ന്യൂസിലൻഡ് x ബംഗ്ലാദേശ് പോരാട്ടം ഉച്ചകഴിഞ്ഞ് രണ്ടിന്

ചെന്നൈ: 2023 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കാൻ കിവികൾ കളത്തിൽ. ബംഗ്ലാദേശിനെതിരേയാണ് ഇന്ന് ന്യൂസിലൻഡിന്റെ പോരാട്ടം. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.00ന് മത്സരം ആരംഭിക്കും. ഇന്ത്യ x ഓസ്ട്രേലിയ ചെറിയ സ്കോർ പോരാട്ടമായിരുന്നു ചിദംബരം സ്റ്റേഡിയത്തിൽ അവസാനം നടന്നത്. സ്പിന്നർമാർമാരെ സഹായിക്കുന്ന സ്വഭാവമാണ് ചിദംബരം സ്റ്റേഡിയത്തിലെ പിച്ചിനുള്ളത്. അതേസമയം, ബാറ്റർമാർക്ക് അനുകൂല ഘടകവും ഉണ്ട്. തുടർച്ചയായ മൂന്നാം ജയത്തോടെ പോയിന്റ് പട്ടികയുടെ തലപ്പത്ത് തുടരുകയാണ് കിവീസിന്റെ ലക്ഷ്യം, ഒപ്പം സെമി ഫൈനലിലേക്ക് ഒരു പടികൂടി അടുക്കുകയും. എന്നാൽ, ഇംഗ്ലണ്ടിനെതിരായ 137 റണ്സ് തോൽവിക്കു ശേഷമാണ് ബംഗ്ലാദേശ് എത്തുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ആറ് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ കീഴടക്കിയിരുന്നു. കെയ്ൻ പെയിൻ
ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ഇന്ന് ടീമിനൊപ്പം കളത്തിൽ തിരിച്ചെത്തും. വില്യംസണിന്റെ അഭാവത്തിൽ ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയായിരുന്നു ന്യൂസിലൻഡിനായി മൂന്നാം നന്പറിൽ ബാറ്റ് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തിൽ സെഞ്ചുറിയും (123*) നെതർലൻഡ്സിനെതിരായ രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും (51) രചിൻ സ്വന്തമാക്കി. രണ്ട് മത്സരത്തിലും ഓരോ വിക്കറ്റും രചിൻ നേടി. വില്യംസണ് തിരിച്ചെത്തുന്പോൾ രചിൻ പുറത്തിരിക്കേണ്ടിവരുമോ എന്ന് ഇന്നറിയാം. പേസർ ടിം സൗത്തിയും ന്യൂസിലൻഡ് പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ്. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ന്യൂസിലൻഡിന്റെ മിച്ചൽ സാന്റ്നറിന് ഇവിടുത്തെ സാഹചര്യങ്ങൾ സുപരിചിതം. സാന്റ്നറിന്റെ ഹോം എവേ ഫ്രം ഹോം ചെന്നൈയാണെന്നാണ് ന്യൂസിലൻഡിന്റെ ഡാരെൽ മിച്ചലിന്റെ അഭിപ്രായം.
Source link