലാക്കും. ലാബ് നെറ്റുവര്‍ക്ക് സംവിധാനം 2024ല്‍ യാഥാര്‍ത്ഥ്യമാക്കും. മുന്നിലുള്ള ലക്ഷ്യങ്ങള്‍ വളരെ വലുതാണ്. അതിന് ഈ സെമിനാര്‍ വളരെ ഫലപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. ‘മഹാമാരികളെ കേരളം നേരിട്ട വിധം’ കേരളീയം സെമിനാര്‍ മസ്‌കറ്റ് ഹോട്ടലില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സമീപ കാലങ്ങളില്‍ കോവിഡ്, മങ്കിപോക്‌സ്, നിപ, തുടങ്ങിയ അനേകം വെല്ലുവിളികളെ കേരളത്തിന് നേരിടേണ്ടി വന്നു. രാജ്യത്തെ ആദ്യ മങ്കിപോക്‌സ് കണ്ടുപിടിച്ചത് കേരളത്തിലാണ്. ഉയര്‍ന്ന ജനസാന്ദ്രത, വയോജനങ്ങള്‍ കൂടുതല്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയുണ്ടായിരുന്നതിനാല്‍ ഇവയെ അതിജീവിക്കുക വലിയ വെല്ലുവിളിയായിരുന്നു.


Source link
Exit mobile version