മുംബൈ: ഐസിസി ഏകദിന ക്രിക്കറ്റില്‍ നിലവിലെ ലോകചാമ്പ്യന്മാരെന്ന താര പരിവേഷത്തോടെ എത്തിയ ഇംഗ്ലണ്ടിന് വീണ്ടും നാണംകെട്ട തോല്‍വി. ദക്ഷിണാഫ്രിക്ക 229 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തുതരിപ്പണമാക്കി. ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്ക ബാറ്റിംഗിലും ബൗളിംഗിലും വന്‍ വിരുന്നാണൊരുക്കിയത്. 400 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 22 ഓവറില്‍ വെറും 170 റണ്‍സിന് ഓള് ഔട്ടായി. സെഞ്ചുറി നേടിയ ഹെന്റിച്ച് ക്ലാസന് (109), റീസ ഹെന് റിക്സ് (60), മാര്‍കോ യാന്സണ് (75), എയ്ഡന്‍ മാര്‍ക്രം (42) എന്നിവരുടെ പ്രകടനമാണ് പ്രോട്ടീസിന് വന്‍ സ്കോര്‍ നല്‍കിയത്. തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതയ്ക്ക് മങ്ങലേറ്റു. നാല് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക് മൂന്ന് വിജയങ്ങള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍ ഒരു വിജയം മാത്രമാണുള്ളത്. ഒന്‍പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡും ഗസ് അറ്റ്കിന്‍സണും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനമില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ തോല്‍വി ഇതിലും നാണംകെട്ട തരത്തിലാകുമായിരുന്നു. 68 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ ആറ് മുന്‍നിര വിക്കറ്റുകള്‍ വീണു. അറ്റ്കിന്സണ് 21 പന്തില്‍ 35 റണ്‍സെടുത്ത പുറത്തായി. അവസാനക്കാരനായ റീസ് ടോപ്ലി പരിക്കുമൂലം ബാറ്റുചെയ്യാനിറങ്ങിയില്ല. മാര്‍ക്ക് വുഡ് 17 പന്തില്‍ അഞ്ച് സിക്സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായി.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. രണ്ടാം തവണയാണ് ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക എതിരാളികള്‍ക്ക് 400+ റണ്‍സ് വിജയലക്ഷ്യമായിവയ്ക്കുന്നത്. 151 ഹെന്റിച്ച് ക്ലാസനും മാര്‍ക്കൊ യാന്‍സണും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 151 റണ്‍സ്, ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആറാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. ഹന്‍സി ക്രോണിയെ-ഷോണ്‍ പൊള്ളോക്ക് എന്നിവര്‍ നേടിയ 137 റണ്‍സ് എന്ന റിക്കാര്‍ഡാണ് പിന്തള്ളപ്പെട്ടത്. 229 ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ റണ്‍ വ്യത്യാസത്തിലെ തോല്‍വിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ വഴങ്ങിയ 229. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനെതിരേ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്നലെ ദക്ഷിണാഫ്രിക്ക കുറിച്ച 399/7.
Source link