അയ്താന അഭിമാനം
സ്പെയിനിന്റെയും ബാഴ്സലോണയുടെയും ലാ മാസിയയുടെയും അഭിമാനം- അതാണ് അയ്താന ബൊൻമാറ്റി. സ്പാനിഷ് വനിതാ ടീമിനെ ലോകകപ്പ് കിരീടനേട്ടത്തിലേക്കു നയിച്ചതിന്റെ അംഗീകാരമാണ് ഈ ബലോണ്‍ ദോര്‍ പുരസ്കാരം. ബാഴ്സലോണയിലെ വിലാനോവയിൽ 1998 ജനുവരി 18-നാണ് അയ്താനയുടെ ജനനം. മകളെ പാട്ടുകാരിയാക്കാൻ മാതാപിതാക്കൾ ആഗ്രഹിച്ചെങ്കിലും പന്തിനോടായിരുന്നു അയ്താനയ്ക്കു കന്പം. സിഡി റൈബെസ്, സിഎഫ് കുബെലെസ് എന്നീ പ്രാദേശിക ക്ലബ്ബുകൾക്കൊപ്പമാണ് ഏഴു വയസുകാരി അയ്താന ഫുട്ബോൾ കളിച്ചു തുടങ്ങിയത്. ഈ രണ്ടു ക്ലബ്ബുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ടീമായിട്ടായിരുന്നു കളിച്ചിരുന്നത്. അതു തന്റെ കരിയറിൽ ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്ന് അയ്താന പിന്നീട് പറഞ്ഞിട്ടുണ്ട്. ലാ മാസിയക്കാലം 13-ാം വയസിൽ അയ്താന ബാഴ്സലോണയുടെ ഫുട്ബോൾ അക്കാഡമിയായ ലാ മാസിയയിലെത്തി. രണ്ടു വർഷത്തിനുള്ളിൽ ജുവനൈൽ കേഡറ്റിൽ അയ്താന സ്ഥാനംപിടിച്ചു. പിന്നാലെ, ബാഴ്സലോണ ബി ടീമിന്റെ ഭാഗമായി. ആ സീസണിൽ ചാന്പ്യൻഷിപ് സ്വന്തമാക്കിയ ബി ടീമിനായി അയ്താന 14 ഗോൾ നേടി. ആ സീസണിനൊടുവിൽ ബാഴ്സലോണ സീനിയർ ടീമിലെത്തി. അരങ്ങേറ്റം 2016ൽ റയൽ സൊസിദാദിനെതിരായ മത്സരത്തിലായിരുന്നു ബാഴ്സ ജഴ്സിയിലെ അരങ്ങേറ്റം. 2020ൽ അയ്താന ബാഴ്സയ്ക്കൊപ്പം ആദ്യ ലീഗ് കിരീടം സ്വന്തമാക്കി. പിന്നാലെ യുവേഫ ചാന്പ്യൻസ് ലീഗും.
ഫൈനലിൽ അയ്താന ഗോൾ നേടി. 2023ൽ മിഡ്ഫീൽഡറിൽനിന്ന് ആക്രമണത്തിലേക്കു താരത്തെ പറിച്ചുനട്ടെങ്കിലും പ്രകടനത്തെ അതൊട്ടും ബാധിച്ചില്ല. ബാഴ്സലോണ വീണ്ടും ലാ ലിഗയും ചാന്പ്യൻസ് ലീഗ് കിരീടവും അക്കൗണ്ടിലെത്തിച്ചു. സ്പാനിഷ് ടീമിൽ 15-ാം വയസിൽ അണ്ടർ-18 യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിലേക്ക് അയ്താന തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ-17 ലോകകപ്പ് കിരീടനേട്ടത്തിലും 2015ലെ അണ്ടർ-17 യൂറോ കിരീടനേട്ടത്തിലും അയ്താന നിർണായകശക്തിയായി. 2018ൽ ഫിഫ അണ്ടർ-20 ലോകകപ്പിൽ അയ്താന സ്പാനിഷ് ടീമിന്റെ ക്യാപ്റ്റനായി. ഫൈനൽ വരെ ടീമിനെ നയിക്കാൻ അയ്താനയ്ക്കു കഴിഞ്ഞു. ലോകകിരീടം 2017-ൽ സ്പാനിഷ് ദേശീയ ടീമിനായി ആദ്യമായി കളത്തിലിറങ്ങി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഓസ്ട്രിയയ്ക്കെതിരേയായിരുന്നു ദേശീയ ജഴ്സിയിലെ ആദ്യ മത്സരം. 2023 അയ്താനയുടെ സുവർണവർഷമാണ്. സ്പാനിഷ് ജഴ്സിയിൽ അവർ ലോകകിരീടമുയർത്തി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും അയ്താനയ്ക്കായിരുന്നു. ഇപ്പോഴിതാ, ലോകത്തെ ഏറ്റവും മികച്ച വനിതാതാരത്തിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരവും.
Source link