സെനിക്ക: 2024 യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ ബോസ്നിയ ആൻഡ് ഹെർസഗോവ്നയെ എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പെടുത്തി. പോർച്ചുഗൽ നേരത്തെതന്നെ യോഗ്യത ഉറപ്പിച്ചിരുന്നു. ബ്രൂണോ ഫെർണാണ്ടസ് (25’), ഹാവോ കാൻസലോ (32’), ജാവോ ഫീലിക്സ് (41’) എന്നിവരാണു മറ്റു ഗോൾ നേട്ടക്കാർ. ഗ്രൂപ്പിൽ തുടർച്ചയായ എട്ടാം ജയം നേടിയ പോർച്ചുഗൽ 24 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. അന്താരാഷ്ട്ര മത്സരത്തിൽ റൊണാൾഡോയുടെ ഗോളെണ്ണം 127 ആയി. സ്ലൊവാക്യക്കെതിരേ കഴിഞ്ഞ മത്സരത്തിലും പോർച്ചുഗീസ് നായകൻ ഇരട്ടഗോൾ നേടിയിരുന്നു.
ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്ലൊവാക്യ 1-0ന് ലക്സംബർഗിനെ തോൽപ്പിച്ചു. ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയ 1-0ന് അസർബൈജാനെ പരാജയപ്പെടുത്തി യൂറോ യോഗ്യത നേടി. വിർജിൽ വാൻ ഡിക് 90+3ാം മിനിറ്റിൽ വലയിലെത്തിച്ച പെനൽറ്റിയിലൂടെ നെതർലൻഡ്സ് 1-0ന് ഗ്രീസിനെ തോൽപ്പിച്ച് ഗ്രൂപ്പ് ബിയിൽ യോഗ്യതാ പ്രതീക്ഷ നിലനിർത്തി. ജയത്തോടെ നെതർലൻഡ്സ് 12 പോയിന്റുമായി രണ്ടാമതാണ്. ഇത്രതന്നെ പോയിന്റുള്ള ഗ്രീസാണ് മൂന്നാമത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ ഫ്രാൻസ് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.
Source link