മുംബൈ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ആദ്യ പരീക്ഷണത്തിന് ഇന്ത്യ നാളെയിറങ്ങും. കരുത്തരായ ഓസ്ട്രേലിയയാണ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എതിരാളി. ഇരുരാജ്യങ്ങളും തമ്മിലുള്ള 150-ാമത് ഏകദിന മത്സരമാകുമിത്. ഇതുവരെ കളിച്ച മത്സരങ്ങളിൽ 83 തവണ ഓസീസും 56 വട്ടം ഇന്ത്യയും വിജയിച്ചു. 10 മത്സരങ്ങളിൽ ഫലമുണ്ടായില്ല. പ്രതീക്ഷയോടെ… ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരങ്ങൾക്കായി ഇന്ത്യ വടക്കുകിഴക്കൻ നഗരമായ ഗോഹട്ടിയിലേക്കും ദക്ഷിണേന്ത്യൻ നഗരമായ തിരുവനന്തപുരത്തേക്കും സഞ്ചരിച്ചിരുന്നു. എന്നാൽ, മഴയെത്തുടർന്ന് ഒരു സന്നാഹംപോലും കളിക്കാൻ കഴിഞ്ഞില്ല. ആ ദിവസങ്ങളിൽ വിശ്രമം ലഭിച്ചത് ടീമിനു ഗുണകരമാകുമെന്നാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പ്രതീക്ഷ. അടുത്തിടെ നടന്ന ഏകദിന പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ഇന്ത്യയോടു പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയ ഇപ്പോഴും കിരീടസാധ്യതയിൽ ഏറെ മുന്നിലാണ്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത് എന്നിവരുടെ ബാറ്റിംഗ് കരുത്തിനൊപ്പം പേസ് നിരയും ഗ്ലെൻ മാക്സ്വെല്ലിന്റെ ഓൾറൗണ്ട് മികവും ചേരുന്നതോടെ ഓസ്ട്രേലിയ പതിന്മടങ്ങ് കരുത്താർജിക്കും.
ഗിൽ പ്രഹരം മത്സരത്തിനു മുന്‍പുതന്നെ ഇന്ത്യക്കു വൻ തിരിച്ചടി നൽകി ഓപ്പണർ ശുഭ്മൻ ഗില്ലിനു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നാളെ ഓസ്ട്രേലിയയ്ക്കെതിരേ ഗിൽ കളിക്കാൻ സാധ്യതയില്ല. താരത്തിനു പത്തു ദിവസംവരെ വിശ്രമം വേണ്ടിവരുമെന്നാണു റിപ്പോർട്ടുകൾ. അങ്ങനെവന്നാൽ, ക്യാപ്റ്റൻ രോഹിത് ശർമയോടൊപ്പം ഓപ്പണറായി ഇഷാൻ കിഷൻ ഇറങ്ങും. കെ.എൽ. രാഹുലിനെ ഓപ്പണിംഗിൽ ഇറക്കുന്ന കാര്യവും ബിസിസിഐ ആലോചിക്കുന്നുണ്ട്. ഈ വർഷം ആദ്യം ന്യൂസിലൻഡിനെതിരേ ഡബിൾ സെഞ്ചുറി നേടിയ ഗിൽ ഏകദിനത്തിൽ തകർപ്പൻ ഫോമിലാണ്. 302 റണ്‍സുമായി ശ്രീലങ്കയിൽ നടന്ന ഏഷ്യാകപ്പിലും തിളങ്ങി. ഈ വർഷം അഞ്ച് സെഞ്ചുറികളും അഞ്ച് അർധ സെഞ്ചുറികളുമടക്കം 72.35 ശരാശരിയിൽ 1230 റണ്‍സാണ് ഗില്ലിന്റെ അക്കൗണ്ടിലുള്ളത്. അവസാനം കളിച്ച നാല് ഏകദിനങ്ങളിൽ ഗിൽ രണ്ട് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും നേടിയിരുന്നു. ലോകകപ്പ് കിരീടം ലക്ഷ്യംവയ്ക്കുന്ന ഇന്ത്യക്കു പരിക്ക് ഭീഷണിയാണ്. ജസ്പ്രീത് ബുംറ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ പരിക്ക് ഭേദമായശേഷമാണു ലോകകപ്പിനായി ടീമിൽ ചേർന്നത്. ഏഷ്യാകപ്പിനിടെ അക്സർ പട്ടേലിനു പരിക്കേറ്റതോടെ, വെറ്ററൻ സ്പിന്നർ ആർ. അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Source link