സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാട് മുന്നേറ്റം തുടങ്ങി

കുന്നംകുളം: 65-ാം സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യദിനം പാലക്കാടിന്റെ മുന്നേറ്റം. ഏഴു സ്വർണം, നാലു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ 14 മെഡലുമായി 50 പോയിന്റ് തികച്ചാണ് പാലക്കാട് ഒന്നാം സ്ഥാനത്തുള്ളത്. നാലു സ്വർണം, അഞ്ചു വള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ 37 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്. ആതിഥേയരായ തൃശൂരിന് ഒരു വെങ്കലം മാത്രമാണ് ആദ്യദിനം നേടാൻ സാധിച്ചത്. സ്കൂളുകളിൽ 18 പോയിന്റുമായി മലപ്പുറം ഐഡിയൽ ഇഎച്ച്എസ്എസാണ് ഒന്നാം സ്ഥാനത്ത്. കോതമംഗലം മാർ ബേസിൽ (14) രണ്ടാം സ്ഥാനത്തുണ്ട്. ചിതറിത്തെറിച്ച് കഴിഞ്ഞ രണ്ടു തവണയും ഓവറോൾ കിരീടം നേടിയ പാലക്കാടാണ് ആദ്യദിനം ഒന്നാം സ്ഥാനത്തെങ്കിലും പല കോട്ടകളും പൊളിയുന്നതാണ് കുന്നംകുളം ഗവ. വിഎച്ച്എസ്എസ് സിന്തറ്റിക് ട്രാക്കിൽ കണ്ടത്. പാലാ സെന്റ് തോമസ്, പറളി എച്ച്എസ്, സിഎഫ്ഡി വിഎച്ച്എസ്എസ് മാത്തൂർ തുടങ്ങിയ സ്കൂളുകളെല്ലാം ആദ്യദിനം സ്വർണം സ്വന്തമാക്കി. കല്ലടി, പറളി, ജിഎച്ച്എസ്എസ് ചിറ്റൂർ, മാത്തൂർ സ്കൂളുകളുടെ കരുത്തിലാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് എത്തിയത്. ചുരുക്കത്തിൽ മീറ്റിന്റെ ആദ്യദിനം ഏകീകൃത മുന്നേറ്റത്തിനു പകരം മെഡലുകൾ ചിതറിത്തെറിച്ചു. വേഗതാരം ഇന്ന് കൗമാര കേരളത്തിന്റെ വേഗതാരങ്ങളെ ഇന്നറിയാം. സബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ വേഗതാരങ്ങളെ കണ്ടെത്തുന്ന 100 മീറ്റർ പോരാട്ടം ഇന്ന് അരങ്ങേറും. ട്രാക്കിൽ തീപ്പൊരിപാറിക്കുന്ന സ്പ്രിന്റ് പോരാട്ടങ്ങൾക്ക് വൈകുന്നേരം ആറു മുതലാണ് വെടിപൊട്ടുക. മീറ്റിന്റെ രണ്ടാംദിനമായ ഇന്ന് 22 ഫൈനലുകൾ അരങ്ങേറും. രാവിലെ 6.30ന് സീനിയർ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തോടെയാണ് ഇന്നു മത്സരങ്ങൾക്ക് തുടക്കമാകുക.
മീറ്റിന്റെ ആദ്യ സ്വർണം ഗോപികയിലൂടെ കണ്ണൂരിന് കുന്നംകുളം: 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ ആദ്യ സ്വർണം കണ്ണൂർ സ്പോർട്സ് ഡിവിഷന്റെ താരമായ ഗോപിക ഗോപിക്ക്. മീറ്റിലെ ആദ്യ ഇനമായ ജൂണിയർ പെണ്‍കുട്ടികളുടെ 3000 മീറ്ററിൽ എതിരാളികളെ ഏറെ പിന്നിലാക്കി 11.01 മിനിറ്റിലാണ് ഗോപിക ഫിനിഷ് ലൈൻ കടന്നത്. ഉഷ സ്കൂളിലെ താരമായ പൂവന്പായി എഎംഎച്ച്എസിലെ അശ്വിനി ആർ. നായർ, എറണാകുളം കോതമംഗലം മാർ ബേസിലിന്റെ അലോണ തോമസ് എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി. കോതമംഗലം സെന്റ് ജോർജ് സ്കൂളിൽനിന്ന് ജിവി രാജ സെലഷൻ ട്രയൽസിലൂടെയാണ് ഗോപിക കണ്ണൂരിലെത്തിയത്. ജിവി രാജയിൽ എത്തിയതോടെ ഹൈജംപിൽനിന്ന് ഗോപിക ട്രാക്ക് മാറി ഓട്ടം ആരംഭിച്ചു. എയർ ഫോഴ്സിൽനിന്ന് വോളന്ററി റിട്ടയർമെന്റ് എടുത്ത് കായിക പരിശീലനത്തിനെത്തിയ സന്തോഷ് മനാടാണ് ഗോപികയ്ക്ക് കൂടുതൽ ഇണങ്ങുക ദീർഘ ദൂര ഓട്ടമാണെന്ന് തിരിച്ചറിഞ്ഞതും താരത്തെ ഇതിലേക്ക് വഴിതിരിച്ചുവിട്ടതും. ഗുരുവിന്റെ ആ തീരുമാനം ശരിവച്ച് തന്റെ ആദ്യ സംസ്ഥാന സ്കൂൾ മീറ്റിൽ ഗോപിക സ്വർണമണിഞ്ഞു. എറണാകുളം കുട്ടംപുഴ കുറിയന്പെട്ടി സ്വദേശി ഗോപി മങ്കലന്റെയും സുമതിയുടെയും നാലു മക്കളിൽ മൂത്തവളാണ് ഗോപിക.
Source link