പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള 2023 ബാലന് ദി ഓര് പുരസ്കാര ജേതാവിനെ ഈ രാത്രി അറിയാം. ഇന്ത്യന്‍ സമയം രാത്രി 11.30ന് ആരംഭിക്കുന്ന ചടങ്ങിന്റെ അവസാനത്തോടെ ലോക ഫുട്ബോളറിനെ പ്രഖ്യാപിക്കും. പുരുഷ വിഭാഗത്തില്‍ ഏറ്റവും മികച്ച താരത്തിനുള്ള ബാലന് ദി ഓറിനൊപ്പം വനിതകള്‍ക്കുള്ള ബാലന് ദി ഓര് ഫെമിനിൻ, ഏറ്റവും മികച്ച പുരുഷ ഗോള്‍ കീപ്പറിനുള്ള യാഷിന് ട്രോഫി, ഏറ്റവും മികച്ച അണ്ടര്‍ 21 പുരുഷ താരത്തിനുള്ള കോപ്പ ട്രോഫി എന്നിവയും സമ്മാനിക്കും. മെസി വീണ്ടും ? 2022 ഓഗസ്റ്റ് ഒന്ന് മുതല്‍ 2023 ജൂലൈ 31 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബാലന് ദി ഓര് സമ്മാനിക്കുന്നത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2003നുശേഷം ബാലന് ദി ഓര് പുരസ്കാര നോമിനേഷന് പട്ടികയില്‍ ഇല്ലാത്ത വര്‍ഷമാണിതെന്നതും ശ്രദ്ധേയം. ഏഴ് തവണ ബാലന് ദി ഓര് സ്വന്തമാക്കിയ ലയണല്‍ മെസിയാണ് ഏറ്റവും കൂടുതല്‍ ഈ പുരസ്കാരം നേടിയതിന്റെ റിക്കാര്‍ഡ് പേരിലുള്ള താരം. 2023 ബാലന് ദി ഓറും മെസി സ്വന്തമാക്കി റിക്കാര്‍ഡ് പുതുക്കുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. 2022 ഓഗസ്റ്റ് ഒന്ന് മുതലുള്ള പ്രകടനം വിലയിരുത്തിയാല്‍ ലയണല്‍ മെസി ബാലന് ദി ഓര് സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്. കാരണം, ഇക്കാലയളവിലാണ് 2022 ഫിഫ ഖത്തര്‍ ലോകകപ്പില്‍ മെസി അര്‍ജന്റീനയെ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ (പാരീസ് സെന്റ് ജെര്മെയ്ന്) താരമായിരുന്ന മെസി, 2023 ജൂലൈ 15 മുതല്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലാണ്.
എര്‍ലിംഗ് ഹാലണ്ട് ലയണല്‍ മെസി ആയിരിക്കും ഇത്തവണത്തെ ബാലന് ദി ഓര് സ്വന്തമാക്കുക എന്നാണ് പൊതുവായ വിലയിരുത്തല്‍, എങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിംഗ് ഹാലണ്ട് ശക്തമായി രംഗത്തുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം ട്രിപ്പിള്‍ കിരീടം നേടിയതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഹാലണ്ട്. ജര്‍മന്‍ താരം ജമാല്‍ മുസ്യാല, ഇംഗ്ലീഷ് താരങ്ങളായ ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, ഹാരി കെയ്ൻ, നിലവിലെ ബാലന് ദി ഓര് ജേതാവായ ഫ്രാന്‍സിന്റെ കരിം ബെന്‍സെമ, കിലിയന്‍ എംബപ്പെ, ബെല്‍ജിയത്തിന്റെ കെവിന് ഡി ബ്രൂയിൻ, അര്‍ജന്റീനക്കാരായ ലൗതാരൊ മാര്‍ട്ടിനെസ്, ജൂലിയന്‍ ആല്‍വരെസ് തുടങ്ങിയവരും പുരസ്കാരത്തിനുള്ള അവസാന പട്ടികയിലുണ്ട്.
Source link