മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്കു ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനെ സ്വന്തം കാണികളുടെ മുന്നിൽ തകർത്ത് സിറ്റി. എർലിംഗ് ഹാളണ്ടിന്റെ ഇരട്ടഗോൾ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സിറ്റി എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെടുത്തി. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫഡിൽ ആദ്യമായാണു ഹാളണ്ട് ഇരട്ടഗോൾ നേടുന്നത്. 26-ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്ന് ആദ്യ ഗോൾ കണ്ടെത്തിയ ഹാളണ്ട് 49-ാം മിനിറ്റിലും യുണൈറ്റഡ് വലകുലുക്കി. 80-ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിയുടെ മൂന്നാം ഗോളും നേടി. ഹാളണ്ടിന്റെ അസിസ്റ്റിൽനിന്നായിരുന്നു ഫോഡന്റെ ഗോൾ. ജയത്തോടെ 24 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്താണ്. ഇത്രതന്നെ പോയിന്റുള്ള ആഴ്സണൽ രണ്ടാമതും രണ്ടു പോയിന്റ് ലീഡുള്ള ടോട്ടനം ഒന്നാം സ്ഥാനത്തുമാണ്. 15 പോയിന്റുമായി യുണൈറ്റഡ് എട്ടാമതാണ്. സിറ്റിക്കെതിരേ കഴിഞ്ഞ എട്ടു കളിയിൽ ആറിലും യുണൈറ്റഡിനു തോൽവിയായിരുന്നു. പെപ് ഗാർഡിയോളയ്ക്കു കീഴിൽ ഓൾഡ് ട്രാഫഡിൽ സിറ്റിയുടെ ഏഴാം ജയമാണിത്.
ഡിയോഗോ ജോട്ട, ഡാർവിൻ നൂനസ്, മുഹമ്മദ് സല എന്നിവരുടെ ഗോളുകളിൽ ലിവർപൂൾ 3-0ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ചു. ജയത്തോടെ ലിവർപൂൾ 23 പോയിന്റുമായി നാലാമതെത്തി. മറ്റു മത്സരങ്ങളിൽ എവർട്ടണ് വെസ്റ്റ് ഹാമിനെയും (1-0), ആസ്റ്റണ്‍ വില്ല ല്യൂട്ടണെയും (3-1) പരാജയപ്പെടുത്തി. ബ്രൈറ്റണ്-ഫുൾഹാം മത്സരം ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞു.
Source link