ബംഗളൂരു: ഐസിസി ഏകദിന ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ടിനു വീണ്ടും തോൽവി. 33.2 ഓവറിൽ 156നു പുറത്തായ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്ക എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി. 25.4 ഓവറിൽ 160 റണ്‍സ് നേടിയാണ് ലങ്കയുടെ ജയം. ഏഴ് ഓവറിൽ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ ലഹിരു കുമാരയാണ് പ്ലെയർ ഓഫ് ദ മാച്ച്. വട്ടപ്പൂജ്യം! ഇംഗ്ലണ്ടിന് ഈ ലോകകപ്പ് വട്ടപ്പൂജ്യമാണെന്നു പറഞ്ഞാൽ തെറ്റില്ല. കളിച്ച അഞ്ച് മത്സരങ്ങളിൽ നേടാനായത് ഒരു ജയം മാത്രം. ബംഗ്ലാദേശിനെതിരേ മാത്രമാണ് ഇംഗ്ലണ്ടിന് ഇതുവരെ ജയിക്കാൻ സാധിച്ചത്. ഇതോടെ 2023 ലോകകപ്പിൽ സെമി കാണാതെ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ട് പുറത്താകുമെന്ന് ഏകദേശം ഉറപ്പായി. അതേസമയം, ജയത്തോടെ ശ്രീലങ്ക തങ്ങളുടെ സെമി സാധ്യത നിലനിർത്തി. ശ്രീലങ്കയ്ക്കെതിരേ ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്കോറാണ് 33.2 ഓവറിൽ 156. ലോകകപ്പ് ചരിത്രത്തിൽ 13-ാം തവണയാണ് ഇംഗ്ലണ്ട് 200ൽ താഴ്ന്ന സ്കോറിൽ പുറത്താകുന്നത്.
അഞ്ചാം ജയം ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയുടെ തുടർച്ചയായ അഞ്ചാം ജയമാണ്. 2007, 2011, 2015, 2019 ലോകകപ്പുകളിലും ലങ്കയ്ക്കു മുന്നിൽ ഇംഗ്ലണ്ട് നിലംപൊത്തിയിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. 73 പന്തിൽ 43 റണ്‍സ് നേടിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജോണി ബെയൻസ്റ്റൊ 31 പന്തിൽ 30 റണ്‍സ് നേടി. ലങ്കയ്ക്കുവേണ്ടി ലഹിരു കുമാരയ്ക്കൊപ്പം എയ്ഞ്ചലൊ മാത്യൂസ്, കസണ്‍ രജിത എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ലങ്കയ്ക്കുവേണ്ടി പതും നിസാങ്ക (77), സധീര സമരവിക്രമ (65) എന്നിവർ അർധസെഞ്ചുറിയുമായി പുറത്താകാതെനിന്നു. കുശാൽ പെരേര (4), കുശാൽ മെൻഡിസ് (11) എന്നിവരുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടപ്പെട്ടത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 23 എന്ന നിലയിൽനിന്നാണ് നിസാങ്കയും സമരവിക്രമയും ടീമിനെ ജയത്തിലെത്തിച്ചത്.
Source link