ഹാട്രിക് അഫ്ഗാൻ

ലക്നോ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ ഹാട്രിക് ജയം. പാക്കിസ്ഥാനെയും ശ്രീലങ്കയെയും കീഴടക്കിയ അഫ്ഗാനിസ്ഥാൻ ഇന്നലെ നെതർലൻഡ്സിനെ ഏഴ് വിക്കറ്റിനു തോൽപ്പിച്ചു. ഇതോടെ സെമി ഫൈനൽ സാധ്യത അഫ്ഗാൻ സജീവമാക്കി നിലനിർത്തി. എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കും അഫ്ഗാനിസ്ഥാൻ ഉയർന്നു. 111 പന്ത് ബാക്കിനിൽക്കേയായിരുന്നു ഡച്ച് ടീമിനെതിരേ അഫ്ഗാനിസ്ഥാന്റെ ജയം. സ്കോർ: നെതർലൻഡ്സ് 46.3 ഓവറിൽ 179. അഫ്ഗാനിസ്ഥാൻ 31.3 ഓവറിൽ 181/3. ടോസ് നേടിയ നെതര്‍ലന്‍ഡ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയിച്ചാല്‍ സെമി ഫൈനല്‍ സ്വപ്നം സജീവമാക്കി നിലനിര്‍ത്താമെന്ന നിലയിലെത്തിയ അഫ്ഗാനിസ്ഥാനുവേണ്ടി ആദ്യ ഓവറില്‍ത്തന്നെ മുജീബ് ഉര് റഹ്മാന് വിക്കറ്റ് വീഴ്ത്തി. ഡച്ച് ഓപ്പണര്‍ വെസ്ലി ബറേസിയെ മുജീബ് വിക്കറ്റിനു മുന്നില്‍ കുടുക്കി. എന്നാല്‍, രണ്ടാം വിക്കറ്റില്‍ മാക്സ് ഒഡൗഡും (42) കോളിന് അക്രമാനും (29) ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 70 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് ഒഡൗഡിനെ റണ്ണൗട്ടാക്കി അസ്മത്തുള്ള ഒമര്‍സായി ബ്രേക്ക് ചെയ്തു. ടോപ് ഓര്‍ഡറിലെ നാല് ബാറ്റര്‍മാരാണ് നെതര്‍ലന്‍ഡ്സ് ഇന്നിംഗ്സില്‍ റണ്ണൗട്ടായത്. 86 പന്തില്‍ ആറ് ഫോറിന്റെ സഹായത്തോടെ 58 റണ്‍സ് നേടി ഡച്ച് ടീമിന്റെ ടോപ് സ്കോററായ സിബ്രാന്‍ഡ് ഏങ്കല്ബ്രേച്ചും റണ്ണൗട്ടായി എന്നതും ശ്രദ്ധേയം. കോളിന് അക്രമാന്, സ്കോട്ട് എഡ്വേര്‍ഡ്സ് (0) എന്നിവരാണ് റണ്ണൗട്ടായ മറ്റ് മുന്‍നിര ബാറ്റര്‍മാര്‍. റൂള്‍ഫ് വാന്‍ഡെര്‍ മെര്‍വ് (11), ആര്യന് ദത്ത് (10 നോട്ടൗട്ട്) എന്നിവരും ഡച്ച് ഇന്നിംഗ്സില്‍ രണ്ടക്കം കണ്ടു.
അഫ്ഗാനിസ്ഥാനുവേണ്ടി മുഹമ്മദ് നബി മൂന്നും നൂര്‍ അഹമ്മദ് രണ്ടും വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് നബിയാണ് പ്ലെയർ ഓഫ് ദ മാച്ച്. മറുപടി കൃത്യം 180 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റില്‍ 27 റണ്‍സ് നേടി. 10.1 ഓവറില്‍ 55 റണ്‍സില്‍ നില്‍ക്കേ ഓപ്പണര്‍മാരായ റഹ്മനുള്ള ഗുര്‍ബാസും (10), ഇബ്രാഹിം സദ്രനും (20) പവലിയനിലെത്തി. എന്നാല്‍, രണ്ടാം വിക്കറ്റില്‍ റഹ്മത് ഷായും (54 പന്തില്‍ 52) ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും (64 പന്തിൽ 56 നോട്ടൗട്ട്) ചേര്‍ന്ന് അഫ്ഗാനിസ്ഥാനെ വിജയ വഴിയിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ടാണ് ഇവര്‍ സ്ഥാപിച്ചത്. 28 പന്തിൽ 31 റൺസുമായി അസ്മുത്തുള്ള ഒമറാസിയും പുറത്താകാതെനിന്നു. നാലാം വിക്കറ്റിൽ ഷാഹിദി-ഒമറാസി സഖ്യം അഭേദ്യമായ 52 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി.
Source link