ഡികോക്കിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കയ്ക്ക് ജയം
മുംബൈ: വാങ്കഡെയില്‍ ക്വിന്റണ്‍ ഡികോക്ക് വാണ ദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും ജയം. ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക 149 റണ്‍സിന് ബംഗ്ലാദേശിനെ കീഴടക്കി. സ്കോര്‍: ദക്ഷിണാഫ്രിക്ക 382/5 (50). ബംഗ്ലാദേശ് 233 (46.4). രണ്ട് സെഞ്ചുറി പിറന്ന മത്സരമായിരുന്നു ദക്ഷിണാഫ്രിക്ക x ബംഗ്ലാദേശ്. ഡികോക്ക് (174) പ്ലെയര്‍ ഓഫ് ദ മാച്ച് ആയപ്പോള്‍ ബംഗ്ലാദേശിനായി മുഹമ്മദുള്ളയും (111 പന്തില്‍ 111) മൂന്നക്കം കണ്ടു. മുഹമ്മദുള്ള മാത്രമാണ് ബംഗ്ലാ ഇന്നിംഗ്സില്‍ ചെറുത്തുനിന്നത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജെറാള്‍ഡ് കോറ്റ്സീ മൂന്നും മാര്‍ക്കൊ യാന്സണ്, കഗിസൊ റബാദ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഞ്ച് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയുടെ നാലാം ജയമാണ്. എട്ട് പോയിന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്തും പ്രോട്ടീസ് എത്തി. +2.370 ആണ് ദക്ഷിണാഫ്രിക്കയുടെ റൺ റേറ്റ്. അഞ്ച് ജയം നേടിയ ഇന്ത്യക്കുപോലും +2 റൺ റേറ്റിൽ എത്താൻ സാധിച്ചിട്ടില്ല. 300 കടന്ന് പ്രോട്ടീസ് 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് (174), ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം (60), ഹെൻറിച്ച് ക്ലാസന് (90), ഡേവിഡ് മില്ലര്‍ (34 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത് അഞ്ച് വിക്കറ്റിന് 382 റണ്‍സ്. ഈ ലോകകപ്പില്‍ ഇത് നാലാം തവണയാണ് പ്രോട്ടീസ് സ്കോര്‍ 300 കടക്കുന്നത്. ഇതില്‍ തന്നെ മൂന്ന് തവണ സ്കോര്‍ 350 കടന്നു. ഓപ്പണിംഗ് ബാറ്റര്‍ ഡിക്കോക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു പ്രോട്ടീസ് ഇന്നിംഗ്സിലെ പ്രത്യേകത. ഈ ലോകകപ്പില്‍ ഡി കോക്ക് നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണ്. റീസ ഹെൻറിക്സ് (12), റാസി വാന്‍ഡെര്‍ ഡസന്‍ (1) എന്നിവരെ പെട്ടെന്ന് നഷ്ടമായി രണ്ടു വിക്കറ്റിന് 36 എന്ന നിലയില്‍നിന്നാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോറിലെത്തിയത്. ആദ്യം മൂന്നാം വിക്കറ്റില്‍ ഡികോക്ക് – മാര്‍ക്രം സഖ്യം 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പ്രോട്ടീസ് കളംപിടിച്ചു. 69 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് മാര്‍ക്രം പുറത്തായെങ്കിലും നാലാം വിക്കറ്റില്‍ ഡികോക്കിനൊപ്പം ഹെൻറിച്ച് ക്ലാസനെത്തിയതോടെ പ്രോട്ടീസ് ഇന്നിംഗ്സ് ടോപ് ഗിയറിലായി. 142 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഇരട്ട സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന ഡികോക്ക് 46-ാം ഓവറിലാണ് പുറത്താകുന്നത്. 140 പന്തില്‍ നിന്ന് ഏഴ് സിക്സും 15 ഫോറുമടക്കം 174 റണ്‍സെടുത്ത താരത്തെ ഹസന് മഹ്മൂദ് പുറത്താക്കുകയായിരുന്നു.
അതിവേഗം തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിക്കു പത്ത് റണ്‍ അകലെ വച്ചാണ് ക്ലാസന് പുറത്താകുന്നത്. 49 പന്തില്‍ നിന്ന് രണ്ട് ഫോറും എട്ട് സിക്സും പറത്തിയ ക്ലാസന് 90 റണ്‍സെടുത്ത ക്ലാസനെ ഹസന് മഹ്മൂദ് സ്വന്തമാക്കി. അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് അതിവേഗത്തില്‍ 65 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. മില്ലറാകട്ടെ 15 പന്തില്‍ നിന്ന് ഒരു നാല് സിക്സറടക്കം 34 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന 20 ഓവറില്‍ 217 റണ്‍സാണ് പിറന്നത്. ഇതിലെ അവസാന പത്ത് ഓവറില്‍ മാത്രം 144 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 3 സെഞ്ചുറി 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്കിന്റെ മൂന്നാം സെഞ്ചുറിയാണ് ഇന്നലെ മുംബൈ വാങ്കഡെയില്‍ പിറന്നത്. ശ്രീലങ്ക (100), ഓസ്ട്രേലിയ (109) ടീമുകള്‍ക്കെതിരേയായിരുന്നു ഈ ലോകകപ്പില്‍ ഡികോക്കിന്റെ ആദ്യ രണ്ട് സെഞ്ചുറികള്‍. ഒരു ഏകദിന ലോകകപ്പ് എഡിഷനില്‍ രണ്ടില്‍ അധികം സെഞ്ചുറിയുള്ള ആദ്യ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എന്ന നേട്ടവും ഡികോക്ക് സ്വന്തമാക്കി. 2011 ലോകകപ്പില്‍ മുന്‍ താരം എബി ഡിവില്യേഴ്സ് രണ്ട് സെഞ്ചുറി നേടിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള ദക്ഷിണാഫ്രിക്കന്‍ താരം എന്നതില്‍ രണ്ടാം സ്ഥാനത്തും ഡികോക്ക് എത്തി. നാല് സെഞ്ചുറിയുള്ള ഡിവില്യേഴ്സാണ് ഒന്നാമത്. ഡികോക്കിന്റെ 20-ാം ഏകദിന സെഞ്ചുറിയാണ്. ഒരു ഏകദിന ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയില്‍ രോഹിത് ശര്‍മ (5), കുമാര്‍ സംഗക്കാര (4) എന്നിവര്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനം പങ്കിടുകയാണ് ഡികോക്ക്. 1000 റണ്‍സ് നിഷ്പക്ഷ വേദിയില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ലും ഡികോക്ക് ഇന്നലെ സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന 12-ാമത് ദക്ഷിണാഫ്രിക്കന്‍ ബാറ്ററാണ് ഡികോക്ക്. ജാക് കാലിസ് (2681), ഗാരി കേസ്റ്റണ് ( 2384), ഹേര്ഷല് ഗിബ്സ് (1974), ഡിവില്യേഴ്സ് (1913), ഹന്‍സി ക്രോണിയെ (1623) എന്നിവരാണ് ഈ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള ബാറ്റര്‍മാര്‍. ഏകദിനത്തില്‍ 6500 റണ്‍സ് എന്ന നാഴികക്കല്ലും ഡികോക്ക് ഇന്നലെ പിന്നിട്ടു. ദക്ഷിണാഫ്രിക്കയ്ക്കായി 6500 ക്ലബ്ബിലെത്തുന്ന ആറാമത് താരമാണ് ഡികോക്ക്.
Source link