പാക്കിസ്ഥാനെയും തകർത്ത് ഇന്ത്യൻ പടയോട്ടം
അഹമ്മദാബാദ്: ചരിത്രമൊന്നും അങ്ങനെ വഴിമാറുന്നതല്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഒരുലക്ഷത്തിനടുത്ത് കാണികളുടെ മുന്നിൽ ഇന്ത്യ ജയിച്ചത് രാജകീയമായി. പാക് ടീമിൽനിന്ന് ഇത്തരമൊരു ദയനീയപ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതു വസ്തുത. ഇതോടെ ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ വിജയപരന്പര 8-0 ആയി. 192 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ, നായകൻ രോഹിത് ശർമയുടെ (63 പന്തിൽ 86) ബാറ്റിംഗ് മികവിൽ 19.3 ഓവർ ബാക്കി നിൽക്കേ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി 30.3 ഓവറിൽ ലക്ഷ്യം മറികടന്നപ്പോൾ ജയചരിതം ഒന്നുകൂടി ഉറച്ചു. ആതിഥേയരുടെ ജയം ഏഴു വിക്കറ്റിന്. 19 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം. ജയത്തോടെ ഇന്ത്യ ലോകകപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. തുടക്കം, ഒടുക്കം ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കിയ 2023 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം അതിന്റെ വീറും വാശിയോടെയുമാണ് തുടങ്ങിയതെങ്കിലും, ആതിഥേയ ബൗളർമാരുടെ മുന്നിൽ പാക് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരംപോലെ തകർന്നു. ഒരുഘട്ടത്തിൽ 155/2 എന്ന മികച്ച നിലയിലായിരുന്ന പാക്കിസ്ഥാൻ വെറും 191 റണ്‍സിന് ഓൾ ഒൗട്ടായി. നായകൻ ബാബർ അസം (50), വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ (49), ഇമാം ഉൾ ഹഖ് (36) എന്നിവർ മാത്രമാണ് പാക് ബാറ്റിംഗിൽ പിടിച്ചുനിൽക്കാനെങ്കിലും ശ്രമിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി. കൂസാതെ രോഹിത് മറുപടി ബാറ്റിംഗിൽ, പാക് പേസർമാരെ അനായാസം നേരിട്ട ഇന്ത്യൻ ഓപ്പണർമാർ റണ്‍സ് കണ്ടെത്തി. രോഹിത് ശർമയും ശുഭ്മൻ ഗില്ലും അനായാസമായി ബാറ്റ് ചെയ്തു. ഒന്നാം വിക്കറ്റിൽ ഇരുവരും 2.5 ഓവറിൽ 23 റണ്‍സ് നേടി. 11 പന്തിൽ നാലു ഫോറുകളുടെ അകന്പടിയിൽ 16 റണ്‍സ് നേടിയ ഗില്ലിനെ ഷഹീൻ ഷാ അഫ്രീദി പുറത്താക്കി. ഷദാബ് ഖാനാണ് ക്യാച്ച് എടുത്തത്. രോഹിതിനൊപ്പം വിരാട് കോഹ്ലി ചേർന്നതോടെ കളി ഇന്ത്യ വരുതിയിലാക്കി. 56 റണ്‍സാണ് ഈ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. നന്നായി കളിച്ചുവന്ന കോഹ്ലിയെ (16) ഹസൻ അലി മുഹമ്മദ് നവാസിന്റെ കൈകളിലെത്തിച്ചു. വിജയശ്രേയസ് ശ്രേയസ് അയ്യർ നായകനൊപ്പം ചേർന്നതോടെ ഇന്ത്യ ജയത്തിലേക്കു ചുവടുവച്ചു. 77 റണ്‍സാണ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തത്. അടിച്ചുതകർത്തു കളിക്കുകയായിരുന്ന രോഹിതിനെ അഫ്രീദി പുറത്താക്കി. 63 പന്തിൽ 86 റണ്‍സ് നേടിയ രോഹിതിന് നഷ്ടപ്പെട്ടത് ലോകകപ്പിലെ എട്ടാം സെഞ്ചുറി. അർധസെഞ്ചുറി തികച്ച അയ്യർ കെ.എൽ. രാഹുലുമായി ചേർന്ന് അപരാജിതമായ 36 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്കു ജയം സമ്മാനിച്ചു. 62 പന്തിൽ 53 റണ്‍സ് നേടിയ അയ്യർ മൂന്നു ഫോറു രണ്ടു സിക്സും നേടി. രാഹുൽ 19 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോർബോര്‍ഡ് പാക്കിസ്ഥാൻ 191 (42.5) ബാബർ അസം 50(58) മുഹമ്മദ് റിസ്വാൻ 49(69) ഇമാം ഉൾ ഹഖ് 36 (38) ജസ്പ്രീത് ബുംറ 2 /19 ഹാർദിക് പാണ്ഡ്യ 2/34 കുൽദീപ് യാദവ് 2/35 രവീന്ദ്ര ജഡേജ 2/38 മുഹമ്മദ് സിറാജ് 2/50 ഇന്ത്യ 192/3 (30.3) രോഹിത് ശർമ 86(63) ശ്രേയസ് അയ്യർ 53* (62) കെ.എൽ. രാഹുൽ 19* (29) ഷഹീൻ അഫ്രീദി 2/36 ഹസൻ അലി 1/34 സൂപ്പർ ഹിറ്റ് തന്ത്രം അഹമ്മദാബാദ്: ലോകകപ്പിലെ ആവേശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെതിരേ മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകിയത്. താരമെറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിൽ 24 പന്തിൽ 20 റണ്‍സെടുത്ത പാക് ഓപ്പണർ അബ്ദുള്ള ഷെഫീഖ് വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ തന്ത്രമായിരുന്നു ഷെഫീഖിന്റെ വിക്കറ്റിനു പിന്നിൽ.
ഓവറിന്റെ അവസാന പന്തെറിയും മുന്‍പ് സിറാജിനു സമീപമെത്തിയ രോഹിത്, ഫൈൻ ലെഗിലെ ഫീൽഡറോടു കുറേക്കൂടി അകന്നുനിൽക്കാൻ ആംഗ്യം കാണിച്ചു. ഫൈൻ ലെഗിലെ ഫീൽഡറുടെ സ്ഥാനമാറ്റം ഷെഫീഖും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ സിറാജിൽനിന്ന് ഷോർട്ട് ബോളാണു താരം പ്രതീക്ഷിച്ചത്. പക്ഷേ, സിറാജ് എറിഞ്ഞ ബാക്ക് ഓഫ് ലെംഗ്ത് ബോൾ ഷഫീഖിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ബാക്ക്ഫുട്ടിൽ ഫ്ളിക് ചെയ്യാനുള്ള ശ്രമം പാളി പന്ത് പാഡിലിടിച്ചു. സിറാജിന്റെയും ഇന്ത്യൻ താരങ്ങളുടെയും ശക്തമായ അപ്പീലിനു മുന്നിൽ അമ്പയറിന്റെ വിരലുയർന്നു. ഞാൻ പറഞ്ഞില്ലേയെന്ന തരത്തിൽ ആംഗ്യം കാണിച്ചാണ് രോഹിത് സിറാജിന്റെ അരികിലേക്ക് ഓടിയെത്തിയത്. ഗാംഗുലിക്കൊപ്പം രോഹിത് അഹമ്മദാബാദ്: ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ ചരിത്രമെടുത്താൽ ഇന്ത്യ ജയിച്ച ഏഴു കളിയിൽ ആറും ആദ്യം ബാറ്റ് ചെയ്ത ശേഷമായിരുന്നു. ഒരിക്കൽ മാത്രമേ ഇന്ത്യ ലക്ഷ്യം പിന്തുടർന്നു ജയിച്ചിട്ടുള്ളൂ; സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ 2003 ലോകകപ്പിൽ. സച്ചിൻ തെണ്ടുൽക്കറുടെ (98) ഇന്നിംഗ്സാണ് അന്ന് ഇന്ത്യക്കു ജയമൊരുക്കിയത്. ഇന്നലെ അഹമ്മദാബാദിൽ രണ്ടാമത് ബാറ്റ് ചെയ്ത് ജയിച്ചതോടെ രോഹിത് ശർമയും ഗാംഗുലിക്കൊപ്പം ചേർന്നു. ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന് വിരാട് കോഹ്ലിയെത്തിയത് ടീം ഇന്ത്യയുടെ പഴയ ജഴ്സി ധരിച്ച്. ജഴ്സിയുടെ ഷോൾഡറിൽ ഇന്ത്യൻ പതാകയുടെ നിറമുള്ള വരകൾ പതിച്ച ജഴ്സിയിട്ടാണു മറ്റു താരങ്ങളെല്ലാം ഗ്രൗണ്ടിലിറങ്ങിയത്. എന്നാൽ കോഹ്ലിയുടെ ജഴ്സിക്കു മാത്രം ഷോൾഡറിൽ വെള്ള നിറമുള്ള ഡിസൈനുകളായിരുന്നു. മത്സരം തുടങ്ങിയ ശേഷമായിരുന്നു കോഹ്ലി ഇക്കാര്യം ശ്രദ്ധിച്ചത്. ഇതോടെ താരം ഡഗ് ഒൗട്ടിലേക്കു മടങ്ങിപ്പോയി, പുതിയ ജഴ്സി ധരിച്ച് വീണ്ടും ഗ്രൗണ്ടിലിറങ്ങി. പന്തിനോടു മന്ത്രിച്ച് ഹാർദിക്! അഹമ്മദാബാദ്: ഹാർദിക് പാണ്ഡ്യയാണ് പാക്കിസ്ഥാന്റെ രണ്ടാം വിക്കറ്റിന്റെ ഉടമ. 13-ാം ഓവറിലെ മൂന്നാമത്തെ പന്തിൽ 36 റണ്‍സെടുത്ത ഇമാം ഉൾ ഹഖിനെ ഹാർദിക് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈയിലെത്തിച്ചു. തൊട്ടുമുന്‍പ് എറിഞ്ഞ പന്തിൽ ഹാർദിക്കിനെ ബൗണ്ടറി കടത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു പാക് ഓപ്പണർ. എന്നാൽ, അടുത്തതായി ഹാർദിക് എറിഞ്ഞ ഓഫ് സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത പന്ത് ഇമാം ഉൾ ഹഖിന്റെ ബാറ്റിൽ തട്ടി നേരേ രാഹുലിന്റെ കൈയിലെത്തി. എറിയുംമുന്പ് പന്ത് ചുണ്ടോടടുപ്പിച്ച് ഹാർദിക് എന്തോ പറയുന്നതിന്റെ ദൃശ്യങ്ങൾ കാമറകൾ പകർത്തിയിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ആധിപത്യം തുടർന്ന് ഇന്ത്യ. ഇന്നലെ പാക്കിസ്ഥാനെ ഇന്ത്യ ഏഴു വിക്കറ്റിനു തകർത്തപ്പോൾ അത് ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ എട്ടാമത്തെ ജയമായിരുന്നു. 1992 മുതലാണ് ഇരു അയൽരാജ്യങ്ങളും ലോകകപ്പിൽ നേർക്കുനേർ വന്നു തുടങ്ങിയത്. അന്നു മുതൽ ഇന്നുവരെ ഇന്ത്യക്കെതിരേ ഒരു ജയമെന്ന പാക്കിസ്ഥാന്റെ മോഹം തകരുകയാണ്. ഇന്ത്യൻ ബൗളർമാരുടെ പ്രകടനം അവസരത്തിനൊത്ത് ഉയർന്നതും പാക്കിസ്ഥാൻ ബാറ്റിംഗ് നിര അപ്രതീക്ഷിതമായി തകർന്നതുമാണ് ഇത്തവണ കണ്ടത്. ഇന്നലെ ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ലൈനപ്പിലെ ആദ്യ നാലു പേരും 20 റണ്‍സിനുമേൽ സ്കോർ ചെയ്താണ് ക്രീസ് വിട്ടത്. ഏകദിന ലോകകപ്പിന്റെ ചരിത്രമെടുത്താൽ മുന്‍പൊരിക്കലും ഇന്ത്യക്കെതിരേ പാക്കിസ്ഥാന്റെ മുൻനിര 20 കടന്നിട്ടില്ല.
Source link