മുംബൈ: 2023 ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഏഴാം പോരാട്ടദിനം ഇന്ന്. ആദ്യ ആറ് മത്സരങ്ങളിലും ജയിച്ച് ഈ ലോകകപ്പില്‍ ഇതുവരെ പരാജയം രുചിച്ചിട്ടില്ലാത്ത രോഹിത് ശര്‍മയും സംഘവും ഏഴാം ജയത്തിലായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇറങ്ങും. അയൽക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ലങ്കയെ കീഴടക്കി ഇന്ത്യ കപ്പുയര്‍ത്തിയത് ഇതേ സ്റ്റേഡിയത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. ഇന്ന് ജയിച്ചാല്‍ സെമി ഫൈനല്‍ ഉറപ്പിക്കാം എന്ന നിലയിലാണ് ഇന്ത്യ ഇറങ്ങുന്നത്. നിലവിലെ ഫോം അനുസരിച്ച് ഇന്ത്യ ഏഴാം ജയത്തിലൂടെ സെമി ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമാകാനാണ് സാധ്യത. ബുംറ, ഷമി പേസ് ബൗളിംഗിന്റെ മാസ്മരികതയുമായി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഇന്ത്യന്‍ ആക്രമണം നയിക്കുന്നതാണ് ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കണ്ടത്. ഇന്ത്യയുടെ സ്കോര്‍ 229ല്‍ നിര്‍ത്തിയ ഇംഗ്ലണ്ടിനെ 129ന് എറിഞ്ഞിട്ട പ്രത്യാക്രമണമായിരുന്നു ഷമിയും ബുംറയും നടത്തിയത്. ഏകദിന ലോകകപ്പില്‍ ഷമി 40 വിക്കറ്റ് നേട്ടം തികച്ചു. 24.65 ശരാശരിയില്‍ 180 ഏകദിന വിക്കറ്റുകളാണ് ഷമിക്കുള്ളത്. ഈ ലോകകപ്പില്‍ 14 വിക്കറ്റുമായി ബുംറ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. 23.40 ശരാശരിയില്‍ 143 ഏകദിന വിക്കറ്റാണ് ബുംറയ്ക്കുള്ളത്. 1999 ലോകകപ്പില്‍ റോബിന് സിംഗ് 31 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ലങ്കയ്ക്കെതിരേ ഒരു ഇന്ത്യന്‍ ബൗളറിന്റെ ഏറ്റവും മികച്ച പ്രകടനം. ലോകകപ്പില്‍ ലങ്കയ്ക്കെതിരേ മറ്റൊരു ഇന്ത്യന്‍ താരത്തിനും അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. നിസാങ്ക, മെന്‍ഡിസ് ശ്രീലങ്കയുടെ ബാറ്റിംഗ് ആശ്വാസം പതും നിസാങ്കയും കുശാല്‍ മെന്‍ഡിസുമാണ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 1108 റണ്‍സ് നിസാങ്കയ്ക്കുണ്ട്. ഈ ലോകകപ്പില്‍ ആറ് അര്‍ധസെഞ്ചുറി അടക്കം 289 റണ്‍സും നിസാങ്ക സ്വന്തമാക്കി. ഒരു സെഞ്ചുറി അടക്കം 268 റണ്‍സ് കുശാല്‍ മെന്‍ഡിസിനുണ്ട്. ഏകദിനത്തില്‍ 3500 റണ്‍സ് തികയ്ക്കാന്‍ 17 റണ്‍സ് കൂടി മെന്‍ഡിസിനു മതി. ഇന്ത്യക്കെതിരേ ഇന്ന് ജയിച്ചില്ലെങ്കില്‍ ശ്രീലങ്കയുടെ സെമി ഫൈനല്‍ മോഹം ഏറക്കുറെ അവസാനിക്കും. അഫ്ഗാനിസ്ഥാനോട് ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് ലങ്ക എത്തുന്നത്. കോഹ്ലി… കോഹ്ലി… ശ്രീലങ്കയ്ക്കെതിരേ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ താരം വിരാട് കോഹ്ലിയാണ്. 62.65 ശരാശരിയില്‍ 10 സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും അടക്കം 2506 റണ്‍സ് ലങ്കയ്ക്കെതിരേ കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. ഈ ലോകകപ്പില്‍ 88.50 ശരാശരിയില്‍ 354 റണ്‍സും കോഹ്ലി നേടി. താരത്തിന്റെ 49-ാം ഏകദിന സെഞ്ചുറി സച്ചിന്റെ നാടായ മുംബൈയില്‍ പിറക്കുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. 49 സെഞ്ചുറിയുള്ള സച്ചിന് തെണ്ടുല്‍ക്കറിന്റെ പേരിലാണ് ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ ശതകത്തിന്റെ റിക്കാര്‍ഡ്. ഏകദിനത്തില്‍ 150 സിക്സ് തികയ്ക്കാന്‍ 18-ാം നമ്പര്‍ താരത്തിന് ഇന്നു സാധിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. നിലവില്‍ 148 സിക്സ് കോഹ്ലിക്കുണ്ട്. 312 സിക്സുള്ള രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ ഒന്നാമന്.
നേര്‍ക്കുനേര്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയും ശ്രീലങ്കയും ഇതുവരെ 167 മത്സരങ്ങളില്‍ ഏറ്റുമുട്ടി. 98 ജയവുമായി ഇന്ത്യയാണ് വിജയ കണക്കില്‍ മുന്നില്‍. ശ്രീലങ്കയ്ക്ക് 57 ജയം മാത്രമാണുള്ളത്. ഒരു മത്സരം ടൈ ആയപ്പോള്‍ 11 എണ്ണം ഫലമില്ലാതെ അവസാനിച്ചു. ഒമ്പത് പ്രാവശ്യം ഏകദിന ലോകകപ്പില്‍ ഇരുടീമും ഏറ്റുമുട്ടി. നാല് ജയം വീതം ഇന്ത്യയും ലങ്കയും പങ്കിട്ടപ്പോള്‍ ഒരു മത്സരത്തില്‍ ഫലമില്ലായിരുന്നു. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയായിരുന്നു ഇന്ത്യ കപ്പുയര്‍ത്തിയത്, അതും മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍. 2019 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ശ്രീലങ്കയ്ക്കുമേല്‍ ആധിപത്യം. ഗിൽ, ശ്രേയസ്, സിറാജ് ? ഐസിസി ഏകദിന ലോകകപ്പിലെ ഏഴാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ടീമില്‍ അഴിച്ചുപണി ഉണ്ടാകുമോ എന്നതിനാണ് ഏവരുടെയും കാത്തിരിപ്പ്. ഇതുവരെ ഫോം കണ്ടെത്താത്ത മൂന്ന് കളിക്കാര്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവണില്‍ ഉണ്ട്. ഓപ്പണര്‍ ശുഭ്മാന്‍ ഗിൽ, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യർ, പേസ് ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവരാണ് ഫോം കണ്ടെത്താന്‍ വിഷമിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ മൂവരെയും ഒന്നിച്ച് മാറ്റാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ ആര്. അശ്വിനെ തിരിച്ച് വിളിച്ചു മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാന്‍ തീരുമാനിക്കണം. അതല്ലെങ്കില്‍ ശ്രേയസ് അയ്യറിനെയോ ഗില്ലിനെയോ നിലനിര്‍ത്തി ഇഷാന് കിഷന്, ഷാര്‍ദുള്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് പ്ലേയിംസ് ഇലവണില്‍ ഇടംനല്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Source link