തകര്‍ച്ചയുടെ വഴികള്‍
അഹമ്മദാബാദ്: ഇന്ത്യ-പാക് പോരാട്ടങ്ങൾ എക്കാലവും ആവേശമാപിനിയിൽ കുതിപ്പുണ്ടാക്കുന്നവയാണ്. ഇക്കുറി ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ, പാക്കിസ്ഥാനെ നേരിടുന്പോഴും സ്ഥിതിക്കു മാറ്റമില്ല; കുറച്ചുകൂടി ആവേശം കൂടിയിട്ടുമുണ്ട് . ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 155/2 എന്ന നിലയിൽനിന്ന് 191 റണ്‍സിന് ഓൾ ഒൗട്ടായി. വെറും 36 റണ്‍സിനിടെ പാക്കിസ്ഥാനു നഷ്ടപ്പെട്ടത് എട്ടു വിക്കറ്റുകൾ. മികച്ച തുടക്കത്തിനുശേഷം മധ്യ ഓവറുകളിൽ എങ്ങനെയാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തെറിഞ്ഞതെന്നു മനസിലാക്കിയാൽ കാര്യങ്ങൾ രസകരമാണ്. 155/3 (29.4): ബാബർ അസം നായകൻ ബാബർ അസമിന്റെ രൂപത്തിൽ പാക്കിസ്ഥാന്റെ മൂന്നാം വിക്കറ്റ്. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ ബാബറിനെ മുഹമ്മദ് സിറാജ് ക്ലീൻ ബൗൾഡാക്കി. സിറാജിന്റെ ഗുഡ് ലെംഗ്ത് പന്ത് തേഡ് മാനിലേക്കു തിരിച്ചുവിടാനുള്ള ബാബറിന്റെ ശ്രമമാണു വിക്കറ്റിൽ കലാശിച്ചത്. 162/4 (32.2): സൗദ് ഷക്കീൽ ഇന്ത്യയിൽ ആദ്യമായി കളിക്കുന്നതിന്റെ ആവേശത്തിലായിരുന്നു സൗദ് ഷക്കീൽ. എന്നാൽ, വ്യക്തിഗത സ്കോർ ആറിൽ നിൽക്കെ ഇന്ത്യയുടെ ചൈനമൻ ബൗളർ കുൽദീപ് യാദവിനു മുന്നിൽ ഷക്കീലിന് അടിതെറ്റി. എൽബിഡബ്ള്യുവിനായുള്ള കുൽദീപിന്റെ അപ്പീൽ അമ്പയർ മാരയ്സ് ഇറാസ്മസ് അംഗീകരിച്ചില്ല. ഇന്ത്യ റിവ്യൂ ചെയ്തു. അമ്പയറിനു തെറ്റിയതായി വീഡിയോയിൽ വ്യക്തം. ഷക്കീൽ പുറത്ത്. 166/5 (32.6): ഇഫ്തിഖർ അതേ ഓവറിലെ അവസാന പന്ത്, വീണ്ടും കുൽദീപ്. കുൽദീപിന്റെ ഗൂഗ്ലിക്കു മുന്നിൽ ഇഫ്തിഖറിനും അടിതെറ്റി. സ്വീപ് ഷോട്ടിനു ശ്രമിച്ച പാക് താരത്തിന്റെ ഗ്ലൗവിലിടിച്ച പന്ത് ലെഗ് സ്റ്റംപിളക്കി. പാക്കിസ്ഥാൻ 166/5.
168/6 (33.6): മുഹമ്മദ് റിസ്വാൻ പാക് ഇന്നിംഗ്സിലെ ഏറ്റവും വിലയേറിയ വിക്കറ്റുകളിലൊന്ന്. ഇക്കുറി ഇന്നിംഗ്സിന്റെ തുടക്കം മുതൽ തകർപ്പനായി പന്തെറിഞ്ഞിരുന്ന ജസ്പ്രീത് ബുംറയുടെ ഉൗഴം. ഏഴു ബൗണ്ടറികളുൾപ്പെടെ 49 റണ്‍സുമായി ക്രീസിൽ നിന്ന റിസ്വാന്റെ സ്റ്റംപ് ബുംറ എറിഞ്ഞുതകർത്തു. ഫലം കണ്ടത് സ്ലോബോൾ തന്ത്രം. 171/7 (35.2): ഷതാബ് ഖാൻ വീണ്ടും ബുംറ! അഞ്ചു പന്തിൽ രണ്ടു റണ്‍സ് നേടിയ ഷതാബിന്റെ ഓഫ് സ്റ്റംപിളക്കി ബുംറയുടെ മറ്റൊരു മനോഹര പന്ത്. വിക്കറ്റ് നഷ്ടത്തിൽ ഷതാബിന്റെ അന്പരപ്പ് അവിശ്വസനീയതയോടെ സ്റ്റംപിലേക്കു നോക്കിയതിൽനിന്നു വ്യക്തം. 187/8 (39.6): മുഹമ്മദ് നവാസ് ആക്രമണത്തിലേക്കു ഹാർദിക് പാണ്ഡ്യയുടെ മടങ്ങിവരവ്. ഷോട്ടിനു ലഭിച്ച നവാസിനു പിഴച്ചു. പന്ത് ബുംറയുടെ കൈയിൽ ഭദ്രം. നവാസിന്റെ രൂപത്തിൽ ഇന്നിംഗ്സിലെ രണ്ടാം വിക്കറ്റ് പേരിലാക്കി ഹാർദിക്. പാക്കിസ്ഥാന്റെ കൂട്ടത്തകർച്ചയുടെ തുടർച്ച. 187/9 (39.6): ഹസൻ അലി മധ്യത്തിലേക്കു കുത്തിയുയർന്ന പന്തിൽ സ്വീപ്പ് ഷോട്ടിനു ശ്രമിച്ച് ഹസൻ അലി. ശ്രമം പാളി. ഉയർന്നുപൊങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാൻ ശുഭ്മൻ ഗില്ലിന് അധികം കഷ്ടപ്പെടേണ്ടിവന്നില്ല. ഹസൻ അലിയുടെ ഇന്നിംഗ്സിനു വിരാമം. 191/10 (42.5): ഹാരിസ് റൗഫ് ഇക്കുറി ജഡേജയുടെ ഊഴം. എൽബിഡബ്ള്യുവിനായുള്ള ജഡേജയുടെ അപ്പീൽ അമ്പയർ നിരസിക്കുന്നു. ഇന്ത്യ റിവ്യൂ ചെയ്തു. മധ്യത്തിൽ കുത്തിയ ഹാരിസ് റൗഫിന്റെ സ്റ്റംപിളക്കുമെന്ന് വീഡിയോയിൽ വ്യക്തം. തീരുമാനം തിരുത്തി അമ്പയർ. പാക്കിസ്ഥാന്റെ ശവപ്പെട്ടിയിൽ ജഡേജയുടെ അവസാനത്തെ ആണി. ശുഭം!
Source link