സൗഹൃദത്തിന്റെ പൊന്നും വെള്ളിയും

കുന്നംകുളം: ഒരേ ബെഞ്ചിലിരുന്നു പഠിച്ച അശ്മികയും കെ.വി. മിന്സാരയും ജൂണിയർ ഹൈജംപ് മത്സരത്തിലും സൗഹൃദം ഉൗട്ടിയുറപ്പിച്ചു, സ്വർണത്തിളക്കവും വെള്ളിത്തിളക്കവും സ്വന്തമാക്കി. അശ്മിക സ്വർണം ചാടിക്കടന്നപ്പോൾ മിന്സാരയെയും കൈപിടിച്ചുയർത്തി വെള്ളിക്കടന്പയിൽ മുത്തമിടീച്ചു. പ്രിയ ശിഷ്യർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ നിർവൃതിയിൽ പരിശീലകൻ ടോമി ചെറിയാനും സഹായി സുജിത്തും. മലപ്പുറം കടുകശേരി ഐഡിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളാണ് ഇരുവരും. മത്സരത്തിന്റെ അവസാന റൗണ്ടിൽ ടോമി ചെറിയാന്റെ രണ്ടു ശിഷ്യരും തമ്മിലായിരുന്നു ഉഗ്രപോരാട്ടം. കളത്തിനു പുറത്തുനിന്ന് ഇരുവരെയും പ്രോത്സാഹിപ്പിച്ച്് ആശാൻ തളർന്നപ്പോൾ വിജയനേട്ടച്ചിറകിൽ പറന്ന താരങ്ങളെ മാധ്യമപ്പടകൾ പൊതിഞ്ഞു. അവരോടു മറുപടിപറഞ്ഞ് ഇരുവരും കിതച്ചു. 1.56 മീറ്റർ ഉയരത്തിലാണ് സി.പി. അശ്മിക ചാടിയത്. തൊട്ടുപിറകിലായി മിൻസാരപ്രസാദ് 1.54 മീറ്റർ ചാടി. ഇടയ്ക്കുവച്ച് പ്രിയ കൂട്ടുകാരി മിന്സാരയ്ക്ക് ചുവടുപിഴച്ചപ്പോൾ അശ്മികയെത്തി പ്രോത്സാഹനമേകി.
കഴിഞ്ഞ തവണ സബ് ജൂണിയർ വിഭാഗം ഹൈജംപിൽ നാഷണൽ മത്സരത്തിൽ സ്വർണം നേടിയ പിൻബലത്തിലാണ് ഇത്തവണ ജൂണിയർ വിഭാഗത്തിൽ അശ്മിക സംസ്ഥാന മത്സരത്തിനിറങ്ങിയത്. അന്ന് 1.46 ഉയരം ചാടിയാണു വിജയിച്ചത്. ഇന്നലത്തെ സംസ്ഥാന മത്സരത്തിൽ പത്തു പോയിന്റ് സ്വന്തം നില മെച്ചപ്പെടുത്തി 1.56 ചാടി ജൂണിയർ വിഭാഗത്തിലും മെഡലണിഞ്ഞു. ഉപജില്ലാ മത്സരത്തിൽ 1.53 ഉയരം ചാടിയിരുന്നു. കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റ ചെവിട്ടുപാറ ഹൗസിൽ ടിപ്പർ ഡ്രൈവറായ ഭാസ്കരന്റെയും പുല്ലൂരാംപാറ സ്പോർട്സ് അക്കാദമിയിൽ ഹോസ്റ്റൽ വാർഡൻ ബിജിയുടെയും മകളാണ് അശ്മിക. സഹോദരൻ അഭിജിത്തും ട്രിപ്പിൾ, ലോംഗ്, ഹൈജംപ് സ്വർണ മെഡൽ ജേതാവാണ്. തൃശൂർ ക്രൈസ്റ്റ് കോളജിൽ ഒന്നാംവർഷ ബിസിഎ വിദ്യാർഥിയാണ്. പരിശീലനത്തിലൂടെ ഇരുവർക്കും പുതിയ ഉയരങ്ങൾ താണ്ടാനാകും. അശ്മിക ജാവലിനിലും മത്സരിക്കുന്നുണ്ട്. മിൻസാരയ്ക്ക് ഇനി ട്രിപ്പിൾ ജംപിൽ മത്സരമുണ്ട്. കൊയിലാണ്ടി മൂടാടി കോട്ടപ്പടിത്താഴം ഷിംന, പ്രസാദ് ദന്പതികളുടെ മകളാണ്.
Source link