ഇന്ത്യ x ന്യൂസിലന്‍ഡ് പോരാട്ടം ഇന്ന്
ധരംശാല: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് 2023 എഡിഷന്റെ ഫൈനലിനു മുമ്പത്തെ ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യ x ന്യൂസിലന്‍ഡ് പോരാട്ടം ഇന്ന്. ലോകത്തിലെ ഏറ്റവും മനോഹര ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ ധരംശാലയില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് മത്സരം. ഹിമാലയത്തിന്റെ പശ്ചാത്തലത്തിലുള്ള സ്റ്റേഡിയത്തില്‍ തരംഗം സൃഷ്ടിക്കാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യയും ടോം ലാഥത്തിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ന്യൂസിലന്‍ഡും ലക്ഷ്യമിടുന്നത്. ഈ ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇരുടീമും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ഫൈനലിനു മുമ്പത്തെ ഫൈനല്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയം. ആദ്യ തോല്‍വി ഈ ലോകകപ്പില്‍ തുടര്‍ച്ചയായ നാല് ജയത്തിനുശേഷമാണ് ഇന്ത്യയും ന്യൂസിലന്‍ഡും അഞ്ചാം മത്സരത്തിനായി ധരംശാലയില്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും ഫോമില്‍ കളിക്കുന്ന രണ്ട് ടീമുകള്‍. ഇരുവരും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ഒരു കാര്യം ഉറപ്പ്. ഇതില്‍ ഒരു ടീം ഈ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി വഴങ്ങും. ആ തോല്‍വി സെമിയില്‍ ആരായിരിക്കും എതിരാളി എന്നു നിശ്ചയിക്കുന്നതായി മാറും. നാല് ജയം വീതമാണെങ്കിലും റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡാണ് (1.923) ഇന്ത്യക്ക് (1.659) മുന്നില്‍. 2023 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട സാധ്യതയ്ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ടീം ആരാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ നല്കുന്ന ഉത്തരം ഒന്നു മാത്രം ന്യൂസിലന്‍ഡ്. ആ തിരിച്ചറിവാണ് ഇന്നത്തെ മത്സരത്തെ ഹൈ വോള്‍ട്ടേജില്‍ എത്തിക്കുന്നത്. ചരിത്രം ഇന്ത്യക്കെതിര് കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഐസിസി മത്സരവേദിയില്‍ ന്യൂസിലന്ഡിനെതിരേ ഇന്ത്യക്ക് അത്രമികച്ച ചരിത്രമല്ല. 1992നുശേഷം നടന്ന ഐസിസി ഇവന്റുകളില്‍ ഒരു തവണ മാത്രമാണ് ന്യൂസിലന്ഡിനെതിരേ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചത്. എന്നാല്‍, ഇതുവരെ ആകെ എട്ട് തവണ ഇരു ടീമും ഐസിസി ഏകദിന ലോകകപ്പില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ മൂന്ന് തവണ ഇന്ത്യ ജയം സ്വന്തമാക്കി. 1975 ജൂണ്‍ 14നായിരുന്നു ഇന്ത്യയും ന്യൂസിലന്‍ഡും ഐസിസി ഏകദിന ലോകകപ്പില്‍ ആദ്യമായി ഏറ്റുമുട്ടിയത്.
ഇന്ത്യയും കിവികളും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകത്തിനു മറക്കാനാവാത്ത മത്സരങ്ങളാണ് അരങ്ങേറാറുള്ളതെന്നതും ശ്രദ്ധേയം. 2000 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019 ഏകദിന ലോകകപ്പ് ഫൈനല്‍ 2021 ടെസ്റ്റ് ലോകകപ്പ് ഫൈനല്‍ തുടങ്ങിയവ അതില്‍ ചിലതുമാത്രം. 2019 ലോകകപ്പ് സെമിയില്‍ പിരിമുറുക്കം അതിന്റെ പാരമ്യത്തിലായിരിക്കുമ്പോള് എം.എസ്. ധോണി റണ്ണൗട്ടായതോടെയായിരുന്നു ഇന്ത്യ 18 റണ്‍സിന്റെ തോല്‍വി വഴങ്ങിയതെന്നതും ശ്രദ്ധേയം. ഹാര്‍ദിക്കിനു പകരം ആര് ? ധരംശാല: ലോകകപ്പ് ട്രോഫി നേടാനുള്ള ടീമാണ് ഇന്ത്യ എന്ന് പറയുന്നതില്‍ പ്രധാനഘടകങ്ങളില്‍ ഒന്നായിരുന്നു മീഡിയം പേസ് ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ആവശ്യസമയത്ത് വിക്ക്റ്റ് വീഴ്ത്താനും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള താരം. എന്നാല്‍, പരിക്കേറ്റ് പുറത്തായ ഹാര്‍ദിക് പാണ്ഡ്യ ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഹൈവോള്‍ട്ടേജ് പോരാട്ടത്തിനായി ന്യൂസിലന്ഡിനെതിരേ ഇറങ്ങുക. ആദ്യ ഓവറുകളില്‍ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന ധരംശാലയില്‍ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആര് കളിക്കും എന്നത് സുപ്രധാന ചോദ്യമാണ്. ബാറ്റര്‍മാരായ സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, സ്പിന്നര്‍ ആര്. അശ്വിന്, പേസര്‍ മുഹമ്മദ് ഷമി എന്നിവരാണ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താനുള്ള ക്യൂവില്‍ ഉള്ളത്. ആര്. അശ്വിന് ഹാര്‍ദിക്കിനു പകരം പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ വാലറ്റ ബാറ്റിംഗിനെ അത് ബലഹീനമാക്കും. അഞ്ച് ബൗളര്‍മാരെ ഉപയോഗിച്ച് കളിക്കാന്‍ തീരുമാനിക്കുകയും എക്സ് ഫാക്ടര്‍ ആകാന്‍ കഴിവുള്ള സൂര്യകുമാര്‍ യാദവിനെയോ കൂടുതല്‍ ഏകദിന പരിചയ സമ്പത്തുള്ള ഇഷാന് കിഷനെയോ ഉള്‍പ്പെടുത്തുകയുമാകാം. ഇഷാന് എത്തിയാല്‍ ഇടംകൈ ബാറ്റര്‍ എന്ന ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട്.
Source link