സൂപ്പർ ഹിറ്റ് ഷോ
ലക്നോ: അപരാജിതരുടെ സംഘം കപ്പുയർയർത്തുമോ? ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ വിജയത്തിനുശേഷം ആരാധകർ കിരീടം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. പാവം ഇംഗ്ലണ്ട്! മറുപടി ബാറ്റിംഗിൽ ജസ്പ്രീത് ബുംറ വിക്കറ്റ്ക്കൊയ്ത്ത് ആരംഭിക്കുന്നതുവരെ എല്ലാം അവരുടെ വഴിക്കായിരുന്നു. പക്ഷേ, ബുംറയുടെയും (6.5 ഓവറിൽ 3/32) മുഹമ്മദ് ഷമിയുടെയും (ഏഴ് ഓവറിൽ 4/22) സ്പെല്ലുകൾ ഇംഗ്ലണ്ടിന്റെ അടിവേരിളക്കി. ഇരുവരും ചേർന്ന് പുതിയ വെള്ളപ്പന്തിനെ തീയുണ്ടയാക്കി മാറ്റിയപ്പോൾ ലക്നോയിൽ നിലവിലെ ചാന്പ്യൻമാർ തകർന്നടിഞ്ഞു; ലോകകപ്പിൽ സെമി പ്രതീക്ഷകൾ നിലനിർത്താമെന്ന ജോസ് ബട്ലറുടെയും സംഘത്തിന്റെയും പ്രതീക്ഷകൾ ചാന്പലായി. ഇന്ത്യക്കു ടൂർണമെന്റിലെ തുടർച്ചയായ ആറാം വിജയം. സ്വപ്നതുല്യം ശരാശരിക്കണക്കുകളിൽ വിശ്വസിച്ചു മുന്നോട്ടുപോകുന്ന ഒരു സംഘമല്ല നിലവിലെ രോഹിത് ശർമയുടെ ഇന്ത്യൻ ടീം. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലുമെല്ലാം അവർ പദ്ധതികൾ കൃത്യമായി നടപ്പാക്കി മുന്നോട്ടുകുതിക്കുന്നു. ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്തപ്പോൾ ഇന്ത്യ നേടിയ 229/9 എന്ന സ്കോർ ഈ ലോകകപ്പിലെ ബാറ്റിംഗ് ശരാശരിയുടെ ഏഴയലത്തുപോലും വരുന്നതല്ല. ഇന്ത്യൻ ബാറ്റർമാർക്കു മുട്ടിടിച്ച ലക്നോയിലെ പിച്ചിൽ ഇംഗ്ലണ്ടിനു മികച്ച തുടക്കവും ലഭിച്ചു. ഡേവിഡ് മലാൻ മുഹമ്മദ് സിറാജിനെ ബൗണ്ടറിയിലേക്കു പായിച്ചപ്പോൾ സന്ദർശകർ വിജയം സ്വപ്നം കണ്ടതാണ്. എന്നിട്ടും 34.5 ഓവറിൽ കളി അവസാനിപ്പിച്ച് ഇന്ത്യ 100 റണ്സിനു വിജയിച്ചു. കുറഞ്ഞ വിജയലക്ഷ്യം പിന്തുടരുന്പോൾ നാലോവറിൽ 26 റണ്സെന്ന സ്കോർ ടീമിനു പ്രതീക്ഷ നൽകേണ്ടതാണ്. എന്നാൽ, ബുംറയുടെ ‘ബൂം ബൂം’ പന്തുകൾ ഏകന സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ഡേവിഡ് മലാന്റെ പ്രതിരോധം തകർത്ത ബുംറ, തൊട്ടടുത്ത പന്തിൽ ജോ റൂട്ടിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. ആദ്യ പത്തോവറിൽ ബാറ്റു ചെയ്യാനിറങ്ങിയാൽ പ്രകടനം മോശമാക്കുന്ന പതിവിനെ റൂട്ടിനു പഴിക്കാമെങ്കിലും, ബുംറയുടെ പന്തുകളുടെ കരുത്തിനെ അതൊട്ടും മോശമാക്കുന്നില്ല. ഏകന സ്റ്റേഡിയത്തിലെ അരലക്ഷത്തിനടുത്ത് ഇന്ത്യൻ ആരാധകർക്ക് ആഘോഷിക്കാൻ മറ്റെന്തു വേണം. ഹീറോ ഷമി പിന്നെ ഷമിയുടെ ഊഴമായി. ബെൻ സ്റ്റോക്സിനെതിരായ എട്ടാം ഓവർ ഷമിയുടെ മാസ്റ്റർ ക്ലാസായിരുന്നു. എറൗണ്ട് ദി വിക്കറ്റിൽ പന്തെറിഞ്ഞ ഷമി, ഇടംകൈയൻ ബാറ്ററായ സ്റ്റോക്സിനെ വെള്ളംകുടിപ്പിച്ചു. ബാസ്ബോളിന്റെ ഉറക്കച്ചടവ് വിട്ടുമാറാത്ത സ്റ്റോക്സ് ഒടുവിൽ ക്ഷമ നശിച്ച് ആക്രമിക്കാനിറങ്ങിയ ഒരു നിമിഷം മതിയായിരുന്നു ഷമിക്കു വിക്കറ്റ് തെറിപ്പിക്കാൻ. പത്തു പന്തിൽ പൂജ്യം! ഇംഗ്ലണ്ട് 33/3. ഷമിയുടെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ജോണി ബെയർസ്റ്റോയും പവലിയനിൽ തിരിച്ചെത്തിയപ്പോൾ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടെന്നത് ഏറെക്കുറെ തീരുമാനമായിരുന്നു. പിന്നെ കുൽദീപിന്റെ ഊഴമായിരുന്നു. കുറഞ്ഞ ലക്ഷ്യത്തിലേക്ക് ക്ഷമയോടെ പിടിച്ചുനിന്ന് ഇന്നിംഗ്സ് കരുപ്പിടിപ്പിക്കാമെന്ന ഇംഗ്ലീഷ് പ്രതീക്ഷകൾ കുൽദീപ് ചാന്പലാക്കി. ജോസ് ബട്ലറുടെ കുറ്റി തെറിപ്പിച്ച ആ പന്തിനെ ലോകകപ്പിന്റെ ബോൾ എന്നു വിശേഷിപ്പിച്ചാലും അതിശയോക്തിയാകില്ല. പിടിച്ചുനിന്ന ലിയാം ലിവിംഗ്സ്റ്റണും കുൽദീപിനു മുന്നിൽ നമസ്കരിച്ച് പവലിയനിലെത്തി.
വിജയപാഠം? ആറു തുടർജയങ്ങളുമായി ഇന്ത്യ സെമി ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ടൂർണമെന്റിൽ ആദ്യമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്സ് ഒരു പാഠമാണ്. ക്ഷമയുടെ ശീലങ്ങൾ ഇന്ത്യൻ മുൻനിര പഠിക്കേണ്ടിയിരിക്കുന്നു. രോഹിത് ശർമയുടെ ബാറ്റിംഗ് ഒഴിച്ചുനിർത്തിയാൽ സൂര്യകുമാർ യാദവിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിന്റെ ഹൈലൈറ്റ്. ഒപ്പം മുഹമ്മദ് ഷമിയുടെ മാസ്റ്റർക്ലാസ് പ്രകടനവും. ഇരുവരെയും ഇനി പ്ലെയിംഗ് ഇലവനിൽനിന്ന് ഒഴിവാക്കാൻ ഇന്ത്യ അവിശ്വസനീയമായ മറ്റെന്തെങ്കിലും കാരണങ്ങൾ തേടേണ്ടിവരുമെന്നുറപ്പ്. ശ്രേയസോ സൂര്യയോ? ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് സൂപ്പർ ഹിറ്ററാണെന്ന കാര്യത്തിൽ തർക്കമില്ല. ഏകദിനത്തിന്റെ കാര്യം വന്നപ്പോൾ സൂര്യയുടെ പ്രകടനങ്ങളുടെ ശോഭ പലപ്പോഴും മങ്ങി. എല്ലാ പന്തും അടിച്ചുപറത്തണമെന്ന ട്വന്റി20 സമീപനമാണു താരത്തിനു വിനയായത്. എന്നാൽ, അടുത്തിടെ സൂര്യയുടെ പ്രകടനത്തിൽ മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. ഏകന സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ പ്രകടനം അത്തരത്തിലൊരു മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു. എല്ലാ പന്തും അടിച്ചുപറത്താനുള്ള ത്വര നിയന്ത്രിച്ച സൂര്യകുമാർ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പരാജയപ്പെട്ട പിച്ചിൽ സൂര്യ 47 പന്തിൽ നേടിയ 49 റണ്സ്, ലോകകപ്പ് ടീമിൽ ഇടംലഭിക്കാതെ പോയ മറ്റു താരങ്ങൾക്കുള്ള പാഠമാണ്. ബാറ്റിംഗ് പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, ശ്രേയസ് അയ്യരുടെ പ്ലെയിംഗ് ഇലവനിലെ സ്ഥാനം അവതാളത്തിലാക്കുകകൂടി ചെയ്തിട്ടുണ്ട് സൂര്യകുമാർ. കാരണം, പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന ഹാർദിക് പാണ്ഡ്യ വൈകാതെ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തും. അതോടെ മാനേജ്മെന്റിന് ശ്രേയസോ സൂര്യയോ എന്നു ചിന്തിക്കേണ്ടിവരും. ശ്രേയസിന്റെ മോശം പ്രകടനങ്ങളും നിർണായക സാഹചര്യങ്ങളിലെ സൂര്യയുടെ മികച്ച ഫോമും പരിഗണിച്ചാൽ സൂര്യ ടീമിലെത്തും. 360 ഡിഗ്രിയിൽ ഷോട്ടുതിർക്കാനും ബൗളർമാരേക്കാൾ സാഹചര്യങ്ങളെ ബഹുമാനിക്കാനുമുള്ള സൂര്യയുടെ കഴിവ് അവിടെ ബോണസാകും. ഇംഗ്ലീഷ് സ്പിന്നർമാരായ മോയിൻ അലിക്കും ആദിൽ റഷീദിനുമെതിരേ സൂര്യ പുറത്തെടുത്ത സ്വീപ് ഷോട്ടുകൾ താരത്തിന്റെ ക്ലാസ് വ്യക്തമാക്കുന്നു. സ്കോറിംഗ് ഏരിയ കൂടുതൽ വിശാലമാക്കണമെന്ന പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ വാക്കുകൾക്കു ചെവി കൊടുത്താൻ ഇന്ത്യൻ ടീമിൽ സൂര്യ സ്ഥിരസാന്നിധ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. പാണ്ഡ്യ കളിക്കില്ല മുംബൈ: ശ്രീലങ്കയ്ക്കെതിരേ വ്യാഴാഴ്ച നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക പാണ്ഡ്യ കളിച്ചേക്കില്ല. പരിക്കിനെത്തുടർന്ന് ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ മത്സരങ്ങൾ പാണ്ഡ്യക്കു നഷ്ടമായിരുന്നു.
Source link