കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍: ജോസും തൃപ്തിയും ജേതാക്കള്‍
കൊച്ചി: ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ 2023ന്റെ താരങ്ങളായി ജോസ് ഇല്ലിക്കലും തൃപ്തി കട്കര്‍ ചവാനും. ഫുള്‍ മാരത്തണ്‍ പുരുഷവിഭാഗത്തില്‍ വയനാട് സ്വദേശിയായ ജോസ് ഇല്ലിക്കലും വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ തൃപ്തി ചവാനുമാണ് ഒന്നാമതെത്തിയത്. മൂന്നു മണിക്കൂര്‍, രണ്ടു മിനിറ്റ് 55 സെക്കന്‍ഡിലാണ് ജോസ് 42.2 കിലോമീറ്റര്‍ ദൂരം ഫിനിഷ് ചെയ്തത്. സി.ബി. ബെന്‍സണ്‍ (03:05:34), ടി.ആര്. സുജിത്ത് (03:14:33) എന്നിവര്‍ ഈ വിഭാഗത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതകളുടെ ഫുള്‍ മാരത്തണില്‍ ഏകപക്ഷീയ വിജയമായിരുന്നു തൃപ്തി ചവാന്റേത്. 04:31:55ൽ ഒന്നാമതായി ഫിനിഷ് ചെയ്തു. ഐ.കെ. ഷൈമ (05:02:09) രണ്ടാം സ്ഥാനവും ഷൈനാമോള്‍ പാലത്താന (05:09:33) മൂന്നാം സ്ഥാനവും നേടി. ഹാഫ് മാരത്തണില്‍ കെ.എം. സജിത്ത് (01:21:49), എ.കെ. രമ (02:01:25) എന്നിവര്‍ യഥാക്രമം പുരുഷ, വനിത വിഭാഗങ്ങളില്‍ ചാമ്പ്യന്മാരായി. ഡേവിഡ് കൗലിഷോ (01:25:26) അതുല്‍ രാജ് (01:27:40) എന്നിവരാണ് പുരുഷ വിഭാഗത്തിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍. കെ.സി. ശ്രീദേവി (02:07:41) വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. സോജ സിയ (02:11:18) മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍നിന്നു തുടങ്ങി ഹോസ്പിറ്റല്‍ റോഡ്, ബോട്ട് ജെട്ടി, മറൈന്‍ ഡ്രൈവ് ക്വീന്‍സ് വേ, ഫോര്‍ഷോര്‍ റോഡ്, തേവര, രവിപുരം, നേവല്‍ ബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, എം.ജി. റോഡ് വഴി തിരികെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ അവസാനിക്കുന്ന വിധത്തിലായിരുന്നു മാരത്തണ്‍. പുലര്‍ച്ചെ 3.30ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ ബ്രാന്‍ഡ് അംബാസഡറും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന് തെണ്ടുല്‍ക്കറാണ് ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, ഫണ്‍ റണ്‍ എന്നിവയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്. വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. ഗ്രീന്‍ മാരത്തണിന്റെ ഭാഗമായി ഈ വര്‍ഷം 6000 മരങ്ങള്‍ നട്ടുപിടിപ്പിച്ചെന്ന് ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് എംഡിയും സിഇഒയുമായ വിഘ്നേഷ് ഷഹാനെ അറിയിച്ചു.
Source link