സന്തോഷ് ട്രോഫിയിൽ കേരളത്തിനു മിന്നും ജയം

മഡ്ഗാവ്: സന്തോഷ് ട്രോഫിക്കുവേണ്ടിയുള്ള 77-ാമത് ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ കേരളത്തിനു മിന്നും ജയം. എതിരാളികളായ ജമ്മു-കാഷ്മീരിനെ ഗോളിൽ മുക്കി കേരളം ഗ്രൂപ്പിലെ രണ്ടാം ജയമാഘോഷിച്ചു. 6-1നായിരുന്നു കേരളത്തിന്റെ ആധികാരിക വിജയം. കേരളത്തിനായി ജിതിൻ ഗോപാലകൃഷ്ണൻ ഇരട്ട ഗോൾനേട്ടം സ്വന്തമാക്കി. എട്ടാം മിനിറ്റിൽ ജിതിൻ ഗോപാലകൃഷ്ണനിലൂടെ കേരളം ലീഡ് നേടി. 14-ാം മിനിറ്റിൽ ഇ. സജീഷ് കേരളത്തിന്റെ ലീഡ് വർധിപ്പിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മുഹമ്മദ് ആഷിഖ് (45+1’) കേരളത്തിനായി മൂന്നാം ഗോൾ സ്വന്തമാക്കി. അതോടെ 3-0ന്റെ ലീഡുമായി കേരളം ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിക്കു പത്ത് മിനിറ്റ് ദൈർഘ്യമായപ്പോൾ ജിതിൻ ഗോപാലകൃഷ്ണൻ (55’) തന്റെ രണ്ടാം ഗോൾ വലയിലാക്കി. എന്നാൽ, 61-ാം മിനിറ്റിൽ ഫൈസൽ മഖ്സൂദിലൂടെ ജമ്മു-കാഷ്മീർ ഒരു ഗോൾ തിരിച്ചടിച്ചു. ഇതിനു രണ്ടെണ്ണം കൂടി അടിച്ചാണ് കേരളം കണക്കുതീർത്തത്. കെ. അബു റഹീം (67’), ഇ. റിസ്വാനലി (74’) എന്നിവരായിരുന്നു കേരളത്തിനായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഗോവ 1-1ന് ഗുജറാത്തുമായി സമനിലയിൽ പിരിഞ്ഞു. രണ്ടു മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. നാളെ ഛത്തീസ്ഗഡിനെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Source link