മയക്കുമരുന്നിനു ചുവപ്പു കാർഡ് :നൈജീരിയൻ കരുത്തില്ലാതെ ഇക്കുറിയും സെവൻസ് ഫുട്ബോൾ

ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: വീണ്ടുമൊരു സെവൻസ് ഫുട്ബോൾ സീസണു തുടക്കമാകുന്പോൾ, കാരിരുന്പിന്റെ കരുത്തുമായി എതിരാളികളുടെ പോസ്റ്റിലേക്ക് വെടിയുണ്ടകൾ പായിക്കാൻ ഇക്കുറിയും നൈജീരിയൻ കളിക്കാരുണ്ടാകില്ല. മയക്കുമരുന്ന് കുറ്റകൃത്യങ്ങളുടെ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യത്തുനിന്ന് കളിക്കാരെ കൊണ്ടുവരേണ്ടതില്ലെന്നാണു സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ (എസ്എഫ്എ) തീരുമാനം. കളിക്കാനുള്ള വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ ചിലർ മറ്റു പ്രവൃത്തികളിൽ ഏർപ്പെടുനതും കാരണമാണ്. പകരം ആഫ്രിക്കൻ കരുത്തു തെളിയിച്ച ഘാന, സെറാലിയോൺ, ഐവറികോസ്റ്റ്, ലൈബീരിയ താരങ്ങൾ കേരളക്കരയിലെ സെവൻസ് കളിക്കളങ്ങളിൽ ആവേശത്തിരയിളക്കും. ഒരുകാലത്ത് കേരളത്തിലെ സെവൻസ് ടൂർണമെന്റുകളിൽ വിസ്മയങ്ങൾ സൃഷ്ടിച്ചവരായിരുന്നു നൈജീരിയൻ താരങ്ങൾ. ഇവരില്ലാത്ത ടീമുകൾക്കു പ്രിയവും കുറവായിരുന്നു. നൈജീരിയൻ കരുത്തും സ്കില്ലുകളുമായിരുന്നു അതിനു കാരണം. നൈജീരിയൻ കളിക്കാർക്കുള്ള ജനപ്രീതി കണക്കിലെടുത്ത് ആരാധകരെ നിരാശയിലാക്കാതിരിക്കാനുള്ള ശ്രമത്തിലാണു സംഘാടകർ. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളിൽനിന്നുള്ളവരുടെ കളി കൂടുതൽ നിരീക്ഷിച്ചശേഷമാണു കൊണ്ടുവരുന്നത്. അവിടെനിന്നു കളികളുടെ വീഡിയോ ക്ലിപ്പുകൾ കണ്ടും ഏജന്റുമാർ നല്കുന്ന മികച്ച പ്രകടന ഉറപ്പും വിലയിരുത്തിയാണു താരങ്ങളെ തീരുമാനിക്കുന്നത്. വിദേശങ്ങളിൽനിന്നു മുന്പ് കളിക്കാനെത്തിയ താരങ്ങൾ ചൂണ്ടിക്കാട്ടുന്നവർക്കും പ്രാമുഖ്യം കൊടുക്കാറുണ്ട്. മുന്പ് കളിച്ചിരുന്ന നൈജീരിയക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നതിൽ നിലവിൽ തടസങ്ങളില്ല. അവരുടെ പ്രവൃത്തിയിലുള്ള വിശ്വാസ്യത ഉറപ്പുവരുത്തണമെന്നു മാത്രം.
നവംബർ മുതൽ മേയ് വരെയാണു കേരളത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ നടക്കുന്നത്. ആറു മാസത്തേക്കു ടീമുകളുടെ സ്വന്തം വീസയിലാണു വിദേശതാരങ്ങൾ എത്തുന്നത്. കളിയുടെ തീയതിയനുസരിച്ച് ചിലർ കളിക്കാരെ ഡിസംബറിലാണു കൊണ്ടുവരിക. ജൂണിൽ മഴ തുടങ്ങുന്നതോടെ സെവൻസ് സീസണു സമാപ്തിയാകും. സംസ്ഥാനത്തെ വിവിധ മേഖലകളിലായി ഒരു സീസണിൽ അന്പതോളം സെവൻസ് ടൂർണമെന്റുകളാണ് എസ്എഫ്എയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്. വിവിധ ക്ലബ്ബുകളുടെയും മറ്റും നേതൃത്വത്തിൽ വേറെയും കളികൾ ഉണ്ടാകും. ഒരു കളിക്ക് പതിനായിരം രൂപ മുതലാണു വിദേശ കളിക്കാർ വാങ്ങുന്നത്. ഒരു ദിവസം രണ്ടും മൂന്നുംവരെ കളികൾ കളിക്കുന്നവരുണ്ട്. മലപ്പുറം മേഖലയിലാണ് ഏറ്റവും കൂടുതൽ ടൂർണമെന്റുകൾ നടക്കുന്നത്. സീസണിൽ കുറഞ്ഞത് 20 ടൂർണമെന്റുകളെങ്കിലും ഉണ്ടാകും. ടൂർണമെന്റുകൾ നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണു മേഖലകളായി തിരിച്ചിട്ടുള്ളത്. എറണാകുളം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകൾ തൃശൂർ മേഖലയിലാണ് ഉൾപ്പെടുന്നത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് എന്നിവയെല്ലാം പ്രത്യേകം മേഖലകളാക്കിയാണു ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. ഗാലറികൾ കെട്ടിയുണ്ടാക്കി ഫ്ലഡ്ലിറ്റ് കളക്ഷൻ ടൂർണമെന്റുകളാണ് എസ്എഫ്എ സംഘടിപ്പിക്കുന്നത്. ചങ്ങനാശേരി, തൊടുപുഴ, പെരുന്പാവൂർ, എരുമപ്പെട്ടി, ചാവക്കാട്, തൃശൂർ തുടങ്ങി പത്തോളം ടൂർണമെന്റുകൾ തൃശൂർ മേഖലയിൽ തീരുമാനമായിട്ടുണ്ട്.
Source link