ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ബോബി ചാള്ട്ടണ് ഇനി ഓര്മ…

ലണ്ടന്‍: ഇതിഹാസ ഇംഗ്ലീഷ് ഫുട്ബോള്‍ കളിക്കാരനായ സര് റോബര്‍ട്ട് ചാള്ട്ടണ് എന്ന ബോബി ചാള്ട്ടണ് (86) അന്തരിച്ചു. ത്രീ ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ഫുട്ബോള്‍ ടീമിനെ 1966ല്‍ ഫിഫ ലോകകപ്പ് കിരീടത്തില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചതാരമാണ്. ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനു പിന്നീട് കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ യൂത്ത് അക്കാദമിയിലൂടെയായിരുന്നു ബോബി ചാള്ട്ടണ് കാല്‍പ്പന്ത് ലോകത്തേക്ക് എത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരമായി കരുതപ്പെടുന്ന ചാള്ട്ടണ്, ക്ലബ്ബിനായി 17 വര്‍ഷം നീണ്ട കരിയറില്‍ 758 മത്സരങ്ങള്‍ കളിച്ചു. 249 ഗോള്‍ സ്വന്തമാക്കി. 1956 മുതല്‍ 1973വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്സിയണിഞ്ഞ ബോബി ചാള്ട്ടണ്, 1976ല്‍ വാട്ടര്‍ഫോഡ് യുണൈറ്റഡിനുവേണ്ടി ഇറങ്ങി. 1980ല്‍ ബ്ലാക് ടൗണ്‍ സിറ്റി ജഴ്സിയിലാണ് ഫുട്ബോള്‍ ലോകത്തോട് വിടപറഞ്ഞത്. 24 വര്‍ഷം നീണ്ട പ്രഫഷണല്‍ കരിയറിനിടെ 807 മത്സരങ്ങള്‍ ബോബി ചാള്ട്ടണ് കളിച്ചു, 260 ഗോളുകള്‍ സ്വന്തമാക്കി. 1958 മുതല്‍ 1970വരെ നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനായി 106 മത്സരങ്ങളില്‍ 49 ഗോളും ഇതിഹാസ താരം സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്ഫീല്‍ഡ്, സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്, ലെഫ്റ്റ് വിംഗ് തുടങ്ങിയ ഇടങ്ങളിലെല്ലാം അനുയോജ്യനായ താരമായിരുന്നു. ഫുട്ബോള്‍ കുടുംബം ഖനിത്തൊഴിലാളിയായ റോബര്‍ട്ട് ബോബ് ചാള്ട്ടണിന്റെയും ഭാര്യ എലിസബത്ത് എല്ലെന്റെയും മകനായി ഇംഗ്ലണ്ടിലെ നോര്ത്താംബര്ലാന്ഡിലെ ആഷിംഗ്ടണില്‍ 1937നായിരുന്നു ബോബി ചാള്‍ട്ടണിന്റെ ജനനം.
ഫുട്ബോള്‍ പരമ്പര്യമുള്ള കുടുംബത്തില്‍നിന്നായിരുന്നു ബോബി ചാള്‍ട്ടണിന്റെ വരവ്. ഇംഗ്ലീഷ് ക്ലബ് ലോകത്തില്‍ ശ്രദ്ധിക്കപ്പെട്ട ജാക്ക് മില്ബേണ്, ജോര്‍ജ് മില്ബേണ്, ജിം മില്ബേണ്, സ്റ്റാന്‍ മില്ബേണ്, ജാക്കി മില്ബേണ് എന്നിവര്‍ ബോബി ചാള്‍ട്ടണിന്റെ അമ്മാവന്മാരായിരുന്നു. ഇതില്‍ ജാക്കി, സ്റ്റാന്‍ എന്നിവര്‍ ഇംഗ്ലണ്ടിനായും ബൂട്ട് അണിഞ്ഞിട്ടുണ്ട്. ജാക്കി മില്ബേണ് ന്യൂകാസില്‍ യുണൈറ്റഡിന്റെ ഇതിഹാസ താരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വിമാന ദുരന്തം അതിജീവിച്ചു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിലെ താരങ്ങളെ സീനിയര്‍ തലത്തിലേക്ക് ഉയര്‍ത്തിയപ്പോള്‍ ബോബി ചാള്‍ട്ടണും ഉള്‍പ്പെട്ടിരുന്നു. ബസ്ബെ ബേബീസ് എന്നായിരുന്നു അവരെ വിശേഷിപ്പിച്ചത്. ചാള്ട്ടണ് ഉള്‍പ്പെടെയുള്ള ബസ്ബെ ബേബീസുമായി ജര്‍മന്‍ തലസ്ഥാനമായ മ്യൂണിക്കില്‍നിന്ന് ബ്രിട്ടീഷ് യൂറോപ്യന്‍ എയര്‍വേസിന്റെ 609 വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് റണ്‍വേ കടന്നുപോകുകയും വന്‍ അപകടനം ഉണ്ടാകുകയും ചെയ്തു. വിമാനം രണ്ടായി തകര്‍ന്നു. 23 പേര് മരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ചാള്ട്ടണ് ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നു. യൂറോപ്യന്‍ കപ്പ് പോരാട്ടത്തിനുശേഷം സ്വദേശത്തേക്ക് മടങ്ങിപോകുന്നതിനിടെയായിരുന്നു ഈ ദുരന്തം.
Source link