മാക്സ്വെല്ലിന് ലോകകപ്പിലെ അതിവേഗ സെഞ്ചുറി
ന്യൂഡല്‍ഹി: ഗ്ലെന്‍ മാക്സ്വെല് കത്തിക്കയറിയപ്പോള്‍ ഐസിസി 2023 ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് മിന്നും ജയം. 40 പന്തില്‍ സെഞ്ചുറി തികച്ച മാക്സ്വെല് അതിവേഗ സെഞ്ചുറിയുമായി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചപ്പോല് ഓസ്ട്രേലിയയുടെ ജയം 309 റണ്‍സിന്. ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. ഓറഞ്ച് സംഘമായ നെതര്‍ലന്‍ഡ്സിനെയാണ് ഓസ്ട്രേലിയ 309 റണ്‍സിന് ഐസിസി ഏകദിന ലോകകപ്പില്‍ തകര്‍ത്തെറിഞ്ഞത്. സ്കോർ: ഓസ്ട്രേലിയ 50 ഓവറില്‍ 399/8. നെതര്‍ലന്‍ഡ്സ് 21 ഓവറില്‍ 90. റിക്കാര്‍ഡ് മാക്സി നേരിട്ട 40-ാം പന്തില്‍ മാക്സ്വെല് സെഞ്ചുറി തികച്ചു. ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തില്‍ അതിവേഗ സെഞ്ചുറി എന്ന റിക്കാര്‍ഡാണ് ഓസീസ് ഓള്‍റൗണ്ടര്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. 2023 ഐസിസി ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് അതിവേഗ സെഞ്ചുറിയുടെ റിക്കാര്‍ഡ് തിരുത്തപ്പെടുന്നത് എന്നതും ശ്രദ്ധേയം. ശ്രീലങ്കയ്ക്കെതിരേ 49 പന്തില്‍ സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം റിക്കാര്‍ഡ് സ്വന്തമാക്കിയിരുന്നു. ആ റിക്കാര്‍ഡാണ് ആഴ്ചകള്‍ക്കുള്ളില്‍ ഗ്ലെന്‍ മാക്സ്വെല് തിരുത്തിയത്. സച്ചിനൊപ്പം വാര്‍ണര്‍ 44 പന്തില്‍ എട്ട് സിക്സും ഒമ്പത് ഫോറും അടക്കം 106 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം 93 പന്തില്‍ 104 റണ്‍സുമായി ഡേവിഡ് വാര്‍ണറും ഓസീസ് ഇന്നിംഗ്സിനു കരുത്തായി. മൂന്ന് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറിന്റെ ഇന്നിംഗ്സ്. ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഡേവിഡ് വാര്‍ണറിന്റെ ആറാം സെഞ്ചുറിയാണ്. ലോകകപ്പ് സെഞ്ചുറികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന് ഒപ്പവും ഇതോടെ വാര്‍ണര്‍ എത്തി. ഏഴ് സെഞ്ചുറിയുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ വാര്‍ണറിനും സച്ചിനും മുന്നിലുള്ളത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള ഓസീസ് ബാറ്റര്‍ എന്ന റിക്കാര്‍ഡ് ഇനി വാര്‍ണറിനു സ്വന്തം. വാര്‍ണറിന്റെ 22-ാം ഏകദിന സെഞ്ചുറിയാണ്.
സ്മിത്ത്, ലബൂഷെയ്ന് 68 പന്തില്‍ 71 റണ്‍സുമായി സ്റ്റീവ് സ്മിത്തും 47 പന്തില്‍ 62 റണ്‍സുമായി മാര്‍നസ് ലബൂഷെയ്നും ഓസീസ് സ്കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്കി. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് (9) തുടക്കത്തില്‍തന്നെ പുറത്തായിരുന്നു. രണ്ടാം വിക്കറ്റില്‍ വാര്‍ണറും സ്മിത്തും ചേര്‍ന്ന് നേടിയ 132 റണ്‍സാണ് ഓസീസ് ഇന്നിംഗ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. ഏഴാം വിക്കറ്റില്‍ പാറ്റ് കമ്മിന്‍സും (12 നോട്ടൗട്ട്) മാക്സ്വെല്ലും ചേര്‍ന്ന് 44 പന്തില്‍ 103 റണ്‍സ് അടിച്ചുകൂട്ടി. ഓസീസ്, ബാസ് ലീഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് എന്നത് ഓസ്ട്രേലിയയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത് ലോകകപ്പ് സ്കോറാണ്. 2015ല്‍ അഫ്ഗാനിസ്ഥാനെതിരേ ആറ് വിക്കറ്റിന് 417 റണ്‍സ് നേടിയതാണ് ഒന്നാമത്. നെതര്‍ലന്‍ഡിസിന്റെ ബാസ് ഡി ലീഡ് 10 ഓവറില്‍ വഴങ്ങിയത് 115 റണ്‍സായിരുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ബൗളര്‍ 10 ഓവറില്‍ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. രണ്ട് വിക്കറ്റും ബാസ് ലീഡ് വീഴ്ത്തി. 400 റണ്‍സ് വിജയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ നെതര്‍ലന്‍ഡ്സ് 21 ഓവറില്‍ 90നു പുറത്തായി. ഓസീസ് സ്പിന്നര്‍ ആദം സാംപ മൂന്ന് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ മാര്‍ഷ് രണ്ടു വിക്കറ്റ് സ്വന്തമാക്കി.
Source link