കുന്നംകുളം: ഗ്രൗണ്ടൊഴിയാൻ മണിക്കൂറുകൾ കാത്തിരിപ്പ്, പരിശീലനം രാത്രിയിൽ. അങ്ങനെയുണ്ടാക്കിയെടുത്ത കരുത്തിൽ ഷഹബാസും ഫഹദും എറിഞ്ഞുനേടിയത് സബ് ജൂണിയർ ഡിസ്കസ് ത്രോയിൽ ഫസ്റ്റും സെക്കൻഡും. മലപ്പുറം ആലത്തിയൂർ കെഎംഎച്ച്എസ്എസിലെ ഒന്പത്, എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ആകെയുള്ളത് ചെറിയൊരു ഗ്രൗണ്ടാണ്. ഇതിൽ നിർത്തിയിട്ട സ്കൂൾ ബസുകൾ ഒഴിയാൻ വൈകുന്നേരം അഞ്ചാകും. അതു കഴിഞ്ഞാൽ പ്രാക്ടീസിനുള്ള മറ്റു കുട്ടികളെത്തും. എറിഞ്ഞു പഠിക്കേണ്ട ഇനമായതിനാൽ ഗ്രൗണ്ടിൽനിന്ന് എല്ലാവരും പോയശേഷമേ പരിശീലനത്തിനു സാധിക്കൂ. അങ്ങനെയാണ് ഗ്രൗണ്ടിൽ പ്രത്യേകം ലൈറ്റ് ഘടിപ്പിച്ച് പരിശീലനം രാത്രിയിലാക്കിയത്.
അതും കഴിഞ്ഞ് ബസ് കയറിവേണം വീട്ടിൽ പോകാൻ. പലപ്പോഴും ബസ് കിട്ടാതെ പരിശീലകനായ റിയാസാണു വീട്ടിൽ കൊണ്ടുചെന്നാക്കുക. ഒന്നാംസ്ഥാനം നേടിയ ഷഹബാസ് 32.47 മീറ്റർ എറിഞ്ഞു. 32.20 മീറ്റർ എറിഞ്ഞാണ് ഫഹദ് രണ്ടാമനായത്. ഹബാസ് കഴിഞ്ഞ തവണയും സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്തിരുന്നെങ്കിലും വിജയം നേടിയിരുന്നില്ല.
Source link