സ്കൂൾ കായികമേളയുടെ ആദ്യദിനം പാലക്കാട് ഒന്നാമത്
അനീഷ് ആലക്കോട് കുന്നംകുളം: 65-ാം സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യദിനം ഇരട്ട റിക്കാർഡ്. സീനിയർ ആണ്കുട്ടികളുടെ ഡിസ്കസ് ത്രോ, 400 മീറ്റർ പോരാട്ടങ്ങളിലാണ് പുതിയ ദൂരവും സമയവും കുറിക്കപ്പെട്ടത്. ഡിസ്കസ്ത്രോയിൽ 2018ൽ കെ.സി. സിദ്ധാർഥ് കുറിച്ച 53.34 മീറ്റർ എന്ന റിക്കാർഡ് അനുജൻ കെ.സി. സെർവൻ തിരുത്തിയ മനോഹര നിമിഷമായിരുന്നു കുന്നംകുളം ഗവ. വിഎച്ച്എസ്എസ് സ്കൂൾ സ്റ്റേഡിയത്തിൽ കണ്ടത്. കാസർഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസ് വിദ്യാർഥിയാണ്. ചേട്ടന്റെ റിക്കാർഡ് അനുജൻ തിരുത്തിയത് അച്ഛന്റെ ശിക്ഷണത്തിലായിരുന്നു എന്നതാണ് ‘കാസർഗോൾഡ്’ കഥയിലെ ട്വിസ്റ്റ്. 1989ൽ കാസർഗോഡിനായി ഡിസ്കസിൽ ആദ്യസ്വർണം നേടിക്കൊടുത്ത കെ.സി. ഗിരീഷിന്റെ മക്കളാണ് സെർവനും സിദ്ധാർഥും. ഇരുവരുടെയും ഡിസ്കസ് ത്രോ ഗുരുവും ഗിരീഷ് തന്നെ. 18 വർഷം പഴക്കമുള്ള റിക്കാർഡാണ് 400 മീറ്ററിൽ പാലക്കാട് സിഎഫ്ഡി വിഎച്ച്എസ്എസ് മാത്തൂരിന്റെ പി. അഭിരാം തിരുത്തിയെഴുതിയത്. 2005ൽ സെന്റ് ജോർജ് കോതമംഗലത്തിന്റെ വി.ബി. ബിനീഷ് കുറിച്ച 48.23 സെക്കൻഡ് പഴങ്കഥയായി. 48.06 സെക്കൻഡിൽ അഭിരാം ഫിനിഷിംഗ് ലൈൻ കടന്നു.
ഹാട്രിക് ഓവറോൾ ചാന്പ്യൻപട്ടത്തിലേക്ക് പാലക്കാടിന്റെ കുതിപ്പാണ് ആദ്യദിനം ട്രാക്കിലും ഫീൽഡിലും കണ്ടത്. ഉദ്ഘാടന സമ്മേളനത്തിനുശേഷം മഴയെത്തിയതോടെ രണ്ട് മത്സരങ്ങൾ തടസപ്പെട്ടു. 18 ഫൈനലുകൾ പൂർത്തിയായപ്പോൾ ഏഴ് സ്വർണം, നാല് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ 50 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്തുണ്ട്. നാല് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി 37 പോയിന്റോടെ മലപ്പുറമാണ് തൊട്ടുപിന്നിൽ. അടുത്ത വർഷം മുതൽ സ്കൂൾ ഒളിന്പിക്സ് സംസ്ഥാന സ്കൂൾ കായികോത്സവം അടുത്ത വർഷം മുതൽ സ്കൂൾ ഒളിന്പിക്സ് ആയി മാറ്റുമെന്ന പ്രഖ്യാപനം ഇന്നലെ വൈകുന്നേരം നടന്ന ഉദ്ഘാടനസമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി നടത്തി. തുടർച്ചയായ മത്സരങ്ങൾ കുട്ടികളെ വലയ്ക്കുന്ന പശ്ചാത്തലത്തിൽ അടുത്തവർഷം കായിക ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
Source link