ലക്നോ: 2023 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി. ലങ്ക ഉയർത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 35.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധ സെഞ്ചുറി നേടിയ ഓപ്പണർ മിച്ചൽ മാർഷും (52) വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസുമാണ് (58) ഓസീസിനെ വിജയതീരത്തെത്തിച്ചത്. നാലു വിക്കറ്റുമായി തിളങ്ങിയ സ്പിന്നർ ആദം സാംപയാണ് കളിയിലെ താരം. നേരത്തേ, ഓസ്ട്രേലിയയ്ക്കെതിരേ ലഭിച്ച മികച്ച തുടക്കം കളഞ്ഞുകുളിച്ച ശ്രീലങ്ക 43.3 ഓവറിൽ 209 റണ്‍സിന് ഓൾഒൗട്ടായി. 21.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സെന്ന നിലയിൽനിന്നാണു ലങ്ക തകർന്നടിഞ്ഞത്. മധ്യനിര തീർത്തും നിരാശപ്പെടുത്തിയപ്പോൾ ലങ്കയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത് ഓപ്പണർമാരുടെ പ്രകടനം മാത്രമായി. വെറും 52 റണ്‍സിനാണ് അവസാന ഒന്‍പത് വിക്കറ്റുകൾ ലങ്കയ്ക്കു നഷ്ടമായത്. മികച്ച തുടക്കമായിരുന്നു ലങ്കയുടേത്. ശ്രദ്ധയോടെ ബാറ്റ് വീശിയ പതും നിസങ്ക-കുശാൽ പെരേര സഖ്യം പിന്നീട് സ്കോറിംഗ് വേഗത്തിലാക്കി. 67 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയടക്കം 61 റണ്‍സെടുത്ത നിസങ്കയെ പുറത്താക്കി പാറ്റ് കമ്മിൻസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 27ാം ഓവറിൽ കുശാൽ പെരേരയെയും കമ്മിൻസ് മടക്കിയതോടെ ലങ്കയുടെ തകർച്ചയും തുടങ്ങി.
82 പന്തിൽ നിന്ന് 12 ബൗണ്ടറിയടക്കം 78 റണ്‍സെടുത്ത പെരേരയാണ് ലങ്കയുടെ ടോപ് സ്കോറർ. ഇവരെ കൂടാതെ 25 റണ്‍സെടുത്ത ചരിത് അസലങ്ക മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു ലങ്കൻ താരം. മറുപടി ബാറ്റിംഗിൽ, 24 റണ്‍സിനിടെ ഡേവിഡ് വാർണർ (11), സ്റ്റീവ് സ്മിത്ത് (0) എന്നിവരെ നഷ്ടമായതോടെ ഓസ്ട്രേലിയ വീണ്ടും തകർച്ചയിലേക്കെന്നു തോന്നിച്ചു. എന്നാൽ, മൂന്നാം വിക്കറ്റിൽ ഒന്നിച്ച മാർഷ്-മാർനസ് ലബുഷെയ്ൻ സഖ്യം 57 റണ്‍സ് കൂട്ടിച്ചേർത്ത് ഓസീസിനെ തിരിച്ചുകൊണ്ടുവന്നു. 51 പന്തിൽ നിന്ന് ഒന്‍പത് ബൗണ്ടറിയടക്കം 52 റണ്‍സെടുത്ത മാർഷ് 15ാം ഓവറിൽ റണ്ണൗട്ടായി. പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസ്, ലബുഷെയ്നെ സാക്ഷിയാക്കി അടിച്ചുതകർത്തു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റണ്‍സ് സ്കോർ ബോർഡിലെത്തിച്ചു. ലബുഷെയ്നെ പുറത്താക്കി മധുശങ്കയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ ഗ്ലെൻ മാക്സ്വെൽ 21 പന്തിൽ നിന്ന് 31 റണ്‍സോടെ ഓസീസ് ജയം വേഗത്തിലാക്കി.
Source link