ഓസീസിനെ നാണം കെടുത്തി ദക്ഷിണാഫ്രിക്കൻ ജയം

ലക്നോ: 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കു രണ്ടാം ജയം. ശക്തരായ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും നേർക്കുനേർ വന്നപ്പോൾ വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ക്വിന്റൺ ഡികോക്കിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്ക 134 റൺസിന്റെ മിന്നും ജയം സ്വന്തമാക്കി. ഡികോക്കാണ് പ്ലെയർ ഓഫ് ദ മാച്ച്. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പ്രോട്ടീസിനെ ബാറ്റിംഗിന് വിടുകയായിരുന്നു. 106 പന്തുകൾ നേരിട്ട് അഞ്ച് സിക്സും എട്ട് ഫോറുമടക്കം 109 റണ്‍സെടുത്ത ഡികോക്കും ക്യാപ്റ്റൻ തെംബ ബൗമയും (35) മികച്ച തുടക്കമാണു നൽകിയത്. 19.4 ഓവറിൽ 108 റണ്‍സ് കൂട്ടിച്ചേർത്ത ശേഷം ഈ സഖ്യം പിരിഞ്ഞു. പിന്നാലെ റാസി വാൻഡെർ ഡസനെ (26)കൂട്ടുപിടിച്ച് ഡികോക്ക് സ്കോർ 150 കടത്തി. എയ്ഡൻ മാർക്രം (56) മികച്ച പ്രകടനം പുറത്തെടുത്തു. നാലാം വിക്കറ്റിൽ ഹെൻറിച്ച് ക്ലാസൻ (29) – മാർക്രം സഖ്യം 66 റണ്‍സ് നേടി. മാർക്കൊ യാൻസൻ 22 പന്തിൽ നിന്ന് 26 റണ്‍സെടുത്തപ്പോൾ മില്ലർ 13 പന്തിൽ നിന്ന് 17 റണ്‍സെടുത്തു. 200 കടക്കാതെ വീണ്ടും 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 40.5 ഓവറിൽ 177 റണ്‍സിന് പുറത്തായി. 46 റണ്‍സ് നേടിയ മാർനസ് ലബുഷെയ്നാണ് ഓസീസിന്റെ ടോപ് സ്കോറർ. ആറു വിക്കറ്റിന് 70 എന്ന നിലയിൽ തകർന്ന ഓസീസിനെ ലബുഷെയ്ൻ – മിച്ചൽ സ്റ്റാർക്ക് (27) ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലെ 69 റണ്‍സാണ് കരകയറ്റിയത്. ഇന്ത്യക്കെതിരേ 199നു പുറത്തായ ഓസ്ട്രേലിയ തുടർച്ചയായ രണ്ടാം മത്സരത്തിലും 200 റണ്‍സ് കാണാതെ പുറത്തായി. പാറ്റ് കമ്മിൻസും (22), ആദം സാംപയും (11 നോട്ടൗട്ട്) വാലറ്റത്ത് ചെറുത്തുനിന്നെങ്കിലും അതു പോരായിരുന്നു.
ക്വിന്റൺ ഡൺ തുടർച്ചയായ രണ്ടു സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കൻ ഓപ്പണിംഗ് ബാറ്റർ ക്വിന്റണ്‍ ഡി കോക്ക്. ഓസ്ട്രേലിയയ്ക്കെതിരേയാണ് ഡികോക്കിന്റെ (109) സെഞ്ചുറി. 90 പന്തിൽ സെഞ്ചുറി തികച്ച് ഡി കോക്കിന്റെ ബാറ്റിൽനിന്ന് എട്ടു ഫോറും അഞ്ചും സിക്സും പിറന്നു. ആദ്യമത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേയും ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ നൂറു കടന്നിരുന്നു. 30 കാരനായ താരത്തിന്റെ 19-ാമത്തെ ഏകദിന സെഞ്ചുറിയാണ് ലക്നോവിലെ എകാന സ്റ്റേഡിയത്തിൽ പിറന്നത്. ലോകകപ്പിൽ തുടർച്ചയായി രണ്ടു സെഞ്ചുറി നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ് താരം. 2011 ലോകകപ്പിൽ എബി ഡിവില്യേഴ്സാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. ഈ ടൂർണമെന്റിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കെയാണ് ഡി കോക്കിന്റെ ഉജ്വല ബാറ്റിംഗ് പ്രകടനം. ഐപിഎലിൽ ലക്നോ സൂപ്പർ ജയന്റ്സിനായി കളിക്കുന്ന ഡി കോക്കിന് ഈ ഗ്രൗണ്ട് അത്ര അപരിചിതത്വമുള്ളതല്ല. ആ പരിചയം ഉറപ്പിച്ചുള്ള പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ താരം കാഴ്ചവച്ചത്.
Source link