ഐസിസി 2023 ഏകദിന ലോകകപ്പിനുമുമ്പ് തനിക്ക് ധാരാളം വിശ്രമം ലഭിച്ചുവെന്നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മത്സരശേഷം ബംഗ്ലാദേശിന്റെ വെറ്ററന്‍ ബാറ്റര്‍ മുഹമ്മദുള്ള റിയാദ് പറഞ്ഞത്. ഇതിനു കാരണമുണ്ട്, ബംഗ്ലാദേശ് അധികൃതര്‍ യുവകളിക്കാരെ ലോകകപ്പിനു തയാറാക്കുകയെന്ന ലക്ഷ്യമിട്ട് മഹമ്മദുള്ളയെ ടീമിനു പുറത്തിരുത്തി. മുഹമ്മദുള്ളയ്ക്ക് വിശ്രമം നല്‍കിയിരിക്കുകയാണെന്നാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിനെക്കുറിച്ച് ദേശീയ സെലക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍, മുഹമ്മദുള്ളയുടെ കരിയര്‍ അവസാനിച്ചുവെന്ന് ഒരു കൂട്ടര് വിധിയെഴുതി. അവസരം നല്കിയ യുവകളിക്കാര്‍ പരാജയമായതോടെ മഹമ്മദുള്ള പോലൊരു വെറ്ററന്‍ ബാറ്ററെ പുറത്തിരുന്നത് പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ സെലക്ടര്‍മാര്‍ താരത്തെ ലോകകപ്പിനു മുമ്പ് ന്യൂസിലന്ഡിനെതിരേ നടന്ന ഹോം സീരിസില്‍ ഉള്‍പ്പെടുത്തി. അതുവഴി ലോകകപ്പ് ടീമിലേക്കുമെത്തി. ലോകകപ്പില്‍ ബംഗ്ലാദേശിന് ഒരു ജയമൊഴിച്ച് മറ്റ് നേട്ടങ്ങളൊന്നുമില്ലെങ്കിലും മഹമ്മദുള്ളയില്‍ സെലക്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ താരത്തിനായി. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ ആദ്യ ഇരുപതിലുള്ള ഏക ബംഗ്ലാദേശിതാരം മുഹമ്മദുള്ളയാണ്, 198 റണ്‍സുമായി 16-ാം സ്ഥാനത്ത്.
റിക്കാര്‍ഡ് ബുക്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ മുഹമ്മദുള്ളയുടെ ലോകകപ്പ് കരിയറിലെ മൂന്നാം സെഞ്ചുറി പിറന്നു, ഏകദിന കരിയറിലെ നാലാമത്തേതും. ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായമുള്ളവരുടെ പട്ടികയില്‍ ആറാമതാണ് (37 വയസും 262 ദിവസവും) മുഹമ്മദുള്ള. ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷനാണ് (38 വയസും 148 ദിവസവും) ഒന്നാമത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 111 പന്തില്‍ 111 റണ്‍സ് ഈ മുതിര്‍ന്ന ബാറ്റര്‍ നേടി. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മത്സരത്തില്‍ ആറാമനായാണ് ക്രീസിലെത്തിയത്. അപ്പോള്‍ ബംഗ്ലാദേശ് നാലു വിക്കറ്റിന് 42 എന്ന നിലയില്‍ കൂപ്പുകുത്തിയിരുന്നു. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ മുസ്താഫിസുറുമായി ചേര്‍ന്ന് 68 റണ്‍സ് കൂട്ടുകെട്ടും മുഹമ്മദുള്ള കെട്ടിപ്പടുത്തു. ആറ് വര്‍ഷത്തിനുശേഷമാണ് മുഹമ്മദുള്ളയുടെ സെഞ്ചുറി എന്നതും ശ്രദ്ധേയം.
Source link