മുംബൈ: വായുമലിനീകരണത്തിന്റെ പേരിൽ ബിസിസിഐ കരിമരുന്ന്പ്രയോഗം വേണ്ടെന്നുവച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ അടിയിൽ മുംബൈയിൽ ലങ്കയുടെ പുക കണ്ടു. ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തു കൊണ്ടും നടത്തിയ ആക്രമണത്തിൽ ശ്രീലങ്ക ചാന്പൽ. ലങ്കാദഹനം അരങ്ങേറിയ ഐസിസി ഏകദിന ലോകകപ്പിൽ 302 റൺസിന്റെ കൂറ്റൻ ജയത്തോടെ ഇന്ത്യ സെമിയിലേക്ക്. സ്കോർ: ഇന്ത്യ 50 ഓവറിൽ 357/8. ശ്രീലങ്ക 19.4 ഓവറിൽ 55. അഞ്ച് ഓവറിൽ 18 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ ബൗളിംഗാണ് ലങ്കയെ ചാന്പലാക്കിയത്. ഷമിയാണ് പ്ലെയർ ഓഫ് ദ മാച്ച്. അപരാജിതരായി മുന്നേറുന്ന ഇന്ത്യ, തുടർച്ചയായ ഏഴാം ജയത്തോടെ സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമായി. വിരാട് കോഹ്ലി 49-ാം ഏകദിന സെഞ്ചുറിക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് നീണ്ടെങ്കിലും മുംബൈ വാങ്കഡെ സ്റ്റേഡിയം അടക്കിവാണ, സെഞ്ചുറിയോളം കരുത്തുള്ള ഇന്നിംഗ്സുമായി കിംഗ് കോഹ്ലിയുടെ റണ്‍ നൃത്തം. സെഞ്ചുറിയോളംപോന്ന ഇന്നിംഗ്സുമായി ശുഭ്മാന്‍ ഗില്ലും കളം നിറഞ്ഞപ്പോള്‍ ഇന്ത്യയുടെ ഐസിസി ഏകദിന ലോകകപ്പ് സെമി സ്വപ്നം മൂന്ന് മത്സരം ബാക്കിനില്‍ക്കേ സഫലം. ഗില്‍ 92 പന്തില്‍ 92ഉം കോഹ്ലി 94 പന്തില്‍ 88ഉം റണ്‍സ് നേടി. തൊട്ടുപിന്നാലെ വിമര്‍ശന ശരങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ഇന്നിംഗ്സുമായി ശ്രേയസ് അയ്യറിന്റെ കടന്നാക്രമണംകൂടി ചേര്‍ന്നതോടെ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ 50 ഓവറില്‍ അടിച്ചുകൂട്ടിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ്. ഗില്‍- കോഹ്ലി ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യക്കായി ഇന്നിംഗ്സിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി രോഹിത് ശര്‍മ മികച്ച തുടക്കം നല്കി. എന്നാല്‍, തൊട്ടടുത്ത പന്തില്‍ ദില്ഷന് മദുശങ്ക രോഹിത്തിന്റെ വിക്കറ്റ് തെറിപ്പിച്ചു. എന്നാല്‍, രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 179 പന്തില്‍ 189 റണ്‍സ് അടിച്ചുകൂട്ടി. ഗില്ലിന്റെ തുടക്കം പതുക്കെയായിരുന്നു. അതിനുകൂടി കോഹ്ലി ആക്രമിച്ചു. നേരിട്ട 50-ാം പന്തില്‍ കോഹ്ലി അര്‍ധശതകത്തില്‍. തൊട്ടുപിന്നാലെ ഗില്ലും അര്‍ധസെഞ്ചുറിയിലെത്തി. നേരിട്ട 55-ാം പന്തിലായിരുന്നു ഗില്ലിന്റെ അര്‍ധസെഞ്ചുറി. രണ്ട് സിക്സും 11 ഫോറും അടക്കം 91 പന്തില്‍ 92 റണ്‍സെടുത്ത് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മാന്‍ ഗില്‍ മദുശങ്കയുടെ പന്തില്‍ അപ്പര്‍ കട്ടിനുശ്രമിച്ച് വിക്കറ്റിനു പിന്നില്‍ കുശാല്‍ മെന്‍ഡിസിനു ക്യാച്ച് നല്കി മടങ്ങി. അര്‍ഹിച്ച സെഞ്ചുറിയാണ് എട്ട് റണ്‍സ് അകലെ ഗില്ലിനു നഷ്ടപ്പെട്ടത്. മൂന്ന് റണ്‍സിന്റെ ഇടവേളയില്‍ കോഹ്ലിയും അനാവശ്യ ഷോട്ടില്‍ പുറത്ത്. ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ 49 ഏകദിന സെഞ്ചുറി എന്ന റിക്കാര്‍ഡിനൊപ്പമെത്താന്‍ 12 റണ്‍സ്കൂടി വേണ്ടിയിരിക്കേ മദുശങ്കയുടെ പന്തില്‍ കോഹ്ലിയും മടങ്ങി, 94 പന്തില്‍ 11 ഫോറിന്റെ സഹായത്തോടെ 88 റണ്‍സ്. അതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 193 എന്ന നിലയിലായിരുന്ന ഇന്ത്യ മൂന്നിന് 196.
ശ്രേയസ് വെടിക്കെട്ട് നാലാം നമ്പറില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയായിരുന്ന ശ്രേയസ് അയ്യറിന്റെ വെടിക്കെട്ടായിരുന്നു തുടര്‍ന്ന് വാങ്കഡേയിൽ. 36 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ശ്രേയസ് അയ്യര്‍ 56 പന്തില്‍ ആറ് സിക്സും മൂന്ന് ഫോറും അടക്കം 82 റണ്‍സ് അടിച്ചുകൂട്ടി. 24 പന്തില്‍ 35 റണ്‍സുമായി രവീന്ദ്ര ജഡേജയും ശ്രേയസിന് മികച്ച പിന്തുണ നല്കി. അതോടെ ഇന്ത്യന്‍ സ്കോര്‍ 357ല്‍ എത്തി. കെ.എൽ. രാഹുല്‍ (21), സൂര്യകുമാര്‍ യാദവ് (12) എന്നിവര്‍ക്ക് മികച്ച ഇന്നിംഗ്സ് കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. ശ്രീലങ്കയുടെ ദില്ഷന് മദുശങ്ക 10 ഓവറില്‍ 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷമി-ബുംറ-സിറാജ് 358 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ശ്രീലങ്കയെ ആദ്യ സ്പെല്ലില്‍ത്തന്നെ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും എറിഞ്ഞുടച്ചു. 3.1 ഓവറില്‍ മൂന്ന് റണ്‍സ് എടുക്കുന്നതിനിടെ നാല് ലങ്കന്‍ വിക്കറ്റുകള്‍ ആദ്യ സ്പെല്ലില് വീണു. 1.5 ഓവറില്‍ റണ്‍ വഴങ്ങാതെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിറാജായിരുന്നു സിംഹളവീര്യം ഇല്ലാതാക്കിയത്. ബൗളിംഗ് ചെയ്ഞ്ചായി എത്തിയ മുഹമ്മദ് ഷമിയും ലങ്കക്കാരെ എറിഞ്ഞോടിച്ചു. ഷമിയുടെ ആദ്യ ഓവറില്‍ അടുത്തടുത്ത പന്തില്‍ ചരിത് അസലങ്കയും (1), ദുഷന്‍ ഹേമന്തയും (0) പുറത്ത്. മെയ്ഡന്‍ ഓവറില്‍ രണ്ട് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. അതോടെ 9.4 ഓവറില്‍ 14/6 എന്ന ദയനീയാവസ്ഥയിലായി ശ്രീലങ്ക. ഓപ്പണര്‍മാരായ പതും നിസാങ്ക, ദിമുത് കരുണരത്നെ എന്നിവരടക്കം മൂന്ന് ഗോള്‍ഡന്‍ ഡക്കാണ് ലങ്കന്‍ ഇന്നിംഗ്സില്‍ പിറന്നത്. തുടർന്ന് മൂന്ന് വിക്കറ്റ് കൂടി പിഴുത ഷമി ഈ ലോകകപ്പിൽ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 2023 ലോകകപ്പിൽ മൂന്ന് മത്സരം മാത്രം കളിച്ച ഷമി രണ്ട് അഞ്ച് വിക്കറ്റും ഒരു നാല് വിക്കറ്റ് നേട്ടവും ഉൾപ്പെടെ 14 പേരെ ഇതുവരെ പുറത്താക്കി. സിറാജ് മൂന്നും ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ഷമിയിസം… ഇന്ത്യക്കായി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറെന്ന നേട്ടം ഇനി മുഹമ്മദ് ഷമിയുടെ പേരിൽ. ഇന്നലെ ശ്രീലങ്കന്‍ ബാറ്റര്‍ രജിതയുടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമിയുടെ ലോകകപ്പ് വിക്കറ്റ് നേട്ടം 45 ആയി (13 മത്സരം). 23 മത്സരങ്ങളില്‍നിന്ന് 44 വിക്കറ്റ് നേടിയ സഹീര്‍ ഖാൻ, 33 മത്സരങ്ങളില്‍നിന്ന് 44 വിക്കറ്റ് നേടിയ ജവഗല്‍ ശ്രീനാഥ് എന്നിവര്‍ കൈവശം വച്ചിരുന്ന റിക്കാര്‍ഡാണ് ഷമി തിരുത്തിയത്. ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് പ്രകടനം എന്ന നേട്ടത്തിലും ഷമി എത്തി.
Source link