ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം ഇന്ന്
അഹമ്മദാബാദ്: 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇന്ന് അയൽവാശിപ്പോരാട്ടം. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ശത്രുതാപ്പോരിനാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം ഇന്നു വേദിയാകുക. ലോക ക്രിക്കറ്റിൽ ആഷസിനു മുകളിലാണ് ഇന്ത്യ-പാക് പോരാട്ടത്തിന്റെ തീവ്രത. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയവൈരത്തിന്റെ തീവ്രത ക്രിക്കറ്റ് കളത്തിൽ ഇരട്ടിക്കുന്ന മറ്റൊരു പോരാട്ടമാകും ഇന്നത്തേത്. ഉച്ചകഴിഞ്ഞു രണ്ടു മുതലാണ് സബർമതിയുടെ തീരത്ത് ഇന്ത്യയും പാക്കിസ്ഥാനും ബാറ്റും ബോളും കൊണ്ട് ക്രിക്കറ്റ് യുദ്ധത്തിന് അങ്കം കുറിക്കുന്നത്. ക്രിക്കറ്റ് രാത്രി നവരാത്രി ആഘോഷങ്ങൾക്കു തുടക്കമാകുന്നതിനാൽ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി അഹമ്മദാബാദ് പോലീസ് നടത്തിയ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് നാളെ നടക്കേണ്ടിയിരുന്ന ഇന്ത്യ-പാക് പോരാട്ടം ഒരു ദിവസം നേരത്തേയായത്. ലോകകപ്പ് ഫിക്സ്ചർ ആദ്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഒക്ടോബർ 15നായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. ഒരുദിനം നേരത്തേയെത്തിയ ക്രിക്കറ്റ് രാവിന്റെ ആഘോഷത്തിനായുള്ള തയാറെടുപ്പ് അഹമ്മദാബാദും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും പൂർത്തിയാക്കിയിട്ടുണ്ട്. രോഹിത്-ഷഹീൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റും പാക് പേസർ ഷഹീൻ ഷാ അഫ്രീദിയുടെ പന്തും തമ്മിലുള്ള യുദ്ധമാണു മത്സരത്തിന്റെ പ്രധാന ആകർഷണം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ പൂജ്യത്തിനു പുറത്തായ രോഹിത് ശർമ, രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ 84 പന്തിൽ 131 റണ്‍സുമായി തിളങ്ങിയിരുന്നു. രോഹിത്-ഷഹീൻ അഫ്രീദി പോരാട്ടത്തിന്റെ ഫലം മത്സരഗതിയെ സ്വാധീനിക്കുമെന്നുറപ്പ്. 2021നുശേഷം കളിച്ച 13 ഇന്നിംഗ്സിൽ പവർപ്ലേയിൽ ഇടംകൈ പേസർമാർക്കു മുന്നിൽ രോഹിത് അഞ്ചുതവണ പുറത്തായിട്ടുണ്ട്. ഈ കണക്കാണ് രോഹിത്-അഫ്രീദി പോരാട്ടത്തിന്റെ തീവ്രത. കോഹ്ലി-റൗഫ് നിലവിൽ ഏറ്റവും മികച്ച ഫോമിലുള്ള ഇന്ത്യൻ ബാറ്ററാണു മൂന്നാം നന്പറിൽ ക്രീസിലെത്തുന്ന വിരാട് കോഹ്ലി. ഓസ്ട്രേലിയയ്ക്കെതിരേ 85 റണ്‍സും അഫ്ഗാനിസ്ഥാനെതിരേ 55 നോട്ടൗട്ടുമായിരുന്നു കോഹ്ലിയുടെ സ്കോർ. രോഹിത്-അഫ്രീദി പോരാട്ടംപോലെ നിർണായകമാണ് കോഹ്ലി-ഹാരിസ് റൗഫ് ഏറ്റുമുട്ടലും. പവർപ്ലേയ്ക്കുശേഷം ഇന്ത്യയുടെ ഇന്നിംഗ്സ് കോഹ്ലിയുടെ ബാറ്റിംഗിനെ ആശ്രയിച്ചാണ്. ഓസ്ട്രേലിയയ്ക്കെതിരേ ഇന്നിംഗ്സിലെ അഞ്ചാം പന്തിൽ ക്രീസിലെത്തിയ കോഹ്ലി ഇന്ത്യയുടെ വിജയമുറപ്പിച്ചാണു മടങ്ങിയത്. ബുംറ-റിസ്വാൻ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ പേസ് ബൗളിംഗിനെ നിയന്ത്രിക്കുന്നത്. ബുംറയുടെ സ്വന്തം നാടാണ് അഹമ്മദാബാദ് എന്നത് സൂപ്പർ പേസറിന്റെ ആക്രമണത്തിനു മൂർച്ച കൂട്ടുമെന്നാണ് ആരാധകരുടെ വിശ്വാസം. ഓസ്ട്രേലിയയ്ക്കെതിരേ രണ്ടും അഫ്ഗാനിസ്ഥാനെതിരേ നാലും വിക്കറ്റ് ബുംറ വീഴ്ത്തി. പാക് ബാറ്റിംഗ് നിരയിലെ ഏറ്റവും ഫോമിലുള്ള താരമാണ് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ. നാലാം നന്പറായി ക്രീസിലെത്തുന്ന റിസ്വാൻ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരേ 68 റണ്‍സും രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 131 നോട്ടൗട്ടുമായി തിളങ്ങി. സൗദ് ഷക്കീൽ, ക്യാപ്റ്റൻ ബാബർ അസം തുടങ്ങിയവരും പാക് ബാറ്റിംഗിന്റെ കരുത്താണ്. ശ്രീലങ്കയ്ക്കെതിരേ 344 ചേസ് ചെയ്ത് ജയിച്ച ചോരത്തിളപ്പുമായാണ് പാക്കിസ്ഥാൻ എത്തുന്നത്. അന്ന് ഓപ്പണർ അബ്ദുള്ള ഷഫീഖ് (113) സെഞ്ചുറി നേടിയിരുന്നു എന്നതും ശ്രദ്ധേയം. അതേസമയം, ബാബർ അസം അവസാന അഞ്ച് ഇന്നിംഗ്സിൽ 71 റണ്‍സ് മാത്രമാണ് നേടിയതെന്നത് പാക്കിസ്ഥാനു തലവേദനയാണ്. സാധ്യതാ ഇലവൻ ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ/ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ/മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് പാക്കിസ്ഥാൻ: അബ്ദുള്ള ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (കീപ്പർ), സൗദ് ഷക്കീൽ, ഇഫ്തിക്കർ അഹമ്മദ്, ഷബാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, മുഹമ്മദ് വസിം/ഹസൻ അലി, ഹാരിസ് റൗഫ്. നേർക്കുനേർ ഇന്ത്യ – പാക്കിസ്ഥാൻ 7-0 (ഏകദിന ലോകകപ്പിൽ ഇതുവരെ) 1992: ഇന്ത്യൻ ജയം 43 റണ്‍സിന്
1996: ഇന്ത്യൻ ജയം 39 റണ്‍സിന് 1999: ഇന്ത്യക്കു 47 റണ്‍സ് ജയം 2003: ഇന്ത്യ ആറ് വിക്കറ്റിനു ജയിച്ചു 2011: ഇന്ത്യ 29 റണ്‍സിനു ജയം നേടി 2015: ഇന്ത്യക്ക് 79 റണ്‍സ് ജയം 2019: ഇന്ത്യ 89 റണ്‍സിന് ജയിച്ചു (മഴ നിയമം) ഇന്ത്യ x പാക്കിസ്ഥാൻ, 2.00 pm ലോക ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ഏകദിന ലോകകപ്പിൽ മുഖാമുഖം ഇറങ്ങും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് ഇന്ത്യ x പാക്കിസ്ഥാൻ സൂപ്പർ ഡ്യൂപ്പർ പോരാട്ടം. ചരിത്രം ഇന്ത്യക്കൊപ്പം ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഇതുവരെ പാക്കിസ്ഥാനു സാധിച്ചിട്ടില്ല. പാക്കിസ്ഥാൻ ചാന്പ്യന്മാരായ 1992 ലോകകപ്പിൽപോലും ഇന്ത്യക്കു മുന്നിൽ അവർ 43 റണ്‍സ് തോൽവി വഴങ്ങി. 1992ലായിരുന്നു ഇരു ടീമും ആദ്യമായി ഏകദിന ലോകകപ്പ് വേദിയിൽ എറ്റുമുട്ടിയത്. തുടർന്ന് 2019 വരെയായി ഏഴു തവണ ഏറ്റുമുട്ടിയിട്ടും ഇന്ത്യൻതല ഉയർന്നുതന്നെ നിന്നു. രണ്ടു ജയത്തിനുശേഷം 2023 ഏകദിന ലോകകപ്പിൽ കളിച്ച രണ്ട് മത്സരത്തിലും ജയം നേടിയാണ് ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ ഇറങ്ങുന്നത്. ഓസ്ട്രേലിയയെ ആറു വിക്കറ്റിനും അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിനും കീഴടക്കിയാണ് ഇന്ത്യയുടെ വരവ്. പാക്കിസ്ഥാൻ ആദ്യം നെതർലൻഡ്സിനെ 81 റണ്‍സിനും രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ ആറ് വിക്കറ്റിനും കീഴടക്കി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ (344) പിന്തുടർന്നു ജയിച്ച റിക്കാർഡ് പാക്കിസ്ഥാൻ ലങ്കയ്ക്കെതിരേ നേടിയിരുന്നു. പൊന്നു മഴേ… അഹമ്മദാബാദിലെ കാലാവസ്ഥാ പ്രവചനത്തിൽ ക്രിക്കറ്റ് പ്രേമികൾക്കു സന്തോഷത്തിനു വകയുണ്ട്. മഴ പെയ്യാൻ സാധ്യതയില്ലെന്നാണ് അക്യൂവെതർ ആപ്പ് പ്രവചിക്കുന്നത്. പകൽ സമയത്ത് 35-40 ഡിഗ്രി സെൽഷസായായിരിക്കും താപനില. വൈകിട്ടോടെ ഇത് 26 ഡിഗ്രിയിലെത്തും. ബാറ്റ്സ്മാന്മാരുടെ പറുദീസയാണ് അഹമ്മദാബാദിലെ പിച്ച്. എന്നിരുന്നാലും, ബൗളർമാർക്കും പിന്തുണ ലഭിക്കുമെന്നാണ് ക്യൂറേറ്റർമാരുടെ അവകാശവാദം. ഗിൽ കളിക്കും, 99% ഉറപ്പ് അഹമ്മദാബാദ്: ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിലായിരുന്ന ഇന്ത്യൻ സൂപ്പർ ഓപ്പണർ ശുഭ്മൻ ഗിൽ ഇന്ന് പാക്കിസ്ഥാനെതിരേ തിരിച്ചെത്തിയേക്കുമെന്ന ആവേശ വാർത്ത ക്യാപ്റ്റൻ രോഹിത് ശർമ ഇന്നലെ പങ്കുവച്ചു. ഇന്ത്യ-പാക് മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് രോഹിത് ശർമ, ഗിൽ തിരിച്ചെത്തുന്നതിനെക്കുറിച്ചു സൂചന നൽകിയത്. ഗിൽ ഇന്നു കളിക്കാൻ 99 ശതമാനം സാധ്യതയുണ്ടെന്നാണ് രോഹിത്തിന്റെ വാക്ക്. ഡെങ്കിപ്പനിയെത്തുടർന്ന് ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഗിൽ ഇന്ത്യക്കൊപ്പമുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം അഹമ്മദാബാദിലെത്തിയ ഗിൽ നെറ്റ്സിൽ പരിശീലനം നടത്തി. രാജ്യാന്തര ഏകദിനത്തിൽ നിലവിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബാറ്റിംഗ് ശരാശരി (66.10) ഗില്ലിനാണ്. 2023ൽ അഞ്ച് അർധസെഞ്ചുറിയും ഒരു ഡബിൾ ഉൾപ്പെടെ അഞ്ച് സെഞ്ചുറിയും ഇന്ത്യക്കായി നേടിയ ബാറ്ററാണ് ശുഭ്മൻ ഗിൽ. ഗിൽ തിരിച്ചെത്തിയാൽ ഇന്ത്യൻ ബാറ്റിംഗിന്റെ അടിത്തറ ഒന്നുകൂടി ബലപ്പെടും. ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷനാണ് ആദ്യ രണ്ടു മത്സരത്തിലും രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. കൊഴുപ്പിക്കാന്‍ താരപ്പകിട്ട് അഹമ്മദാബാദ്: ഈ ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നാണ് ഇന്നു നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരം. സ്റ്റേഡിയം ഹൗസ് ഫുള്ളാകുമെന്ന് ഉറപ്പാണ്. മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിൽ കലാപരിപാടികൾ നടത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഗായകരായ ശങ്കർ മഹാദേവൻ, അർജിത് സിംഗ്, സുഖ്വിന്ദർ സിംഗ് തുടങ്ങിയവരുടെ സംഗീത പരിപാടികളുണ്ടാകും. ഉച്ചയ്ക്ക് 12.30നാണ് പരിപാടികൾ തുടങ്ങുക. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കലാപരിപാടികളൊന്നും നടന്നിരുന്നില്ല. അതേസമയം, മത്സരത്തിനു മുന്‍പ് കലാപരിപാടികൾ നടത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധവും ശക്തമാണ്. ഇന്ത്യ-പാക് മത്സരത്തിന് അമിത പ്രാധാന്യം നൽകുന്നത് മറ്റ് ടീമുകളുടെ പങ്കാളിത്തത്തെ വില കുറച്ചു കാണിക്കുമെന്നാണു വിമർശനം.
Source link