പാക്കിസ്ഥാന് തകർപ്പൻ ജയം
ഹൈദരാബാദ്: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനു വിജയത്തുടക്കം. 81 റണ്‍സിന് പാക്കിസ്ഥാൻ നെതർലൻഡ്സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 41 ഓവറിൽ 205 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. അർധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാൻ (68), സൗദ് ഷക്കീൽ (68) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് പാക്കിസ്ഥാനു ജയമൊരുക്കിയത്. സൗദ് ഷക്കീലാണ് കളിയിലെ താരം. ടോസ് നേടിയ നെതർലൻഡ്സ് പാക്കിസ്ഥാനെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. തുടക്കത്തിൽ പാക്കിസ്ഥാനെ വിഷമിപ്പിക്കാൻ നെതർലൻഡ്സിനായി. വെറും 38 റണ്‍സെടുക്കുന്നതിനിടെ പാക്കിസ്ഥാന്റെ മൂന്നു മുൻനിര വിക്കറ്റുകളാണു നിലംപൊത്തിയത്. ഫഖർ സമാൻ (12), ഇമാം ഉൾ ഹഖ് (15), ബാബർ അസം (5) എന്നിവർ വേഗത്തിൽ പുറത്തായി. ഇതോടെ പാക് പട അപകടം മണത്തു. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേർന്ന് പാക് ടീമിനെ രക്ഷിച്ചു. നാലാം വിക്കറ്റിൽ സൗദും റിസ്വാനും ചേർന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സൗദിനെ പുറത്താക്കി ആര്യൻ ദത്താണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 52 പന്തിൽ 68 റണ്‍സെടുത്ത സൗദിനെ ആര്യൻ സാഖിബ് സുൽഫിഖറിന്റെ കൈയിലെത്തിച്ചു. പിന്നാലെ റിസ്വാനും (68) പുറത്തായി. പിന്നാലെ വന്ന ഇഫ്തിഖർ അഹമ്മദും (9) നിരാശപ്പെടുത്തിയതോടെ പാകിസ്ഥാൻ ആറിന് 188 എന്ന സ്കോറിലേക്കു വീണു. എന്നാൽ ഏഴാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് നവാസും ഷദാബ് ഖാനും ചേർന്നു ടീമിനെ വീണ്ടും കരകയറ്റി. ഇരുവരും ചേർന്ന് ടീം സ്കോർ 250 കടത്തി. 32 റണ്‍സെടുത്ത് ഖാനെ പുറത്താക്കി ഡി ലീഡ് ഈ കൂട്ടുകെട്ട് തകർത്തു. പിന്നാലെ വന്ന ഹസൻ അലിയെ തൊട്ടടുത്ത പന്തിൽ ഡി ലീഡ് പുറത്താക്കി. മുഹമ്മദ് നവാസ് (39) റണ്‍ ഒൗട്ടായതോടെ പാകിസ്ഥാന്റെ പോരാട്ടം തണുത്തു. അവസാന വിക്കറ്റിൽ ഷഹീൻ അഫ്രീദിയും (13 നോട്ടൗട്ട്) ഹാരിസ് റൗഫും (16) ചേർന്നാണ് ടീം സ്കോർ 280 കടത്തിയത്. നെതർലൻഡ്സിനുവേണ്ടി ബാസ് ഡി ലീഡ് നാലുവിക്കറ്റും കോളിൻ അക്കർമാൻ രണ്ടും വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ നെതർലൻഡ്സിന് 50 റണ്‍സ് എടുക്കുന്പോൾ രണ്ടു വിക്കറ്റ് നഷ്ടമായി. വിക്രംജിത് സിംഗും ബാസ് ഡീ ലീഡും ചേർന്നുള്ള 70 റണ്‍സ് കൂട്ടുകെട്ട് നെതർലൻഡ്സിന് പ്രതീക്ഷ നൽകി. എന്നാൽ, വിക്രംജിത്തിനെ (52) ഫഖർ സമാന്റെ കൈകളിലെത്തിച്ച് ഷദാബ് ഖാൻ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിവരിൽ ആർക്കും ഡീ ലീഡിനൊപ്പം നെതർലൻഡ്സിനായി മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായില്ല. ഇതോടെ ഓറഞ്ചുപടയുടെ അട്ടിമറി പ്രതീക്ഷകൾ അസ്ഥാനത്തായി. വാൻ ബീക്ക് (28) പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി ഹാരിസ് റൗഫ് മൂന്നും ഹസൻ അലി രണ്ടും വിക്കറ്റ് നേടി. സ്കോര്‍ ബോര്‍ഡ് പാക്കിസ്ഥാൻ 286/10 (49) മുഹമ്മദ് റിസ്വാൻ 68 (75) സൗദ് ഷക്കീൽ 68(52) ബാസ് ഡീ ലീഡ് 4/62 അക്കർമാൻ 2/39 നെതർലൻഡ്സ് 205/10 (41) ബാസ് ഡീ ലീഡ് 67 (68) വിക്രംജിത് സിംഗ് 52 (67) ഹാരിസ് റൗഫ് 3/43 ഹസൻ അലി 2/33
Source link