ഒളിന്പിക്സിൽ ക്രിക്കറ്റ്
മുംബൈ: ഒളിന്പിക്സ് വേദിയിൽ ഇനി ക്രിക്കറ്റിനും സ്ഥാനം. നൂറ്റാണ്ടിനു ശേഷമാണ് ഒളിന്പിക് വേദിയിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത്. 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടെ നാല് കായിക ഇനങ്ങൾക്ക് പ്രവേശനം നൽകി. ഫ്ളാഗ് ഫുട്ബോൾ, ബെയ്സ്ബോൾ, സോഫ്റ്റ്ബോൾ മത്സരങ്ങളും ക്രിക്കറ്റിനൊപ്പം 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സ് വേദിയിൽ അരങ്ങേറും. ഞായറാഴ്ച മുംബൈയിൽ ആരംഭിക്കുന്ന 141-ാം ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി (ഐഒസി)യിൽ ഇക്കാര്യങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 1900-നുശേഷം ഇതാദ്യമായാണ് ഒളിന്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുന്നത്. ഇംഗ്ലണ്ട്, ഫ്രാൻസ് പുരുഷ ടീമുകൾ മാത്രമേ അന്ന് ഒളിന്പിക്സ് ക്രിക്കറ്റിൽ പങ്കെടുത്തുള്ളൂ. ഇരുടീമും തമ്മിൽ സ്വർണമെഡൽ പോരാട്ടം മാത്രമായി ഒരൊറ്റ മത്സരമാണ് അരങ്ങേറിയത്.
2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ പുരുഷ-വനിതാ വിഭാഗത്തിൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടമാണ് നടക്കുക. ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾക്ക് ക്രിക്കറ്റിൽ ഒളിന്പിക്സ് മെഡൽ നേടാനുള്ള അവസരമാണ് ഇതോടെ തുറന്നിരിക്കുന്നത്. ചൈനയിൽ കഴിഞ്ഞ ദിവസം സമാപിച്ച 19-ാം ഏഷ്യൻ ഗെയിംസിൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ സ്വർണം നേടിയിരുന്നു.
Source link