ചെന്നൈ: സെമി ഫൈനൽ എന്ന സ്വപ്നത്തിലേക്ക് അടുക്കാനുള്ള ജയത്തിനായി ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് രണ്ട് പച്ച ജഴ്സിക്കാരുടെ പോരാട്ടം. പച്ച ജഴ്സിക്കാരായ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും നേർക്കുനേർ ഇറങ്ങുന്പോൾ ആരു പച്ചതൊടും എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്ന് ജയിച്ചാൽ മാത്രമേ പാക്കിസ്ഥാന് സെമി സാധ്യത നിലനിർത്താനാകൂ. അതേസമയം, അഞ്ചാം ജയം നേടി പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് കുതിക്കാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. പ്രോട്ടീസ് ആധിപത്യം അപ്രതീക്ഷിതമായി നെതർലൻഡ്സിനോട് പരാജയപ്പെട്ടതൊഴിച്ചാൽ ദക്ഷിണാഫ്രിക്കയുടെ ആധികാരികതയോടെ 2023 ലോകകപ്പിൽ ജയം നേടിയ മറ്റൊരു ടീമില്ല. 100 റണ്‍സിൽ കുറഞ്ഞ ഒരു ജയം പ്രോട്ടീസിനില്ലെന്നതാണ് ശ്രദ്ധേയം. ശ്രീലങ്കയ്ക്കെതിരേ 102, ഓസ്ട്രേലിയയ്ക്കെതിരേ 134, ഇംഗ്ലണ്ടിനെതിരേ 229, ബംഗ്ലാദേശിനെതിരേ 149 എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കൻ വിജയ മാർജിൻ.
പാക്കിസ്ഥാനെതിരേ 107 ഏകദിന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക ഇതുവരെ ഇറങ്ങിയിട്ടുണ്ട്. 51-30 ആണ് പ്രോട്ടീസ് ജയം. ഡികോക്ക് x ഷഹീൻ അഞ്ച് മത്സരങ്ങളിൽ മൂന്ന് സെഞ്ചുറിയടക്കം 407 റണ്‍സുമായി ഈ ലോകകപ്പിൽ റണ്‍വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്ററാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റണ്‍ ഡികോക്ക്. ലോകകപ്പ് ചരിത്രത്തിൽ ഒരു എഡിഷനിൽ 500 റണ്‍സ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം എന്ന നേട്ടത്തിലേക്കടുക്കുകയാണ് ഡികോക്ക്. പാക് പേസർ ഷഹീൻ ഷാ അഫ്രീദിയും ഡികോക്കും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തെ ശ്രദ്ധേയ നിമിഷങ്ങൾ. അവസാനം നേർക്കുനേർ ഇറങ്ങിയ ആറ് ഏകദിന ഇന്നിംഗ്സിൽ രണ്ട് തവണ ഡികോക്കിനെ അഫ്രീദി പുറത്താക്കിയിട്ടുണ്ട്.
Source link