പൂന: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടം. കരുത്തരായ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഇന്നു പൂനയിൽ കൊന്പുകോർക്കും. ഉച്ചകഴിഞ്ഞ് രണ്ട് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം. ഇന്ന് ഏറ്റുമുട്ടുന്ന രണ്ടിൽ ഒരു ടീം, കഴിഞ്ഞ കളിയിൽ ജയത്തിന് അടുത്തെത്തി തോറ്റുപോയവരും മറ്റൊരു കൂട്ടർ, കൈവിട്ടെന്ന കരുതിയ ജയം നേടിയെടുത്തവരുമാണ്. കഴിഞ്ഞ കളിയിൽ ഓസ്ട്രേലിയ മുന്നോട്ടു വച്ച 388 എന്ന വൻ ലക്ഷ്യത്തിന് അഞ്ചു റണ്‍സകലെ കിവീസ് കീഴടങ്ങിയപ്പോൾ, ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെതിരേ ഒരു വിക്കറ്റ് ജയം നേടി. തുടർച്ചയായി രണ്ടു മത്സരം തോറ്റെത്തുന്ന ന്യൂസിലൻഡ് നിലവിലെ സ്ഥാനം കൈവിടാതിരിക്കാൻ ജയം മാത്രമാണു ലക്ഷ്യമിടുക. നിലവിൽ എട്ടു പോയിൻുമായി മൂന്നാം സ്ഥാനത്താണു കിവീസ്. ദക്ഷിണാഫ്രിക്കയാണെങ്കിൽ ജയം തുടർന്നു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാണ് ഇറങ്ങുന്നത്. പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്താണു ദക്ഷിണാഫ്രിക്ക. ഇന്നു ജയിച്ചാൽ 12 പോയിന്റുമായി റണ്‍ റേറ്റിൽ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്താം. സെമി ഫൈനൽ ഉറപ്പിക്കുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
രണ്ടു തോൽവികൾ നേരിട്ടുകഴിഞ്ഞ കിവീസിന് ഇനിയൊരു പരാജയത്തെക്കുറിച്ചു ചിന്തിക്കാനാവില്ല. തോറ്റാൽ കിവീസിന്റെ സെമി പ്രവേശനം കടുപ്പമാകും. മൂന്നു മത്സരംകൂടിയേ കിവീസിനുള്ളൂ. ജയത്തോടെ ഇന്ത്യക്കൊപ്പം അവസാന നാലിലേക്ക് അടുക്കാനാണു ദക്ഷിണാഫ്രിക്കയും പോരാടുന്നത്. ബാറ്റർമാർ മികച്ച ഫോമിലെന്നതാണ് ഇരുടീമിന്റെയും ആശ്വാസം.
Source link