കോല്‍ക്കത്ത: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി പാക്കിസ്ഥാന്. ഈഡൻ ഗാർഡൻസിൽ നടന്ന നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാന് ഏഴു വിക്കറ്റുകള്‍ക്ക് ബംഗ്ലാദേശിനെ തകര്‍ത്തു. ബംഗ്ലാദേശ് 45.1 ഓവറില്‍ 204. പാക്കിസ്ഥാന് 32.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 205. ജയിച്ചെങ്കിലും പാക്കിസ്ഥാന് സെമിക്കുള്ള സാധ്യതകള്‍ വിദൂരമാണ്. ആറാം തോല്‍വിയോടെ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം പാക്കിസ്ഥാന് നേടുന്ന ആദ്യ ജയമാണ്. ഓപ്പണര്‍മാരായ ഫഖര്‍ സമാന് – അബ്ദുള്ള ഷഫീഖ് കൂട്ടുകെട്ടാണ് പാക് ജയം എളുപ്പമാക്കിയത്. 21.1 ഓവറില്‍ 128 റണ്‍സാണ് ഇരുവരും സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.
പ്ലെയിംഗ് ഇലവണിലേക്ക് തിരിച്ചെത്തിയ ഫഖര്‍ സമാന് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 74 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഏഴ് സിക്സും പറത്തി 81 റണ്‍സെടുത്ത സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോററും. ഷഫീഖ് 69 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 68 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബാബര്‍ അസമിന് (9) ഈ മത്സരത്തിലും തിളങ്ങാനായില്ല.
Source link